TopTop
Begin typing your search above and press return to search.

വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എകെജിയെ കുറിച്ചുള്ള ഏക പരാമര്‍ശം ജനസംഘം നേതാവിന്റെ മൊഴി; തലശ്ശേരി കലാപം, പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ -അന്വേഷണം

വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എകെജിയെ കുറിച്ചുള്ള ഏക പരാമര്‍ശം ജനസംഘം നേതാവിന്റെ മൊഴി; തലശ്ശേരി കലാപം, പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ -അന്വേഷണം


ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപുള്ള ഒരു കാലമൊന്നും ആയിരുന്നില്ല അത്. എങ്കിലും ഇമ്മിണി പിന്നോട്ട് സഞ്ചരിക്കേണ്ടതുണ്ടുതാനും. കൃത്യമായി പറഞ്ഞാൽ ഒരു അമ്പതുവർഷം പിന്നോട്ട്. പറഞ്ഞുവരുന്നത് 1971 ലെ തലശ്ശേരി കലാപം അഥവാ ലഹളയെക്കുറിച്ചാണ്. കക്ഷി രാക്ഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾ വിട്ടു അക്രമികൾ മതാടിസ്ഥാനത്തിൽ തന്നെ സംഘടിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തതിനാൽ ആ ലഹളയെ വർഗീയ ലഹള എന്ന് തന്നെ വിളിക്കാം. 1971 ഡിസംബർ 28 നു രാത്രിയോടെ ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തലശ്ശേരിയെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ പകയുടെയും വർഗീയ വിദ്വേഷത്തിന്റെയും ഏതാനും ദിനങ്ങളായിരുന്നു പിന്നീട് കടന്നുപോയത്. തലശ്ശേരിയിൽ പൊട്ടിപ്പുറപ്പെട്ട ലഹള വളരെ പെട്ടെന്ന് തന്നെ സമീപ പ്രദേശങ്ങളിലേക്കും കണ്ണൂർ ജില്ലയിലെ തന്നെ മറ്റു ചില ഭാഗങ്ങളിലേക്കും പടർന്നു. ലഹളയിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും ഇരുഭാഗത്തും നിരവധി ആരാധനാലയങ്ങളും, വ്യാപാര സ്ഥാപനങ്ങളും, വീടുകളും ആക്രമിക്കപ്പെട്ടു. നിരവധി പേർക്കു മർദ്ദനമേൽക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ലഹളയുടെ പ്രഭവകേന്ദ്രമായ തലശ്ശേരിയിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും ലഹള ശമിച്ചതിന്റെ തൊട്ടു പിറ്റേന്നു രാത്രിയിൽ കണ്ണൂർ ജില്ലയിലെ തന്നെ കൂത്തുപറമ്പിനടുത്ത മെരുവമ്പായിയിൽ സി പി എം പ്രവർത്തകനായ യു കെ കുഞ്ഞിരാമൻ എന്നൊരാൾ കൊല്ലപ്പെടുകയുണ്ടായി. കലാപത്തെക്കുറിച്ചും അതിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും പഠിക്കാൻ 1972 ഫെബ്രുവരി 14 നു അന്നത്തെ സി അച്യുത മേനോന്‍ സർക്കാർ ജസ്റ്റിസ് ജോസഫ് വിതയത്തലിനെ കമ്മീഷനായി നിയമിച്ചു. കമ്മീഷൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതിൻ മേൽ പക്ഷെ തുടർ നടപടികളൊന്നും ഉണ്ടായതായി അറിവില്ല.
