TopTop
Begin typing your search above and press return to search.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി, തീ കൊളുത്തി കിംവദന്തികള്‍: തലശ്ശേരി കലാപം, വളച്ചൊടിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ-അന്വേഷണം തുടരുന്നു

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി, തീ കൊളുത്തി കിംവദന്തികള്‍: തലശ്ശേരി കലാപം, വളച്ചൊടിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ-അന്വേഷണം തുടരുന്നു


1971 ഡിസംബർ 28 നു തലശ്ശേരി മേലൂട്ട് മുത്തപ്പൻ കാവ് മടപ്പുര ഉത്സവത്തിന്റെ ഭാഗമായി നടന്ന കലശം ഘോഷയാത്രക്ക്‌ നേരെ തലശ്ശേരി ഒവി റോഡിലുള്ള നൂർജഹാൻ ഹോട്ടലിന്റെ മുകളിൽ നിന്നും ഏതോ ഒരു മുസ്ലിം ചെരിപ്പെറിഞ്ഞതിനെ തുടർന്നാണ് തലശ്ശേരിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് എന്നായിരുന്നു ആദ്യം പ്രചരിച്ചത്. കലാപത്തെക്കുറിച്ചു അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ ഈ വാദം പാടെ തള്ളിക്കളഞ്ഞെങ്കിലും സംഘപരിവാർ ഇന്നും ആവർത്തിക്കുന്നത് കലാപം അഴിച്ചുവിടുന്നതിനുവേണ്ടി അവർ അന്ന് പ്രചരിപ്പിച്ച ആ പഴയ കള്ളക്കഥ തന്നെയാണ്. കമ്മീഷൻ മുൻപാകെ ഹാജരായവർ സമർപ്പിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചെരിപ്പേറ് സംബന്ധിച്ച കള്ളക്കഥ വിതയത്തിൽ കമ്മീഷൻ പൊളിച്ചടുക്കിയത്. തന്നെയുമല്ല തലശ്ശേരിയിലെ മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു കലാപം എന്നും കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സാധാരണ ഗതിയിൽ വൈകിട്ട് ആരംഭിക്കേണ്ട പ്രസ്തുത ഘോഷയാത്ര അന്ന് ഏറെ വൈകി അർദ്ധരാത്രി കഴിഞ്ഞാണ് ആരംഭിച്ചത് എന്നത് തന്നെ തലശ്ശേരി കലാപം ആസൂത്രിതമായിരുന്നു എന്ന് തെളിയിക്കാൻ പോന്ന ഒന്നാണ്. 'കുഴപ്പങ്ങളുടെ ആരംഭം ചിറക്കര ടൌൺ ഹാളിനു അടുത്തുള്ള നമ്പിയമ്മൽ അബ്ദുല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു കലശം ഘോഷയാത്രയിൽ പെട്ടവർ കല്ലെറിഞ്ഞതിനെ തുടർന്നായിരുന്നു' എന്നാണു കമ്മീഷൻ റിപ്പോർട്ടിൽ ( പേജ് 46 , ഖണ്ഡിക 119 ) പറയുന്നത്.
അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം: വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എകെജിയെ കുറിച്ചുള്ള ഏക പരാമര്‍ശം ജനസംഘം നേതാവിന്റെ മൊഴി; തലശ്ശേരി കലാപം, പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍


ഘോഷയാത്ര തലശ്ശേരി ടി സി മുക്കിൽ എത്തിയപ്പോൾ മറ്റൊരു സംഭവം ഉണ്ടായെന്നും അപ്പോൾ അതുവഴി തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ട്രോളിയിൽ ഐസ് കൊണ്ടുപോവുകയായിരുന്ന രണ്ടു മുസ്ലിം ആൺകുട്ടികളെ ഘോഷയാത്രയിൽ പെട്ടവർ മർദിച്ചുവെന്നും റിപ്പോർട്ടിന്റെ ഇതേ ഖണ്ഡികയിൽ തന്നെ പറയുന്നുണ്ട്. ട്രോളിക്കു കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ തൊട്ടടുത്തുള്ള പെട്രോൾ പമ്പിനുള്ളിലേക്കു അത് മാറ്റിയിട്ടതിനു ശേഷമായിരുന്നു മർദനമെന്നും എന്തിനാണ് തങ്ങളെ മർദിക്കുന്നതെന്നു ചോദിച്ചപ്പോൾ ' മാപ്പിള നായിന്റെ മക്കളെയെല്ലാം അടിക്കും ' എന്ന് ആക്രോശിച്ചതായി ആക്രമിക്കപ്പെട്ട കുട്ടികൾ പോലീസിൽ മൊഴി നൽകിയതായും റിപ്പോർട്ടിൽ ഉണ്ട്.
