ശനിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തും പെരുമ്പാവൂരും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും ഒരേ സമയം നടത്തിയ റെയ്ഡില്‍ എന്‍ഐഎ ഒമ്പത് പേരെ അറസ്റ്റ് ചെയ്യുന്നത്. പാക്കിസ്ഥാന് കേന്ദ്രമാക്കിയുള്ള ഭീകര സംഘടനയായ അല്‍-ക്വയ്ദയുടെ പ്രവര്‍ത്തകരാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ഉദ്ദേശം എന്നുമാണ് പിന്നീട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എന്‍ഐഎ പറയുന്നത്. എന്‍ഐഎ അറസ്റ്റ് ചെയ്ത ബംഗാള്‍ സ്വദേശികളും കേരളത്തില്‍ ജോലി ചെയ്യുന്നവരുമായ മൂന്നു പേരില്‍ ഉള്‍പ്പെട്ട യാക്കൂബ് ബിശ്വാസ് കഴിഞ്ഞ മൂന്നു മാസമായി പെരുമ്പാവൂരിലെ ഒരു പൊറോട്ട നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു. ആര്‍ക്കും സംശയ തോന്നിക്കാത്ത പെരുമാറ്റമായിരുന്നു യാക്കൂബിന്റെതെന്നാണ് പൊറോട്ട നിര്‍മാണ യൂണിറ്റിന്റെ ഉടമയായ ഹാരീസ് ഇ.സി അഴിമുഖത്തോട് പറയുന്നത്. നന്നായി ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്, മറ്റ് പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടുമില്ലെന്നും ഹാരീസ് പറയുന്നു.
കഴിഞ്ഞ മൂന്നു മാസമായിട്ടു യാക്കൂബ് ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് ഹാരീസ് പറയുന്നത്. "ലോക്ഡൗണ്‍ സമയത്താണ് ഇയാള്‍ എന്നെ വിളിക്കുന്നത്, പണിയുണ്ടോയെന്നു ചോദിച്ചാണ് വിളിച്ചത്. ഒന്നരക്കൊല്ലം മുമ്പ് യാക്കൂബ് എന്റെ കടയില്‍ ജോലിക്ക് നിന്നിട്ടുണ്ടായിരുന്നു. അന്നയാള്‍ മൂന്നുമാസത്തോളം ഇവിടെ ഉണ്ടായിരുന്നു. മറ്റെവിടെയോ കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലി ശരിയായിട്ടുണ്ടെന്നും പറഞ്ഞായിരുന്നു അന്നിവിടെ നിന്നും പോയത്. അവിടെ ജോലിക്ക് നിന്നശേഷം നാട്ടില്‍ പോയെന്നും വീണ്ടും കേരളത്തിലേക്ക് തിരിച്ചുവന്നെന്നുമാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്", ഹാരീസ് പറയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി പൊറോട്ടയുടെ ബിസിനസ് ചെയ്യുന്നയാളാണ് ഹാരീസ്. പെരുമ്പാവൂരില്‍ പത്തിപ്പാലത്തായിരുന്നു ആദ്യം സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നുമാസമായി പത്തിപാലത്ത് നിന്നും കണ്ടന്തറയ്ക്കു പോകുന്ന റൂട്ടിലേക്ക് മാറ്റി. ഇതിനു സമീപത്തായി തന്നെയാണ് ഹാരീസിന്റെ വീടും. ഹോട്ടലുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും പൊറോട്ട ഉണ്ടാക്കി നല്‍കുകയാണ് ഹാരീസ് ചെയ്യുന്നത്. തുടക്കത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു ജോലിക്കാര്‍. എന്നാല്‍, ഇവര്‍ ഒരു മാസം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത് കൊണ്ടാണ് ഉത്തരേന്ത്യന്‍ തൊഴിലാളികളെ തേടുന്നത്. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ആറും ഏഴും മാസം കൂടുമ്പോള്‍ മാത്രമെ നാട്ടില്‍ പോകാറുള്ളൂ എന്നാണ് ഹാരീസ് പറയുന്നത്. പിടിയിലായ യാക്കൂബിനെ കൂടാതെ മറ്റൊരു ഉത്തരേന്ത്യന്‍ തൊഴിലാളി കൂടി ഹാരീസിന്റെ ജീവനക്കാരായി ഉണ്ടായിരുന്നു.