അരനൂറ്റാണ്ട് മുൻപ് നടന്ന ഒരു കലാപത്തിനും അതേക്കുറിച്ചു അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ സമര്‍പ്പിച്ച റിപ്പോർട്ടിനും ഇപ്പോൾ എന്താണ് പ്രസക്തിയെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നേക്കാം. ഗൂഢ രാഷ്ട്രീയ ലക്‌ഷ്യം വെച്ച് ചില രാഷ്ട്രീയ കക്ഷികളും അതിന്റെ നേതാക്കളും ആ പഴയ കലാപവും അത് സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടും വീണ്ടും ഒരു വലിയ ചർച്ചാവിഷയം ആക്കാൻ ശ്രമിക്കുന്നു എന്നത് തന്നെയാണ് അവയുടെ വർത്തമാനകാല പ്രസക്തി. കലാപത്തെക്കുറിച്ചു അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ കലാപത്തിൽ നിർണായക പങ്കുവഹിച്ചുവെന്നു കണ്ടെത്തിയ ആർ എസ് എസ്സിന്റെയും ബി ജെ പി (അക്കാലത്ത് ഭാരതീയ ജനസംഘം ) യുടെയും ചില നേതാക്കൾ തന്നെയാണ് കമ്മീഷന്റെ കണ്ടെത്തലുകൾ എന്ന വ്യാജേന നുണക്കഥകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. കലാപം നടക്കുമ്പോൾ ഭരണത്തിലുണ്ടായിരുന്ന രണ്ടാം അച്യുത മേനോൻ സർക്കാരിന്റെ ഭാഗമായിരുന്ന കോൺഗ്രസിന്റെ നേതാക്കൾ ഈ നുണക്കഥകൾ ഏറ്റുപിടിക്കുകയും അവക്ക് പരമാവധി പ്രചാരം നൽകുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ആർ എസ് എസ് - ബി ജെ പി യുടെയും കോൺഗ്രസിന്റെയും പൊതു ശത്രു സി പി എം ആകയാൽ ഇപ്പോൾ പടച്ചുവിടപ്പെടുന്ന നുണക്കഥകൾ ലക്‌ഷ്യം വെക്കുന്നത് ആ പാർട്ടിയെ തന്നെയാണ്. മാര്‍ക്സിസ്റ്റ് പാർട്ടിയുടെ ചില അനുഭാവികളും കലാപത്തിൽ പങ്കെടുത്തുവെന്നു നിരീക്ഷിക്കുമ്പോഴും ആ പാർട്ടിയുടെ നേതാക്കൾ ആരും കലാപത്തിൽ പങ്കാളികളായിരുന്നില്ലെന്നും കലാപം ശമിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചുവെന്നും വിതയത്തിൽ കമ്മീഷൻ തന്നെ അതിന്റെ റിപ്പോർട്ടിൽ ( പേജ് -92 , ഖണ്ഡിക -220 ) ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നിരിക്കെ തന്നെയാണ് ആ പാർട്ടിക്കെതിരെയുള്ള സംഘടിത ആക്രമണം എന്നതും ശ്രദ്ധേയമാണ്. തലശ്ശേരി കലാപത്തിന്റെ വിശദാംശങ്ങളിലേക്കും അത് സംബന്ധിച്ച വിതയത്തിൽ കമ്മീഷന്റെ കണ്ടത്തലുകളിലേക്കും പിന്നീട് വരാം.