ഘോഷയാത്ര ഒ വി റോഡിൽ ചിത്രവാണി ടാക്കീസിനടുത്തെത്തിയപ്പോൾ മറ്റൊരു സംഭവം ഉണ്ടായി. അപ്പോൾ അതുവഴി വരികയായിരുന്ന ഒരു ഓട്ടോറിക്ഷ ആക്രമിക്കപ്പെട്ടു. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രസ്തുത ആക്രമണവും. ഈ ആക്രമണങ്ങൾക്കു നേതൃത്വം നൽകിയത് ശ്രീധരൻ എന്ന ജനസംഘത്തിന്റെ പ്രവർത്തകനും ഭരണകക്ഷിയായ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ചന്ദ്രനുമായിരുന്നു എന്നാണ് ആക്രമിക്കപ്പെട്ടയാൾ പൊലീസിന് നൽകിയ മൊഴി. ഈ സംഭവങ്ങൾക്കൊക്കെ ശേഷമാണ് കലാപത്തിന് കാരണമായെന്ന് അതിനു നേതൃത്വം നൽകിയവർ പ്രചരിപ്പിച്ച നുണക്കഥയിൽ പറയുന്ന നൂർജഹാൻ ഹോട്ടലിനടുത്തേക്കു ഘോഷയാത്ര എത്തിയതുതന്നെ. ഘോഷയാത്രക്ക്‌ നേരെ ചെരിപ്പേറുണ്ടായെന്നു പറഞ്ഞു അക്രമാസക്തരായ ഒരു സംഘം ആളുകൾ ഹോട്ടലിനുള്ളിൽ കയറി അവിടെയുണ്ടായിരുന്നവരെ മർദിക്കുകയും ഹോട്ടലിനു കേടുപാടുകൾ വരുത്തുകയും ചെയ്തു. ഹോട്ടൽ ഉടമയുടെ മകൻ അത്തോളി ഹംസ അന്ന് തന്നെ പോലീസിലും പിന്നീട് കമ്മീഷൻ മുമ്പാകെയും നൽകിയ മൊഴിയിൽ പറയുന്നത് സംഭവം നടക്കുമ്പോൾ താനും കുറച്ചു ജീവനക്കാരും മാത്രമേ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളുവെന്നും ഹോട്ടലിനു മുൻപിൽ എത്തിയപ്പോൾ ഘോഷയാത്രയിൽ ഉണ്ടായിരുന്ന ചിലർ നൃത്തം ചെയ്യാൻ ആരംഭിച്ചെന്നും താനും ജോലിക്കാരും അത് നോക്കി ആസ്വദിച്ചു നിൽക്കുകയായിരുന്നുവെന്നാണ്. ഈ സമയത്തു ഹോട്ടലിന്റെ മുകൾ നിലയിൽ ആരും ഉണ്ടായിരുന്നില്ലെന്നും എന്നാൽ 'ഏതു നായീന്റെ മക്കളാടാ എറിഞ്ഞത് ?' എന്നാക്രോശിച്ചുകൊണ്ടു പത്തു പതിമൂന്നുപേർ ഹോട്ടലിനുള്ളിലേക്കു ഓടിക്കയറി ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ്. ചെരിപ്പേറ് കഥ ബോധപൂർവം കെട്ടിച്ചമതാണെന്നും അതല്ല ഘോഷയാത്രയുടെ പിൻനിരയിൽ ഉണ്ടായിരുന്നവർ മനഃപൂർവം ചെരിപ്പെറിഞ്ഞതാണെന്നും കമ്മീഷന് മുമ്പാകെ മൊഴി നൽകിയവരിൽ പലരും ആരോപിക്കുന്നുണ്ട്. നൂർജഹാൻ സംഭവത്തിന് തൊട്ടുപിന്നാലെ നാരങ്ങാപ്പുറത്തുള്ള മുസ്ലിം പള്ളി ആക്രമിക്കുകയും അവിടെ കിടന്നുറങ്ങുകയായിരുന്ന ഉസ്മാൻ എന്നയാളെ മർദിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ ചിറക്കരയിലുള്ള രണ്ടു മുസ്ലിം വീടുകളും മുസ്ലിങ്ങളുടെ തന്നെ ചില വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയുണ്ടായി. ആക്രമിക്കപ്പെട്ട പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്ന് തലശ്ശേരിയിലെ പാരഡൈസ് ഹോട്ടൽ ആയിരുന്നു. ആ രാത്രിയിൽ മാത്രം 13 ആക്രമണ സംഭവങ്ങൾ ഉണ്ടായതായി ആരോപിക്കപ്പെടുന്നതായി കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും കലാപത്തിന് കൂടുതൽ തീവ്രത കൈവന്നു. കലശ ഘോഷയാത്രക്ക് നേരെ ചെരിപ്പേറുണ്ടായി എന്ന വാർത്ത ആകാശ വാണി പ്രക്ഷേപണം ചെയ്തതിന് പിന്നാലെ കലാപം തലശ്ശേരി നഗരം വിട്ടു മറ്റു ദിക്കുകളിലേക്കും വ്യാപിച്ചു. ചെരിപ്പേറ് കഥ പോലെ തന്നെ 'ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഹിന്ദു യുവതിയെ മാപ്പിളമാർ തട്ടിക്കൊണ്ടുപോയി മുസ്ലിം പള്ളിയിൽ വെച്ച് പീഡിപ്പിച്ചു', 'കോളേജ് വിദ്യാർത്ഥിനിയായ ഹിന്ദു പെൺകുട്ടിയുടെ മുലയരിഞ്ഞു' തുടങ്ങിയ കല്ലുവെച്ച നുണകളും പ്രചരിച്ചു. പ്രശസ്ത അമേരിക്കൻ സാഹിത്യകാരൻ മാർക് ട്വൈനിനെ കടമെടുത്താൽ 'സത്യം ചെരിപ്പിടുന്നതിനു മുൻപ് തന്നെ നുണ ലോക സഞ്ചാരം പൂർത്തിയാക്കി'യ ദിനങ്ങളായിരുന്നു അത്. ഇതിനിടയിൽ ജില്ലയുടെ പലഭാഗത്തു നിന്നും തലശ്ശേരിയിലേക്കു വരികയായിരുന്ന ബസുകൾ തടയപ്പെടാൻ ആരംഭിച്ചിരുന്നു. രണ്ടാം ദിവസം, അതായത് ഡിസംബർ 29 നു രാവിലെ 7 നും 9 നും ഇടയിൽ മാത്രം 37 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ഇതിൽ 30 പാരാതികൾ ഹിന്ദുക്കളുടെ ഭാഗത്തുനിന്നും ഏഴെണ്ണം മുസ്ലിങ്ങളുടെ ഭാഗത്തുനിന്നും ആയിരുന്നുവെന്നുമാണ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് പറയുന്നത്. ഈ പരാതികളിൽ പലതും വിശ്വസനീയം ആയിരുന്നില്ലെന്നും കമ്മീഷൻ പറയുന്നുണ്ട്. കോളേജ് വിദ്യാർത്ഥിയായ ഹിന്ദു പെൺകുട്ടിയുടെ മുലയരിഞ്ഞു എന്ന കള്ള പ്രചാരണത്തെക്കുറിച്ചു അക്കാലത്തു ബ്രണ്ണൻ കോളേജിൽ അധ്യാപകനായിരുന്ന എം എൻ വിജയൻ ഇങ്ങനെ പറഞ്ഞതായി മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും എഴുത്തുകാരനുമായ കെ ബാലകൃഷ്ണൻ ഓർത്തെടുക്കുന്നു. 'പെൺകുട്ടി ടൈപ്പ് റൈറ്റിങ്
ഇൻ
സ്റ്റിട്യൂട്ടിൽ പോയപ്പോൾ എന്നായിരുന്നു പ്രചാരണം. കാലത്തു ഏഴുമണിക്ക് ഏതു ഇൻസ്റ്റ്റ്യൂട്ടാണാവോ തുറക്കുക? ' .

