എഴുതാന്‍ ഏറെ പരീക്ഷകള്‍. കേരള, മഹാത്മാ ഗാന്ധി, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോളേജ് വിദ്യാഭ്യാസം പ്രതിസന്ധിയിലായതിനൊപ്പം പരീക്ഷകളുടെ നടത്തിപ്പില്‍ തീരുമാനമാവാത്തതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
പരീക്ഷ 'പേടി'
സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളില്‍ പലയിടത്തും രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയിട്ടില്ല. നടത്തിയ പരീക്ഷകളുടെ ഫലങ്ങളും വരാനുണ്ട്. എല്ലാ പരീക്ഷകളും ഒന്നിച്ച് വന്നാല്‍ എങ്ങനെ തങ്ങള്‍ എഴുതുമെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. കേരള യൂണിവേഴ്സിറ്റ് നാലാം വര്‍ഷ വിദ്യാര്‍ഥിയായ മോനിഷ പി.പി പറയുന്നത്, "നാലാം സെമസ്റ്റര്‍ തുടങ്ങി. എന്നാല്‍ രണ്ട്, മൂന്ന് സെമസ്റ്ററുകളുടെ പരീക്ഷ ബാക്കി നില്ക്കുന്നു. രണ്ട് മാസങ്ങളായി പരീക്ഷകള്‍ ഉണ്ടാവും എന്ന് അധ്യാപകര്‍ പറയുന്നതല്ലാതെ ഒരു പരീക്ഷയുടേയും അറിയിപ്പ് വന്നിട്ടില്ല. എല്ലാ പരീക്ഷയും ഒന്നിച്ച് എഴുതേണ്ടി വന്നാല്‍ ഞങ്ങളില്‍ പലരും ജയിക്കുക തന്നെ പ്രയാസമാണ്. ഇപ്പോഴത്തെ സെമസ്റ്ററിലെ വര്‍ക്കുകളും പഠനവും മുന്നോട്ട് കൊണ്ട് പോവുന്നതിനിടയില്‍ മറ്റ് രണ്ട് സെമസ്റ്ററുകളുടേയും പരീക്ഷകള്‍ ഒന്നിച്ച് വന്നാല്‍ അത് ഓവര്‍ ലോഡാണ്", എന്നാണ്.
മറ്റ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി അദ്നാന് അഞ്ചാം സെമസ്റ്റര്‍ സുവോളജി വിദ്യാര്‍ഥിയാണ്. രണ്ട് സെമസ്റ്ററുകളുടെ പരീക്ഷാ ഫലം മാത്രമാണ് വന്നിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ അവസാന സെമസ്റ്റര്‍ ആരംഭിക്കും. എന്നാല്‍ നാലാം സെമസ്റ്റര്‍ പരീക്ഷ പോലും നടന്നിട്ടില്ല. "അവസാന സെമസ്റ്റര്‍ ആയതിനാല്‍ കോര്‍ സബ്ജക്ടില്‍ കുറേ വര്‍ക്കുകള്‍ ഉണ്ടാവും. പഠിക്കാനും ധാരാളമുണ്ടാവും. കോവിഡിന്റെ സാഹചര്യം ആണെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന സമീപനം യൂണിവേഴ്സിറ്റി മാറ്റണം. പരീക്ഷകള്‍ ഒന്നും വേണ്ട എന്നു വച്ചിട്ടില്ല. സിലബസ് വെട്ടിച്ചുരുക്കിയിട്ടില്ല. ലാബ് പരീക്ഷകള്‍ പോലും മാറ്റിവച്ചിട്ടില്ല. അധ്യാപകരോട് ചോദിക്കുമ്പോള്‍ അവര്‍ക്കും ഇത് സംബന്ധിച്ച് കാര്യമായ അറിവില്ല".
യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലെ കോളേജുകളില്‍ ഈ പ്രതിസന്ധി നിലനില്ക്കുമ്പോള് സ്വയംഭരണ കോളേജുകളില്‍ ചിലതിലെങ്കിലും പരീക്ഷകള്‍ ക്രമ പ്രകാരം നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സിലബസ് വെട്ടിക്കുറച്ചും മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയും സ്വയംഭരണ കോളേജുകള്‍ വിദ്യാര്‍ഥികളെ സഹായിക്കുമ്പോള്‍ യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയാണ് അവതാളത്തിലാവുന്നതെന്ന് എംജി യൂണിവേഴ്സിറ്റി ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി അജയ് എന്‍ സോമന് പറയുന്നു "എറണാകുളത്ത് മാത്രമുള്ള സ്വയംഭരണ കോളേജുകളില്‍ പലയിടത്തും പരീക്ഷകള്‍ യഥാസമയം നടത്തി ഫലം പ്രസിദ്ധീകരിച്ചു. അവരോട് കൂടിയാണ് ഞങ്ങള്‍ കോംപീറ്റ് ചെയ്യേണ്ടത്. മൂന്ന്, നാല് സെമസ്റ്ററുകള്‍ പരീക്ഷ ബാക്കി നില്‍ക്കുകയാണ്".
എന്നാല്‍ പരീക്ഷ നടത്താന്‍ തീരുമാനിക്കുമ്പോള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സൗകര്യങ്ങള്‍ പ്രത്യേകം ഒരുക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നു. കോളേജ് ഹോസ്റ്റലുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കോളേജുകള്‍ ശ്രദ്ധിക്കണമെന്ന് പറയുന്ന വിദ്യാര്‍ഥികള്‍, അല്ലാത്ത പക്ഷം വീടുകള്‍ക്ക് അടുത്ത സെന്ററുകളില്‍ പരീക്ഷ എഴുതാനുള്ള അനുമതി ലഭിക്കണമെന്നും ആവശ്യപ്പെടുന്നു.
