TopTop
Begin typing your search above and press return to search.

വിസി നിയമനത്തിനെതിരെ വെള്ളാപ്പള്ളി, പിന്നാക്ക വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നും ആട്ടിയകറ്റുന്ന പതിവ് ആവര്‍ത്തിച്ചു

വിസി നിയമനത്തിനെതിരെ വെള്ളാപ്പള്ളി, പിന്നാക്ക വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നും ആട്ടിയകറ്റുന്ന പതിവ് ആവര്‍ത്തിച്ചു

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലെ വിസി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നായിരുന്നു സര്‍വകലാശാല വിഷയത്തില്‍ വെള്ളാപ്പള്ളി സ്വീകരിച്ച നിലപാട്. എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഓപ്പണ്‍ സര്‍വകലാശാലയുടെ മേധാവിയായി ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നു ആട്ടിയകറ്റുന്ന പതിവാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സര്‍വകലാശാല സ്ഥാപിക്കപ്പെട്ട ഉദ്ദേശത്തിന്റെ തന്നെ ശോഭ കെടുത്തുന്നതായിരുന്നു പിന്നീട് നടത്തിയ നിയമനങ്ങള്‍. തിരുവനന്തപുരത്തെ ഗുരുേദവ പ്രതിമ, സര്‍വകലാശാല എന്നീ പ്രഖ്യാപനങ്ങള്‍ സമുദായത്തെയും പൊതുസമൂഹത്തെയും ഏറെ ആഹ്ലാദിച്ചതാണ്. നിയമനം വന്നപ്പോള്‍ അതു സമുദായത്തെ ആകെ നിരാശപ്പെടുത്തി. ഇത്തരം നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.

വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെയും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ ആയി ശ്രീനാരായണീയനെ നിയമിക്കാതെ മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. നവോത്ഥാനം മുദ്രാവാക്യമായി കൊണ്ടു നടക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു.

വിസി സ്ഥാനത്ത് ശ്രീനാരായണീയനെ നിയമിക്കാന്‍ എന്തായിരുന്നു തടസം. മലബാറില്‍ താമസിക്കുകയും പ്രവാസിയായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് വിസിയാക്കാന്‍ എന്തിനായിരുന്നു കെടി ജലീലിന് വാശിയെന്നും അദ്ദേഹം ചോദിച്ചു. ജലീലിന്റെ വാശിക്കു സര്‍ക്കാര്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. ഇപ്പോഴുണ്ടായത് പുത്തരിയില്‍ കല്ലു കടിച്ചതിന് സമാനമാണ്. ഇതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങിലേക്ക് എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട് ഫറൂഖ് കോളെജിലെ മുന്‍ ചരിത്ര അധ്യാപകനും പ്രിന്‍സിപ്പലുമായ ഡോ. പിഎം മുബാറക് പാഷയെയാണ് സര്‍ക്കാര്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വിസി സ്ഥാനത്തേക്ക് നിയോഗിച്ചത്. നിലവില്‍ ഓമാന്‍ സര്‍വകലാശാലയിലെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. നിയമനം സംബന്ധിച്ച തീരുമാനത്തിന് പിന്നാലെ സര്‍വകലാശാല വിസി, പ്രോ വി.സി, രജിസ്ട്രാര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുജിസി, സര്‍വകലാശാല ചട്ടങ്ങള്‍ലംഘിച്ചുകൊണ്ട് വേണ്ട യോഗ്യത ഇല്ലാത്തവരെ നിയമിച്ചു എന്നാണ് ആക്ഷേപം. നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.


Next Story

Related Stories