കോവിഡ് പത്താം മാസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിദിന വര്‍ധനവില്‍ കേരളം ഒന്നാമത്. രോഗ വ്യാപനം ഏറ്റവും രൂക്ഷമായത് ഒക്ടോബറില്‍. കോവിഡ് രോഗ വ്യാപനത്തിന്റെ മൂര്ധന്യത്തിലൂടെ കടന്നു പോവുന്ന സംസ്ഥാനത്ത് മരണസംഖ്യയും രോഗികളുടെ എണ്ണവും ഏറിയതും ഒക്ടോബറില്‍. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ പരിശോധനകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് രോഗികളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവുണ്ടാവുന്നു. നവംബര്‍ മാസവും കേരളത്തിന് വലിയ വെല്ലുവിളിയെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ ഇതേവരെ 4,40,130 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയിലധികവും ഒക്ടോബര്‍ മാസത്തില്‍ രോഗം സ്ഥിരീകരിച്ചവരാണ്. സെപ്തംബര്‍ 30ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,96,106 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഒരു മാസം പിന്നിടുമ്പോള്‍ ഒക്ടോബര്‍ 31ന് അത് 4,33,105 ലേക്ക് വര്‍ധിച്ചു. ഒരു മാസത്തിനുള്ളില്‍ രോഗികളായവര്‍ 2,36,999 പേരാണ്. മരണ സംഖ്യയും ഒക്ടോബറില്‍ ഇരട്ടിച്ചു. സെപ്തംബര്‍ 30ലെ കണക്ക് പ്രകാരം 742 പേരായിരുന്നു മരിച്ചത്. ഒക്ടോബര്‍ 31 ആയപ്പോള്‍ 742 പേര് കൂടി ആ കണക്കിലേക്ക് ചേര്‍ക്കപ്പെട്ടു. 1484 പേരാണ് ഒക്ടോബര്‍ 31 വരെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതേവരെ 1512 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒക്ടോബറില്‍ കേരളം മുന്നില്‍ വന്നു. ദേശീയ ശരാശരിയിലും സംസ്ഥാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മുന്നിലായി. 13 മുതല്‍ 15 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. ഒക്ടോബര്‍ 13ന് ഇത് 18 ശതമാനവുമായി. ഒക്ടോബര്‍ 31ലെ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനമാണ്. ഇന്ത്യയില്‍ ആകെ ഇത് 3.5 ശതമാനമാണ്. കേരളത്തക്കാള്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവുണ്ടായി. തമിഴ്നാട്ടില്‍ 3.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കര്‍ണാടകയില്‍ 2.9 ശതമാനവും, മഹാരാഷ്ട്രയില്‍ 9.1ശതമാനവും ഡല്‍ഹിയില്‍ 11.4 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആക്ടീവ് കേസുകളില്‍ സംസ്ഥാനം രണ്ടാമതാണ്. മഹാരാഷ്ട്രയില്‍ 1,23,585 പേരാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കേരളത്തില്‍ ഒക്ടോബര്‍ 31ലെ കണക്ക് പ്രകാരം ഇത് 91,194 പേരാണ്. മുമ്പ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിലും കര്‍ണാടകയിലും ഡല്‍ഹിയിലും ഇത് യഥാക്രമം 22,164, 55,017, 32,719 എന്ന നിലയിലേക്ക് കുറവ് വന്നു എന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 14 മുതല്‍ 30-ാം തീയതി വരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 99,910 കേസുകളാണ് 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇത് 96,796 പേരാണ്. തമിഴ്നാട്ടില്‍ 42,820 പേരും, കര്‍ണാടകയില്‍ 69,008 പേരും, ഡല്‍ഹിയില്‍ 57,185 പേരും ഒക്ടോബര്‍ 14 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കോവിഡ് രോഗികളായി സ്ഥിരീകരിച്ചു. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുമ്പോഴും മരണ സംഖ്യ കുറഞ്ഞ് നില്‍ക്കുന്നതാണ് സംസ്ഥാനത്തിന് ആശ്വാസം. ഈ പതിനഞ്ച് ദിവസത്തിനിടയില്‍ മാത്രം മഹാരാഷ്ട്രയില്‍ 2335 മരണങ്ങളും, തമിഴ്നാട്ടില്‍ 562-ഉും, കര്‍ണാടകയില്‍ 784-ഉും ഡല്‍ഹിയില്‍ 524-ഉും കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ 344 മരണങ്ങള് മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തപ്പെട്ടത്.
