TopTop

Exclusive: പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഊരുവിലക്കി; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍

Exclusive: പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഊരുവിലക്കി; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭരണഘടനാ വിരുദ്ധമായ കടുത്ത അനാചാരമായ ഊരുവിലക്ക് വീണ്ടും കേരളത്തിൽ. സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഊരുകൂട്ടം ചേർന്ന് പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചു ദേശീയ തലത്തിൽ ശ്രദ്ധ നേടിയ പി വി ചിന്നത്തമ്പി, പി കെ മുരളീധരൻ എന്നിവർക്കെതിരെയാണ് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാറിൽ നിന്നും പതിനെട്ടു കിലോമീറ്ററുകൾ കാട്ടിലൂടെ നടന്നു മാത്രം എത്തിച്ചേരാവുന്ന ഇടമലക്കുടിയിലെ ഇരുപ്പുകൽക്കുടിയിൽ ചായക്കട നടത്തുന്നയാളാണ് ചിന്നത്തമ്പി. അതെ പ്രദേശത്തെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനാണ് പി കെ മുരളീധരൻ. ചിന്നത്തമ്പി മുതുവാൻ സമുദായ അംഗമാണ് എങ്കിൽ, ഇടമലക്കുടിയിൽ ആ സമൂഹത്തിനു പുറത്തുനിന്നുള്ള ഏക ആദിവാസി വിഭാഗക്കാരനാണ് മുരളീധരൻ.

മുരളീധരൻ രചിക്കുകയും രണ്ടായിരത്തി പതിനാലിൽ കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുകയും ചെയ്ത `ഇടമലക്കുടി ഊരും പൊരുളും' എന്ന പുസ്തകത്തിൽ മുതുവാൻ സമൂഹത്തിന് അപമാനകരമായ ചില പരാമർശങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന നുണപ്രചാരണത്തിനൊടുവിലാണ് ഊരുവിലക്ക് ഉണ്ടായതെന്ന് ഇരുവരും പറയുന്നു. പുറമെനിന്നുള്ള നിക്ഷിപ്ത താത്പര്യക്കാർ നടത്തിയ പ്രചാരണത്തിൽ പുസ്തകം വായിക്കാത്ത ആദിവാസികൾ വീണുപോവുകയായിരുന്നു എന്നും അവർ ആരോപിക്കുന്നു. പുസ്തകം എഴുതാൻ മുരളീധരന് വിവരങ്ങൾ നൽകി എന്നതാണ് ചിന്നത്തമ്പിയ്ക്കു എതിരെയുള്ള ആരോപണം. മുതുവാൻ സമൂഹത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകത്തിൽ അവർക്കു അപമാനകരമായ ഒന്നും ഇല്ലെന്നും ചില ആചാരങ്ങളെ വസ്തുതാപരമായി പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നും മുരളീധരൻ പറയുന്നു.

ചിന്നത്തമ്പിയുടെ ഭാര്യയും രണ്ടു മക്കളും ഊരുവിലക്ക് നേരിടുകയാണ്. ഇടമലക്കുടിക്കായി മൂന്നു ദശകമായി ജീവിതം ഉഴുന്നു വച്ച മാങ്കുളം സ്വദേശിയായ മുരളീധരന്റെ ഭാര്യ മരണപ്പെടുന്നത് ഇടമലക്കുടിയിൽ മറ്റൊരു ഏകാധ്യാപക വിദ്ധ്യാലയത്തിൽ ജോലിയിൽ ഇരിക്കെ പ്രതികൂല കാലാവസ്ഥയിൽ രോഗം മൂർച്ഛിച്ചാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കൾ മാങ്കുളത്ത് മറ്റ് കുടുംബക്കാർക്കു ഒപ്പം താമസിക്കുകയാണ്.

"ചിന്നത്തമ്പിയുടെ കാര്യമാണ് കഷ്ടം. പോകാൻ വേറെ ഇടമില്ല. മരിച്ചാൽ ശവസംസ്‌കാരം പോലും ഇടമലക്കുടിക്കാർ നടത്തില്ല. ദാഹിച്ചാൽ വെള്ളവും കൊടുക്കില്ല. ഊര് വിലക്കിയാൽ ശിക്ഷ കടുത്തതാണ്. ആ കുടുംബം മൊത്തം പേടിയിലാണ്,'' മുരളീധരൻ അഴിമുഖത്തോടു പറഞ്ഞു. തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തു എത്തിയ ഇരുവരും മുഖ്യമന്ത്രി, പട്ടിക വർഗ ക്ഷേമ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെ കാണാനുള്ള ശ്രമത്തിലാണ്. ഊരുവിലക്ക് ഏർപ്പെടുത്തിയ യോഗത്തിലെ അധ്യക്ഷനായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റ് ഗോവിന്ദ രാജിനെതിരെ നടപടി ആവശ്യപ്പെട്ടു തദ്ദേശ സ്വയം ഭരണ മന്ത്രിയേയും കാണും. ഊര് വിലക്ക് ഇനി കേരളത്തിലുണ്ടാകരുത് എന്നവർ അഴിമുഖത്തോട് പറഞ്ഞു. നുണ പ്രചാരണം നടത്തിയത് ഗ്രാമത്തിലെ ചില ആദിവാസികളല്ലാത്ത അധ്യാപകരും കരാറുകാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണ്.
ഒരു സത്യവുമിതിലില്ല.

രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തിയ ആദ്യ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ ഇരുവരും വിശദമായി പരാമർശിക്കപ്പെട്ടിരുന്നു. ഇവർ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വിദൂരസ്ഥമായ കാനന ലൈബ്രറി എങ്ങനെ മുതുവാൻമാരുടെ ജീവിതങ്ങളിൽ വെളിച്ചമായി എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മാഗ്സസേ അവാർഡ് ജേതാവായ വിഖ്യാത പത്രപ്രവർത്തകൻ പി സായ്നാഥ് ഇടമലക്കുടി സന്ദർശിച്ച് ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാകാരിക മേഖലകളിൽ ഇവർ ആദിവാസികൾക്കായി നടത്തിയ ഇടപെടലുകളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. വൈകാരിക ബന്ധമുള്ള സമൂഹം തള്ളിപ്പറഞ്ഞതിന്റെെ ഷോക്കിലാണ് ഇരുവരും. ഇടമലക്കുടിയിൽ മുൻപ് ഊരുവിലക്ക് നേരിട്ടവർക്കെല്ലാം ക്രൂരമായ അവസ്ഥയിലൂടെ മരണം വരെ കടന്നു പോകേണ്ടി വന്നിരുന്നു. ഇവിടെ തങ്ങൾ ഒടുവിൽ വരെ പൊരുതി സ്വന്തം ജനതയുടെ വിശ്വാസം തിരിച്ച് പിടിക്കുമെന്ന് ഇരുവരും പറയുന്നു. മുഖ്യമന്ത്രി ഇടപെടുമെന്നാണ് അവരുടെ പ്രതീക്ഷ.


Next Story

Related Stories