ലാബുകളില്ലാതെ സയന്‍സ് വിദ്യാര്‍ഥികള്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് കോളേജുകള്‍ അടച്ചതില്‍ പിന്നെ തുറന്നിട്ടില്ല. ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. എന്നാല്‍ ലാബുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരീക്ഷകള്‍ എങ്ങനെ എഴുതും എന്നാണ് സയന്‍സ് വിദ്യാര്‍ഥികളുടെ മറ്റൊരു ആശങ്ക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അഞ്ചാം സെമസ്റ്റര്‍ കെമിസ്ട്രി വിദ്യാര്‍ഥിയായ പവിത്ര മോഹന്‍ ആശങ്കകള്‍ വ്യക്തമാക്കുന്നു, "ലാബ് പരീക്ഷകള്‍ നടത്തില്ല എന്ന് ഇതേവരെ പറഞ്ഞിട്ടില്ല. എന്നാല്‍ സെക്കന്‍ഡ് സെമസ്റ്ററിന് ശേഷം ലാബ് ഞങ്ങള്‍ കണ്ടിട്ടുമില്ല. അപ്പോള്‍ എങ്ങനെ പരീക്ഷകള്‍ അറ്റന്‍ഡ് ചെയ്യും? അതിന് അധ്യാപകര്‍ക്ക് ഉത്തരമില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ലാബുകളെങ്കിലും ഓപ്പണ്‍ ചെയ്ത് തരണമെന്ന് ഞങ്ങള്‍ കോളേജില്‍ ആവശ്യപ്പെട്ടെങ്കിലും അത് ഇതേവരെ നടന്നിട്ടില്ല. വരുന്ന എല്ലാ പരീക്ഷകളിലും ലാബ് എക്സ്പെരിമെന്റ്സും ഉണ്ട്". കേരള യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥി വസുദേവ് പറയുന്നത് ഇങ്ങനെ: "ആറാം സെമസ്റ്ററിലാണ് ഞങ്ങള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി ലാബുകള്‍ വരുന്നത്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ മുതല്‍ തന്നെ ചെയ്ത് തുടങ്ങിയാലേ 12, 13 എക്സ്പെരിമെന്റുകള്‍ തീരൂ. ഇപ്പോള്‍ ആകെ മൂന്ന് എക്സപെരിമെന്റ് മാത്രമാണ് ചെയ്തിട്ടുള്ളത്. നാലാം സെമസ്റ്റര്‍ തുടങ്ങി. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിദ്യാര്‍ഥികള്‍ക്ക് ഇതിലേറെ ലാബുകള്‍ ആവശ്യമാണ്".
ഓണ്‍ലൈന്‍ പഠനം
സംസ്ഥാനത്തെ കോളേജുകളില്‍ എല്ലാം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സിലബസില്‍ പകുതി പോലും ക്ലാസ്സുകളായി ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. "സിലബസില്‍ പകുതി മാത്രമാണ് പലപ്പോഴും കോളേജുകളിലും അധ്യാപകര്‍ ക്ലാസ്സുകളായി തരുന്നത്. എന്നാല്‍ ബാക്കിയുള്ളത് സെമിനാര്‍ വിഷയങ്ങളായും അസൈന്മെന്റുകളായും എല്ലാം തരുന്നതിനാല്‍ സിലബസ് ഏറെക്കുറെ കവര്‍ ചെയ്ത് പോവും. എന്നാല്‍ ഇപ്പോള്‍ സെമിനാറുകള്‍ നടക്കാറില്ല. തിയറി ക്ലാസ്സുകള്‍ മാത്രമാണ് ലഭിക്കാറ്", എംജി യൂണിവേഴ്സിറ്റ് വിദ്യാര്‍ഥി റിയാസ് ഹനീഫ പറഞ്ഞു. നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം ക്ലാസ്സുകള്‍ നഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുമുണ്ട്. "ചുരുക്കത്തില്‍ 2020-ല്‍ ഡിഗ്രി പഠിച്ച വിദ്യാര്‍ഥികള്‍ ഒരു പക്ഷേ പാസ്സായേക്കും. സാഹചര്യം മനസ്സിലാക്കി വാല്യൂഷന് ലിബറല്‍ ആക്കിയേക്കും. പക്ഷെ പഠിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു വിവിരവും ഇല്ലാത്ത കുറേ വിദ്യാര്‍ഥികളായിരിക്കും പഠിച്ചിറങ്ങാന്‍ പോവുന്നത്. ട്യൂഷന് പോവാന്‍ കഴിയില്ല, ലൈബ്രറി സൗകര്യങ്ങള്‍ ഇല്ല. കിട്ടുന്ന തിയറി ക്ലാസ്സും അധ്യാപകര്‍ അയച്ച് തരുന്ന കുറച്ച് നോട്ടും അല്ലാതെ സബ്ജക്ടിനെക്കുറിച്ച് വേറൊന്നും അറിയില്ല", കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി നക്ഷത്ര എല്‍. ആശങ്ക പങ്കുവച്ചു.
അധികൃതര്‍ പറയുന്നു
മുടങ്ങിയ പരീക്ഷകള്‍ ഉടന്‍ തന്നെ നടത്തുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്. നവംബര്‍ പകുതിയോടെ എംജി, കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ പരീക്ഷകള്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നു. വിവിധ സെമസ്റ്ററുകളിലെ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അമിത ഭാരം ആവാത്ത തരത്തില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ പറയുന്നു.