തലശ്ശേരി കലാപത്തിന് പിന്നാലെ സ്വയം വെള്ളപൂശുന്ന ജോലി ആർ എസ് എസും ബി ജെ പി യും ആരംഭിച്ചിരുന്നുവെങ്കിലും അവരുടെ ആ ശ്രമം അക്കാലത്തൊന്നും വിജയം കണ്ടിരുന്നില്ല. അതേസമയം തന്നെ തലശ്ശേരി ലഹളയ്ക്ക് നെടുനായകത്വം വഹിച്ചവർ എന്ന നിലയിൽ തീവ്ര ഹിന്ദു വികാരത്തെ കൂടുതൽ ജ്വലിപ്പിക്കാനും അതുവഴി സംഘടനയെ ചെറിയ തോതിലെങ്കിലും പരിപോഷിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നു ആർ എസ് എസിനും ബി ജെ പി ക്കും തുടർന്നിങ്ങോട്ടുണ്ടായ വളർച്ച പരിശോധിച്ചാൽ മനസ്സിലാകും. തങ്ങളുടെ വളർച്ച കൂടുതൽ ശക്തമാക്കുന്നതിനൊപ്പം മുഖ്യ രാഷ്ട്രീയ എതിരാളിയായ സി പി എമ്മിനെ മുസ്ലിങ്ങളിൽ നിന്നും പൂർണമായി ഒറ്റപ്പെടുത്തുക എന്ന ലക്‌ഷ്യം കൂടി മുന്നിൽ കണ്ടു തന്നെയാവണം ഇപ്പോഴത്തെ ഈ നീക്കം. ബി ജെ പി യുടെയും ആർ എസ് എസിന്റെയും ഉന്നം എന്തുതന്നെയായിരുന്നാലും അവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസ് അതിന്റെ ദുരന്തം എന്തുകൊണ്ടാണ് തിരിച്ചറിയാതെ പോകുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരു പക്ഷെ അടുത്ത തിരെഞ്ഞെടുപ്പിൽ ബി ജെ പിയുടെ കൂടെ സഹായത്തോടെ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാം എന്ന മോഹം തന്നെയാവണം ബി ജെ പി യുടെ കള്ളക്കഥകൾ പിന്തുണക്കുന്നതിനു പിന്നിൽ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം ഒരുപക്ഷെ തിരെഞ്ഞെടുപ്പ് ജയിക്കാൻ ഉപകരിച്ചേക്കാം. അല്ലെങ്കിലും കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ബി ജെ പി യെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസിന് കേരളത്തിൽ ആ പാർട്ടിയോടുള്ള നിലപാട് മറ്റൊന്നാണെന്നത് ഏറെക്കുറെ മറനീക്കി പുറത്തുവന്നു കഴിഞ്ഞതാണ്. പക്ഷെ ബി ജെ പി യെയും ആർ എസ് എസിനെയും കണ്ണടച്ച് പിന്തുണക്കുന്നത് അപകടം ക്ഷണിച്ചുവരത്തലാകും എന്നുകൂടി അവർ തിരിച്ചറിഞ്ഞാൽ നന്ന്.
വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിനെ വളച്ചൊടിച്ചു തലശ്ശേരി കലാപത്തിന് പുതിയ ഭാഷ്യം ചമക്കുന്നവരുടെ കൂട്ടത്തിൽ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനും കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എ യുമായ പി ടി തോമസും ആണ് മുൻപന്തിയിൽ നിൽക്കുന്നത്. തലശ്ശേരി കലാപം സംബന്ധിച്ച് ഇരു നേതാക്കളും ചമച്ച കഥകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നതും. ഇവർ രണ്ടു പേരും തലശ്ശേരിക്കാർ പോയിട്ട് കണ്ണൂർ ജില്ലക്കാർ പോലും അല്ലെന്നു കൂടി വരുമ്പോൾ 'കണ്ട നീ അവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടെ' എന്ന രീതിയാണ് ഇവർ പിന്തുടരുന്നതെന്നു വ്യക്തം.