"ലോക്ഡൗണ്‍ വന്നതോടെ എന്റെ പണിക്കാരില്‍ ഒരാള്‍ നാട്ടിലേക്ക് പോയി. പകരം ഒരാളെ തിരക്കിക്കൊണ്ടിരിക്കുകയായിരുന്നു. പണിയുണ്ടോയെന്നു ചോദിച്ച് പലരും വിളിക്കാറുണ്ട്. അങ്ങനെയാണ് ഇയാളും വിളിച്ചത്. ആളെ ആവശ്യമുണ്ടായിരുന്നുതുകൊണ്ട് വരാന്‍ പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചിട്ടാണ് ഞാന്‍ ജോലിക്ക് നിര്‍ത്തുന്നത്. മുര്‍ഷിദാബാദിലാണ് വീട്. കല്യാണം കഴിച്ചതാണെന്നും ഒരു കുട്ടിയുണ്ടെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. നാട്ടില്‍ കുറച്ച് കടമുണ്ടെന്നും അത് വീട്ടണമെന്നും പറഞ്ഞിരുന്നു. സംസാരവും കാര്യങ്ങളുമൊക്കെ പക്ക നീറ്റ് ആയിരുന്നു'", ഹാരീസിന്റെ വാക്കുകള്‍.
പൊറോട്ട യൂണിറ്റിന്റെ പിന്നില്‍ തന്നെയായിരുന്നു യാക്കൂബും സഹ തൊഴിലാളിയും താമസിച്ചിരുന്നതെന്നാണ് ഹാരീസ് പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് പൊറോട്ട ഉണ്ടാക്കാന്‍ തുടങ്ങും, രാവിലെ പത്തു മണിവരെ അത് തുടരും. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങി വൈകിട്ട് അഞ്ച് വരെയും ജോലിയുണ്ടാകും. ബാക്കി സമയങ്ങളില്‍ തൊഴിലാളികള്‍ റൂമില്‍ പോയി ഉറങ്ങുകയാണ് പതിവെന്നാണ് ഹാരീസ് പറയുന്നത്. ഞായറാഴ്ച്ച മാത്രമാണ് ഇവര്‍ പുറത്തേക്ക് പോകുന്നതെന്നും ഹാരീസ് പറയുന്നു.
വെള്ളിയാഴ്ച്ചയും പതിവുപോലെ ജോലി ചെയ്തിരുന്നയാളായിരുന്നു യാക്കൂബ് എന്ന് ഹരീസ് പറയുന്നു. "ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് എനിക്കൊരു ഫോണ്‍ വരുന്നത്. ഡിവൈഎസ്പി ഓഫിസില്‍ നിന്നാണെന്നും കട വരെ ഒന്നു വരണമെന്നും പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ സാറുമ്മാര് അവിടെയുണ്ട്. അവനെ പിടിച്ചു വച്ചിട്ടുണ്ട്. അവന് പൊറോട്ടയുടെ പണിയാന്‍ വേണ്ടി നില്‍ക്കുമ്പോഴായിരുന്നു സാറമ്മാര് നേരെ കേറി വന്ന് പിടികൂടുന്നത്. രണ്ട് മണിക്ക് അവര്‍ വന്നെന്നാണ് എന്നോട് പറഞ്ഞത്. നാളെ സ്റ്റേഷന് വരെ വരണമെന്നും ഇവനെ ഇങ്ങനെയൊരു വിഷയമുള്ളതുകൊണ്ട് കൊണ്ടുപോവുകയാണെന്നും എന്നോടു പറഞ്ഞു. എന്റെ സ്റ്റേറ്റ്മെന്റ് എടുത്തിട്ടുണ്ട്".
യാക്കൂബ് താമസിച്ചിരുന്ന റൂമില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നുവെന്നു ഹാരീസ് പറഞ്ഞു. "ഞാന്‍ അവരുടെ റൂമില്‍ പോയിട്ടുണ്ട്. നല്ല നീറ്റാക്കിയാണ് വച്ചിരുന്നത്. സാറമ്മാര്‍ക്കും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. അവന്റെയൊരു ബാഗ് ഉണ്ടായിരുന്നു. അത് കൊണ്ടു പോയിട്ടുണ്ട്", ഹാരിസ് കൂട്ടിച്ചേര്‍ത്തു.