TopTop
Begin typing your search above and press return to search.

പരിശോധനാ സാമ്പിളുകളില്‍ എഴുപത് ശതമാനവും ചികില്‍സ കഴിഞ്ഞവരുടെതെന്ന് ആക്ഷേപം, പോസിറ്റിവ് നിരക്ക് കൂടാന്‍ കാരണം കണക്ക് ലഭ്യമാക്കുന്നതിലെ വീഴ്ചയെന്ന് മുഹമ്മദ് അഷീല്‍

പരിശോധനാ സാമ്പിളുകളില്‍ എഴുപത് ശതമാനവും ചികില്‍സ കഴിഞ്ഞവരുടെതെന്ന് ആക്ഷേപം, പോസിറ്റിവ് നിരക്ക് കൂടാന്‍ കാരണം  കണക്ക് ലഭ്യമാക്കുന്നതിലെ വീഴ്ചയെന്ന് മുഹമ്മദ് അഷീല്‍

കോവിഡ് പരിശോധനകളില്‍ ഇഴഞ്ഞ് കേരളം. പരിശോധന വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അമ്പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലാണ് സംസ്ഥാനത്ത് ശരാശരി പ്രതിദിന പരിശോധനകള്‍ നടക്കുന്നത്. എന്നാല്‍ കോവിഡ് മൂര്‍ധന്യ ഘട്ടത്തിലേക്ക് കടന്ന കേരളത്തില്‍ പരിശോധനകള്‍ ഒരു ലക്ഷമെങ്കിലും ആയി വര്‍ധിപ്പിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതേസമയം രോഗലക്ഷണങ്ങളിലുള്ളവരില്‍ പോലും പരിശോധനകള്‍ നടക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിക്കുന്നു. എടുക്കുന്ന സാമ്പിളുകളില്‍ എഴുപത് ശതമാനം വരെ ചികിത്സ കഴിഞ്ഞവരുടേതാണെന്നും ഇവര്‍ പറയുന്നു.എന്നാൽ നെഗറ്റീവ് ആകുന്നവരുടെ വിവരങ്ങൾ എത്തിക്കുന്നതിൽ സ്വകാര്യ ലാബുകൾക്ക് പറ്റുന്ന വീഴ്ചമൂലമാണെന്ന് സാമൂഹ്യ സുരക്ഷാ ഡയറക്ടർ മുഹമ്മദ് അഷീൽ പറഞ്ഞു

ഇന്നലെ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ദിവസത്തില്‍ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. 7482 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. 7593 പേര്‍ രോഗ മുക്തി നേടി. കോവിഡ് രോഗികളേക്കാള്‍ രോഗമുക്തരായവര്‍ ഏറിയ ദിവസമാണ് വ്യാഴാഴ്ച. എന്നാല്‍ ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കിയാല്‍ മൂന്നു മടങ്ങ്‌ കൂടുതലാണ് കേരളത്തിലെ ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്. ദേശീയ തലത്തില്‍ ഇത് നാല് ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ കേരളത്തില്‍ ഇന്നലെ വരെ ഉള്ള ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.33 ശതമാനമാണ്. എന്നാല്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരില്‍ ദേശീയ ശരാശരിയേക്കാള്‍ മികച്ച നിലയിലാണ് കേരളം. മരണനിരക്കില്‍ ദേശീയ ശരാശരി 1.54 ശതമാനവും കേരളത്തിലിത് 0.34 ശതമാനവുമാണ്.

പതിനായിരം പിന്നിട്ടതിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. ആറായിരത്തിനും എണ്ണായിരത്തിനും ഇടയിലാണ് കഴിഞ്ഞ ദിവസങ്ങളായി പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം. എന്നാല്‍ ഇത് പരിശോധനകളിലെ പോരായ്മകളും കൂടിയാണ് തെളിയിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സി കാറ്റഗറിയില്‍ പെടാത്ത കോവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷനാണ് ഇപ്പോള്‍ കൂടുതലും നിര്‍ദ്ദേശിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയ ആള്‍ ഹോം ഐസൊലേഷന്‍ കഴിഞ്ഞ് മുമ്പ് പരിശോധിച്ചയിടത്ത് തന്നെ റിപ്പീറ്റ് ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദ്ദേശം. അതിനാല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പുതിയ സാമ്പിളുകളേക്കാള്‍ ചികിത്സാ കാലാവധി കഴിഞ്ഞവരുടെ സാമ്പിളുകളാണ് ഏറെയും പരിശോധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മലപ്പുറം ജില്ലയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെ ഡോക്ടര്‍ പറയുന്നത് ഇങ്ങനെ, "മുമ്പ് നൂറ്റിയമ്പത് ടെസ്റ്റ് നടന്നാല്‍ അതെല്ലാം പുതിയ സാമ്പിളുകളായിരിക്കും. ആന്റിജന്‍ പരിശോധനയില്‍ ചുരുങ്ങിയത് 30 പേരെങ്കിലും പോസിറ്റീവ് ആവുമായിരുന്നു. ആര്‍ടിപിസിആര്‍ വേറെ. ഇപ്പോള്‍ 150 പരിശോധനയില്‍ 100ല്‍ അധികം പേരും ഫോളോ അപ് പരിശോധനയ്ക്ക് ഡേറ്റ് എടുക്കുന്നവരാണ്. അതില്‍ 95 ശതമാനത്തില്‍ അധികം പേര്‍ക്കും രോഗം ഭേദമായിരിക്കും. ഈ കണക്കാണ് പരിശോധനാ ഫലത്തില്‍ പ്രതിഫലിക്കുന്നത്. അതിനര്‍ഥം സമൂഹത്തില്‍ കോവിഡ് രോഗികള്‍ കുറഞ്ഞു എന്നല്ല".