ഒക്ടോബറില്‍ പ്രതിദിന രോഗികളുടെ എണ്ണം 15,000 കടക്കുമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും പറഞ്ഞിരുന്നു എങ്കിലും അതുണ്ടായില്ല എന്നതും സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാല്‍ വേണ്ടത്ര പരിശോധനകളില്ലാത്തതിനാലാണ് കണക്കുകള്‍ കുറഞ്ഞ് നില്ക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ കേരളത്തില്‍ അതുണ്ടായിട്ടില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ മാത്രമാണ് പരിശോധനകള്‍ നടക്കുന്നത്. കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറിയ സാഹചര്യത്തില്‍ പരിശോധനകള്‍ ഒരു ലക്ഷമായെങ്കിലും ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഉള്‍പ്പെടെ നിരവധി ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനകള്‍ എഴുപതിനായിരം ആക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ കേരളത്തില്‍ പരിശോധനകള്‍ ദേശീയ ശരാശരിയിലും അധികമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേരില്‍ 844 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേരളത്തില്‍ ഇത് 3258 ആണ്. ഡല്‍ഹിയില്‍ പത്ത് ലക്ഷത്തില്‍ 3225-ഉം കര്‍ണാടകയില്‍ 1550-ഉും തമിഴ്നാട്ടില്‍ 936 പേരിലുമാണ് പരിശോധനകള്‍ നടത്തുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധനകള്‍ കുറച്ചതെന്നും കേരളത്തിലെ സാഹചര്യത്തില്‍ പരിശോധനകള്‍ ഇനിയും ഉയര്‍ത്തുകയാണ് വേണ്ടതെന്നും വിദഗ്ദ്ധ സമിതി അംഗം പ്രതികരിച്ചു, "സംസ്ഥാനത്ത് പരിശോധനകളുടെ പോരായ്മയുണ്ട്. സാഹചര്യം മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി. അത് സംസ്ഥാനത്ത് രോഗത്തിന്റെ തീവ്ര വ്യാപനത്തെയാണ് കാണിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് പരിശോധനകള്‍ വര്‍ധിക്കുന്നില്ല". ജനസാന്ദ്രതയില്‍ മുന്നിട്ട് നില്ക്കുന്ന സംസ്ഥാനത്ത് ഒന്നര ലക്ഷമെങ്കിലും പരിശോധനകള്‍ ഒരു ദിവസം വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം. "ഹോം ഐസൊലേഷനിലുള്ള രോഗികളുടെ ഫോളോ അപ് പരിശോധനയാണ് ഇപ്പോള്‍ കാര്യമായി നടക്കുന്നത്. അതിനാല്‍ മാത്രമാണ് രോഗികളുടെ എണ്ണം പതിനായിരമോ പതിനയ്യായിരമോ കടക്കാതെ നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ പുതിയ രോഗികളെ കണ്ടെത്താനുള്ള പരിശോധനകള്‍ വര്‍ധിപ്പിച്ചാല്‍ ഇരുപതിനായിരം പ്രതിദിന രോഗികളെങ്കിലും സംസ്ഥാനത്തുണ്ടാവും. കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളേക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തിലാണ് വര്‍ധനവ്. അതിന്റെ കാരണം ചികിത്സയില്‍ ഇരിക്കുന്നവരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് മാത്രമാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കൂടി നിന്ന സമയത്തെല്ലാം ഒരു ലക്ഷത്തിന് മുകളില്‍ പ്രതിദിന പരിശോധനകള്‍ നടത്തിയിരുന്നു". കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോക്ടര്‍ പ്രതികരിച്ചു.
ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 50,010 സാമ്പിളുകള്‍ മാത്രമണ് പരിശോധിച്ചത്. 7025 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.