അതുപോലെ തന്നെ വ്യക്തമാകുന്ന മറ്റൊന്ന് ഒന്നുകിൽ രണ്ടാളും വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് വായിച്ചിട്ടില്ല അല്ലെങ്കിൽ അത് വായിച്ചിട്ടും മനഃപൂർവം തെറ്റിദ്ധാരണ പരത്തുന്നു എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കൊലക്കേസ് പ്രതിയാണെങ്കിൽ അദ്ദേഹത്തിന്റെ സഹോദരൻ കുമാരൻ പിണറായിയിൽ പാറപ്രത്തെ മുസ്ലിം പള്ളി പൊളിച്ച കേസിലെ പ്രതിയാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ പ്രധാന ആരോപണം. ഇത് സംബന്ധിച്ച ഗോപാലകൃഷ്ണന്റെ പ്രസ്താവന ഇങ്ങനെ പോകുന്നു. 'വോട്ട് ബാങ്കിനെ കൂടെ നിറുത്താൻ ശ്രമിക്കുകയാണ് സി പി എം. പള്ളിപൊളിച്ച പാരമ്പര്യമാണ് സി പി എമ്മിനും പിണറായിയുടെ കുടുംബത്തിനും ഉള്ളത്. പിണറായി കൊലക്കേസ് പ്രതിയാണെങ്കിൽ സഹോദരൻ കുമാരൻ പിണറായിയിലെ പാറപ്രത്തെ മുസ്ലിം പള്ളി പൊളിച്ച കേസിലെ പ്രതിയായിരുന്നു. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ടു അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ സി പി എമ്മിന്റെ നേതാവായിരുന്ന എ കെ ജി കലാപത്തിൽ കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി കലാപത്തിൽ സി പി എം കേന്ദ്രങ്ങളിലെ മുപ്പത് മുസ്ലിം പള്ളികളാണ് സി പി എമ്മുകാർ തകർത്തതെന്ന് ചരിത്ര രേഖകളിൽ പറയുന്നു. തലശ്ശേരി കലാപത്തിൽ സി പി എം കാരനായ യു കെ കുഞ്ഞിരാമൻ പള്ളി ആക്രമണത്തെ കാവൽ നിന്ന് തടഞ്ഞുവെന്നു പറയുന്ന സി പി എമ്മുകാർ ഇതേ പള്ളി 2010 ഒക്ടോബർ മാസം പത്താം തിയ്യതി പൊളിച്ചുവെന്ന സത്യം നമ്മുടെ മുന്നിലുണ്ട്.'


ഗോപാലകൃഷ്ണൻ പറയുന്ന ഒരു കാര്യവും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നതാണ് വസ്തുത. വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എ കെ ജിയെക്കുറിച്ചു പരാമർശിക്കുന്നേയില്ല. അതേസമയം 1967 ലെ രണ്ടാം ഇ എം എസ് സർക്കാരിനെ തള്ളി താഴെയിട്ടതിനെ തുടർന്ന് മുസ്ലിം ലീഗിനോട് സി പി എം പ്രവർത്തകർക്ക് നീരസം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. എ കെ ജി യെക്കുറിച്ചുള്ള ഏക പരാമർശം തന്നെ കമ്മീഷന് മുൻപാകെ ഹാജരായ ഭാരതീയ ജന സംഘത്തിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി എ ഡി നായർ എഴുതി നൽകിയ പ്രസ്താവനയാണ്. ഇതിനെ കമ്മീഷന്റെ കണ്ടെത്തലായി എങ്ങനെ കണക്കാക്കാനാവും എന്നത് ഗോപാലകൃഷ്ണൻ തന്നെ വിശദീകരിക്കേണ്ട കാര്യമാണ്. എ ഡി നായരുടെ പ്രസ്താവനയിൽ പറയുന്നത് 1970 ലെ ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാടായിയിലും പയ്യന്നൂരിലും സി പി എം - ലീഗ് സംഘട്ടനങ്ങൾ ഉണ്ടായെന്നും സി പി എമ്മിന്റെ ഒരു പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടുവെന്നും ഇതിൽ പ്രതിഷേധിച്ച് എ കെ ജി തിരുവനന്തപുരത്തേക്ക് ജീപ്പ് ജാഥ നടത്തിയെന്നും പ്രസ്തുത ജാഥ സി പി എം - ലീഗ് ശത്രുതക്ക് കാരണമായി എന്നുമാണ്.
