TopTop

മലയാളി നഴ്സിനെ ബാധിച്ചത് വുഹാൻ കൊറോണയല്ല; ആശങ്ക വേണ്ടെന്ന് സൗദി

മലയാളി നഴ്സിനെ ബാധിച്ചത് വുഹാൻ കൊറോണയല്ല; ആശങ്ക വേണ്ടെന്ന് സൗദി

മലയാളി നഴ്സിന് കൊറോണ വൈറസ് ബാധയുണ്ടായെന്ന റിപ്പോർട്ട് സൗദി ആരോഗ്യമന്ത്രാലയം തള്ളി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി അറിയിച്ചു. മലയാളി നഴ്സിനെ ബാധിച്ചത് 'മെർസ്' രോഗമാണെന്നും ഇത് ഗുരതരമല്ലെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു.

മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് എന്നറിയപ്പെടുന്ന വൈറസ് കൊറോണ വിഭാഗത്തിൽ പെട്ടതു തന്നെയാണ്. എന്നാൽ ഇത് ചൈനയിൽ നിന്നും പടർന്ന പുതിയ ഇനം കൊറോണ വൈറസ്സല്ല.

ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്സിനെ ബാധിച്ചതെന്ന് കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്തിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിക്കുന്നു.

മെർസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പൈൻ സ്വദേശിയെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് രോഗം ഇവരെയും ബാധിച്ചത്.

ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്ന് തെളിഞ്ഞു. മറ്റ് മലയാളി നഴ്സുമാർക്കും രോഗബാധയില്ല.

അബഹയിലാണ് മലയാളികളെ കൊറോണ വൈറസ് ബാധിച്ചെന്ന റിപ്പോർട്ടുകൾ വന്നത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും കൂടെയുള്ളവർക്ക് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നു. ഇവരെ മെച്ചപ്പെട്ട ചികിൽസയ്ക്കായി അസീർ സെൻട്രല്‍ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നു.

സസ്തനികളായ മൃഗങ്ങളിലും പക്ഷികളും കണ്ടുവരാറുള്ള വൈറസ്സാണ് കൊറോണ വൈറസ് എന്നറിയപ്പെട്ടിരുന്നത്. വളരെ അപൂർവ്വമായി മനുഷ്യരെയും ഈ രോഗം ബാധിച്ചിരുന്നു. ഈ വൈറസ്സിനെതിരെ വാക്സിനുകളോ മരുന്നുകളോ നിലവിലില്ല. ഇതേ വൈറസ്സിന്റെ ഒരു പുതിയ രൂപത്തെയാണ് ഇപ്പോൾ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. വുഹാൻ എന്ന പ്രദേശത്ത് കണ്ടെത്തിയതിനാൽ വുഹാൻ ഫ്ലൂ എന്നും വുഹാൻ സീഫുഡ് മാർക്കറ്റ് ന്യൂമോണിയ വൈറസ് എന്നുമെല്ലാം ഈ രോഗം അറിയപ്പെടുന്നുണ്ട്. അതായത് കൊറോണ വൈറസ് കുടുംബത്തിൽ പെട്ട പുതിയൊരു വൈറസ്സാണ് മനുഷ്യരെ ബാധിച്ചിരിക്കുന്നത്. നേരത്തെ തന്നെ ആറോളം കൊറോണ വൈറസ്സുകൾ മനുഷ്യനെ ബാധിക്കുന്നതായി നിലവിലുണ്ട്. ഇപ്പോഴത്തേതും കൂടിയാകുന്നതോടെ ഇവയുടെ എണ്ണം ഏഴായി.


Next Story

Related Stories