മുമ്പ് സിഎഫ്എല്‍ടിസികളിലേക്കോ മറ്റ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റിയിരുന്നതിനാല്‍ ഫോളോ അപ് പരിശോധനകള്‍ ആ കേന്ദ്രങ്ങളില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ ഹോം ഐസൊലേഷന്‍ സംവിധാനം വന്നതോടെ സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ കേന്ദ്രങ്ങളിലാണ് ഫോളോ അപ് പരിശോധനയ്ക്ക് ആളുകള്‍ എത്തുന്നത്. "ഏഴ് ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ രോഗി നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഏഴ് ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കി സ്വാഭാവിക ജീവിതത്തിലേക്ക് വരാനാവൂ. അതിനാല്‍ ചികിത്സയിലുള്ളവരുടെ ഫോളോ അപ് പരിശോധനകള്‍ വൈകിപ്പിക്കരുതെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ പരിശോധനകള്‍ ഇതിനനുസരിച്ച് വര്‍ധിപ്പിക്കാത്തതിനാല്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ പ്രധാനമായും ഫോളോ അപ് പരിശോധനകള്‍ മാത്രമേ നടക്കുന്നുള്ളൂ. ഒരു പരിശോധനാ കേന്ദ്രത്തില്‍ ചുരുങ്ങിയത് 250 പേരിലെങ്കിലും പരിശോധനകള്‍ നടത്താനുള്ള സംവിധാനം വേണം. അതിനുള്ള മാന്‍ പവറും ഒരുക്കണം. പ്രായമായവരില്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയാത്ത സാഹചര്യം ചില ദിവസങ്ങളില്‍ വരുന്നു. ഇത് അപകടത്തിലേക്ക് നയിച്ചേക്കാം", തൃശൂര്‍ ജില്ലയിലെ പരിശോധനാ കേന്ദ്രത്തിന്റെ ചുമതലുള്ള ഡോക്ടര്‍ വ്യക്തമാക്കി.

കാേവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതാണെന്ന ആവശ്യം മുമ്പ് തന്നെ വിദഗ്ദ്ധര്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. പരിശോധനകള്‍ ചുരുങ്ങിയത് ഒരു ലക്ഷത്തിലേക്കെങ്കിലും ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോസിറ്റിവിറ്റിയില്‍ രാജ്യത്ത് രണ്ടാമതെത്തിയിട്ടും പരിശോധനകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടായില്ല എന്നതാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ഉന്നയിക്കുന്ന പരാതി. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും എഴുപതിനായിരത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളില്‍ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തി പരിശോധനകള്‍ വര്‍ധിപ്പിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്.

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീലും പറഞ്ഞു. ഇപ്പോഴത്തെ പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതാണ്. എന്നാല്‍ സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനകളില്‍ നെഗറ്റീവ് ആവുന്നവരുടെ കണക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ചകളുണ്ടായതാണ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയര്‍ പ്രശ്‌നം ആണെന്നാണ് സ്വകാര്യ ലാബുകള്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. നെഗറ്റീവ് ആയവരുടെ കണക്കും സ്വകാര്യ ലാബുകള്‍ നല്‍കുന്നതോടെ കണക്കില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് പുതിയ രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്താല്‍ മാത്രമേ രോഗ വ്യാപനം നിയന്ത്രിക്കാനാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സാമൂഹ്യ വ്യാപനം ഉണ്ടായിട്ടും അത് സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതിലും ആരോഗ്യപ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി സമൂഹ വ്യാപനം പ്രഖ്യാപിച്ചത് കേരളത്തിലാണ്. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡും സമൂഹവ്യാപനവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ "പിന്നീട് സംസ്ഥാനത്താകെ ആ സ്ഥിതി ഉണ്ടായിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അക്കാര്യം തുറന്ന് സമ്മതിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യാത്തത്? ഉറവിടം അറിയാത്ത രോഗികള്‍ ഇത്രത്തോളം ഉണ്ടായിട്ടും അതിന് സര്‍ക്കാര്‍ മുതിരുന്നില്ല. അക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമല്ല", ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുരളീധരന്‍ ആരോപിക്കുന്നു. എന്നാല്‍ സമൂഹ വ്യാപനം പ്രഖ്യാപിക്കുന്നത് കൊണ്ട് മാത്രം നിലനില്‍ക്കുന്ന അവസ്ഥകളില്‍ ഒരു വ്യത്യസവും ഉണ്ടാവില്ല എന്ന് ഡോ. മുഹമ്മദ് അഷീല്‍ വ്യക്തമാക്കി.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories