TopTop
Begin typing your search above and press return to search.

ഡോ. സുജാത സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു; താനോ മകളോ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍

ഡോ. സുജാത സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു; താനോ മകളോ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്‍എസ്എസ് ഹിന്ദു കോളേജ് പ്രിന്‍സിപ്പലും മകളുമായ ഡോ. സുജാതയെ ആദ്യം യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരുമാണ് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി നോമിനേറ്റ് ചെയ്തത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍, 'എഡ്യൂക്കേഷനിസ്റ്റ്' എന്ന വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനുവേണ്ടി താനോ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. വിവാദങ്ങള്‍ക്ക് ഇട വരുത്താതെ വ്യക്തിപരമായ കാരണങ്ങളാല്‍, മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെ മകള്‍ സ്ഥാനം രാജിവെച്ചതായും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്താക്കുറിപ്പില്‍ നിന്ന്

'സുകുമാരന്‍നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു. എന്നിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി' എന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരിക്കുകയാണ്.

എന്‍എസ്എസ് ഹിന്ദു കോളേജ് പ്രിന്‍സിപ്പലും എന്റെ മകളുമായ ഡോ. സുജാത കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറായി സേവനമനുഷ്ഠിച്ചുവരികയാണ്. ആദ്യം യുഡിഎഫ് സര്‍ക്കാരും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരുമാണ് ഈ സ്ഥാനത്തേക്ക് ഡോ. സുജാതയെ നോമിനേറ്റ് ചെയ്തത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍, 'എഡ്യൂക്കേഷനിസ്റ്റ്' എന്ന വിഭാഗത്തിലാണ് ഇടതു-വലതു വ്യത്യാസമില്ലാതെയാണ് സര്‍ക്കാരുകള്‍ ഡോ. സുജാതയെ നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കെ, വ്യക്തിപരമായ കാരണങ്ങളാല്‍ എന്റെ മകള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു.







Next Story

Related Stories