കള്ളപ്രചാരണങ്ങളുടെ ശക്തി വിളിച്ചോതുന്നവണ്ണം രണ്ടാം ദിവസം പകലും അന്ന് രാത്രിയിലും നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറി. തുടക്കത്തിൽ ഹിന്ദു വർഗീയ വാദികളുടെ ഭാഗത്തുനിന്നുമുള്ള ഏകപക്ഷീയമായ ആക്രമണങ്ങളായിരുന്നുവെങ്കിൽ മറുഭാഗത്തു മുസ്ലീങ്ങങ്ങൾ കൂടി രംഗത്തുവന്നതോടെ കലാപം ആളിക്കത്തി. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 334 അക്രമ സംഭവങ്ങൾ അരങ്ങേറി. മറ്റു പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും റിപ്പോർട് ചെയ്യപ്പെട്ട അനിഷ്ട സംഭവങ്ങളുടെ എണ്ണം ഇങ്ങനെയാണ്: ചൊക്ലി - 47 , കൂത്തുപറമ്പ - 51 , പാനൂർ - 62 , എടക്കാട് - 12 , കണ്ണൂർ - 1, മട്ടന്നൂർ - 3, ധർമ്മടം - 59 .ഇതിൽ 480 സംഭവങ്ങളിൽ മുസ്ലിങ്ങളും 89 സംഭവങ്ങളിൽ ഹിന്ദുക്കളും ആയിരുന്നു ഇരകൾ.

സി പി എം അവകാശപ്പെടുന്നതും കമ്മീഷൻ തന്നെ എടുത്തുപറയുന്നതും പോലെ ഒരു ഭാഗത്തു സി പി എം സമാധാന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങുകയും നിഷ്ക്രിയമായിരുന്ന പോലീസ് അന്ന് എഎസ് പിയായിരുന്ന അജിത് ഡോവലിന്റെ വരവോടെ ഉണർന്നു പ്രവർത്തിക്കുകയും ചെയ്തതോടെ കലാപം മെല്ലെ ശമിച്ചു തുടങ്ങി. എങ്കിലും മൂന്നാം ദിവസമായ ഡിസംബർ 30 നും 19 അനിഷ്ടസംഭവങ്ങൾ കൂടി ഉണ്ടായി.
ഡിസംബർ 28നു രാത്രിയിലെ സംഭവങ്ങൾ മാത്രമായിരുന്നില്ല തലശ്ശേരി കലാപത്തിന് വഴിവെച്ചതെന്നു കമ്മീഷൻ തന്നെ പറയുന്നുണ്ട് . കലാപം ഹിന്ദു സംഘടനകൾ അവകാശപ്പെടുന്നതുപോലെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്നും അതിനു പിന്നിൽ വ്യക്തമായ ഗൂഡാലോചന ഉണ്ടായിരുന്നമെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. 'നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെപ്പോലെ കഴിഞ്ഞ സ്ഥലമാണ് തലശ്ശേരി. 'മാപ്പിള ലഹള' കലാപം പോലും രണ്ടു സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തെ ബാധിച്ചില്ല. ആർ എസ് എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതിനു ശേഷമാണ് സ്ഥിതിഗതികൾ മാറിയത്. ഇവരുടെ മുസ്ലിം വിരുദ്ധ പ്രചാരണവും വർഗീയ പാർട്ടിയായ മുസ്ലിം ലീഗിന് കീഴിൽ മുസ്ലിങ്ങൾ അണിനിരക്കുന്നതിലുള്ള എതിർപ്പുമാണ് തലശ്ശേരിയിലെ പ്രശ്നങ്ങൾക്ക് കളമൊരുക്കിയത് ' എന്നാണ് കമ്മീഷൻ ( റിപ്പോർട്ട് , പേജ് - 114 , ഖണ്ഡിക 249 ) വിലയിരുത്തുന്നത്. മുസ്ലിങ്ങളുടെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോഴും മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിച്ചേരുന്നത്. ഇതുകൂടാതെ ഇന്ധനം പകരാൻ പോന്ന മറ്റു ചില കാരണങ്ങൾ കൂടി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് അടുത്ത ഭാഗത്തിൽ.

(നാളെ: കലാപത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories