തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയ ബാഗുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളല്ലെന്ന് അന്വേഷകരോട് പറയണമെന്ന് ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്റർ അനില്‍ നമ്പ്യാര്‍ തന്നോട് നിര്‍ദ്ദേശിച്ചെന്ന് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ മൊഴി.
സ്വപ്ന നല്കിയ മൊഴി ഇങ്ങനെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു: ''സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോൾ അനിൽ എന്നെ ഫോണിൽ വിളിച്ചു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്മെന്റ് നൽകിയാൽ മതിയെന്ന് ഇയാൾ എന്നോടു പറഞ്ഞു. സ്റ്റേറ്റ്മെന്റിന്റെ കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോൾ, മാധ്യമപ്രവർത്തകനോടുതന്നെ അതു തയ്യാറാക്കാൻ പറയാനായിരുന്നു നിർദേശം. ഇത് അനിലിനെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാൽ പിന്നീട് അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ അനിലിനെ വിളിക്കാൻ പറ്റിയില്ല."
അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചതിന്റെ രേഖകള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്വപ്നയുടെ കോൾ ലിസ്റ്റ് പ്രകാരം നമ്പ്യാർ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. ജൂലൈ 5ന് ഉച്ചയ്ക്ക് 12:42നാണ് നമ്പ്യാര്‍ സ്വപ്നയെ വിളിച്ചത്. സംഭവം വിവാദമായപ്പോള്‍ നമ്പ്യാര്‍ ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ സ്ഥിരീകരിക്കുകയുമുണ്ടായി. 'ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ അന്നേദിവസം ഇതുസംബന്ധിച്ച വാര്‍ത്തയൊന്നും ജനം ടിവിയില്‍ വന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയര്‍ന്നിരുന്നു. അഞ്ചാം തിയതി മൂന്നു മണിയോടെ സ്വപ്നയുടെ ഫോണ്‍ സ്വിച്ചോഫാകുകയും
രണ്ടുവര്‍ഷം മുമ്പ് സരിത്ത് വഴിയാണ് അനില്‍ തന്നെ പരിചയപ്പെട്ടതെന്ന് സ്വപ്ന മൊഴില്‍ പറയുന്നുണ്ട്. 2018ൽ തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിലാണ് അനിലിനെ ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം, തിരുവനന്തപുരത്തെ ഒരു ടൈൽസ് ഷോറൂമിന്റെ ഉദ്ഘാടകനായി കോൺസുലർ ജനറലിനെ പങ്കെടുപ്പിച്ചിട്ടുമുണ്ടെന്ന് സ്വപ്ന പറയുന്നു. വഞ്ചനാക്കേസില്‍ പെട്ട് യുഎഇയില്‍ പ്രവേശന വിലക്കുള്ള ഇദ്ദേഹം വിലക്ക് നീക്കിക്കിട്ടാനായാണ് സരിത്തിനെ സമീപിച്ചത്.
തിരുവനന്തപുരത്ത് പിടികൂടിയത് നയതന്ത്ര ബാഗേജല്ലെന്ന് തുടക്കത്തില്‍ തന്നെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രസ്താവിച്ചത് സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. കസ്റ്റംസും എന്‍ഐഎയും സംസ്ഥാന സര്‍ക്കാരുമെല്ലാം പിടികൂടിയത് നയതന്ത്ര ബാഗേജാണെന്ന് സ്ഥിരീകരിച്ചപ്പോഴും മുരളീധരന് നിലപാട് മാറ്റിയിരുന്നില്ല. മുരളീധരന്റെ ആദ്യത്തെ പ്രസ്താവന നടന്നതിനു പിന്നാലെ പിടികൂടിയത് നയതന്ത്ര ബാഗേജ് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎയുടെ പ്രസ്താവന വന്നിരുന്നു. ആരെ രക്ഷിക്കാനാണ് മുരളീധരന് ശ്രമിക്കുന്നതെന്ന് ചോദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തു വരികയുണ്ടായി. ഇതേ വിഷയങ്ങളുന്നയിച്ച് മുരളീധരന് സത്യാഗ്രഹമിരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ കേന്ദ്രമന്ത്രി തന്നെ എതിര്വാദങ്ങളുന്നയിച്ചതാണ് സംശയങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.