ഗോപാലകൃഷ്ണൻ പറയുന്ന പിണറായി വിജയന്റെ സഹോദരൻ പ്രതിയായ പള്ളി ആക്രമണ കേസും മറ്റൊരു നുണ ബോംബാണെന്ന് ആ പള്ളിയുടെ തന്നെ ഭാരവാഹികൾ പറയുന്നു. തലശ്ശേരി കലാപത്തിൽ മുസ്ലിം പള്ളികൾ ആക്രമിക്കപ്പെട്ടു എന്നത് ഒരു വസ്തുതയാണെങ്കിലും സി പി എം ശക്തികേന്ദ്രങ്ങളിൽ മുപ്പതു മുസ്ലിം പള്ളികൾ സി പി എമ്മുകാർ തകർത്തുവെന്നത് കളവാണ്. ഇങ്ങനെയൊരു കണ്ടെത്തൽ വിതയത്തിൽ കമ്മീഷൻ നടത്തിയിട്ടില്ലെന്ന് മാത്രമല്ല ഏതാനും പള്ളികൾ ഹിന്ദുക്കൾ തകർത്തുവെന്നല്ലാതെ സി പി എമ്മുകാർ തകർത്തുവെന്നതിനു വ്യക്തമായ മറ്റു രേഖകളുമില്ല. മെരുവമ്പായിയിലെ പള്ളിയെക്കുറിച്ചു ഗോപാലകൃഷ്ണൻ ഉന്നയിക്കുന്ന ആരോപണവും പൂർണമായും ശരിയല്ല. 2010 ൽ പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മെരുവമ്പായിൽ സംഘർഷം ഉണ്ടായെന്നും അതിനിടയിൽ പള്ളിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചവര്‍ക്കു നേരെ ചിലർ എറിഞ്ഞ കല്ലുകളിലൊന്ന് പതിച്ചതിനെ തുടർന്ന് പള്ളിയുടെ ഒരു ജനൽച്ചില്ലു പൊട്ടിയെന്നും എന്നാൽ നേതാക്കൾ ഇടപെട്ടു ആ പ്രശ്നം അന്ന് വൈകീട്ട് തന്നെ ഒത്തുതീർപ്പാക്കിയെന്നുമാണ് അക്കാലത്തു പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്ന പി പി അബ്ദുൽ റഹ്‌മാൻ പറയുന്നത്.
ഇനി പി ടി തോമസിലേക്കു വന്നാൽ ഗോപാലകൃഷ്ണനെപ്പോലെ തന്നെ തലശ്ശേരി കലാപം സി പി എമ്മിന്റെ സൃഷ്ടിയായിരുന്നു എന്ന് വരുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കാണാം. മെരുമ്പായിയിൽ കുഞ്ഞിരാമൻ എന്ന സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ടത് മുസ്ലിം പള്ളിക്കു കാവൽ നിൽക്കുമ്പോൾ ആയിരുന്നില്ലെന്നാണ് പി ടിയുടെ കണ്ടെത്തൽ. പള്ളിക്കു കാവൽ നിന്നതിന്റെ പേരിലാണ് കുഞ്ഞിരാമനെ ആർ എസ് എസുകാർ കൊന്നതെന്നല്ലാതെ കാവൽ നിൽക്കുന്ന വേളയിൽ കൊല്ലപ്പെട്ടുവെന്ന് സി പി എം നേതാക്കൾ അവകാശപ്പെട്ടതായി അറിവില്ല. ചുരുങ്ങിയ പക്ഷം അന്തരിച്ച സി എം പി നേതാവ് എം വി രാഘവന്റെ 'ഒരു ജന്മം' എന്ന ആത്മകഥ വായിച്ചിരുന്നുവെങ്കിൽ പി ടി ഇങ്ങനെ പറയില്ലായിരുന്നു. അക്കാലത്തു സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ആർ വര്‍ഷങ്ങള്‍ക്ക് ശേഷം സി എം പി നേതാവായിരുന്ന വേളയിൽ എഴുതിയ ആത്മകഥയിൽ ഇങ്ങനെ പറയുന്നു:

'തലശ്ശേരിയിൽ നടന്ന സാമുദായിക സംഘട്ടനത്തെ തുടർന്ന് മാങ്ങാട്ടിടത്തിനടുത്തുള്ള മെരുവമ്പായി പള്ളി, നീർവേലി
ള്ളി എന്നീ മുസ്ലിം ആരാധനാലയങ്ങൾ തകർക്കാനും അവിടത്തെ ഏതാനും മുസ്ലിം വീടുകൾ കൊള്ളയടിക്കാനും കൊള്ളിവെക്കാനുമുള്ള ജനസംഘക്കാരുടെ സംഘടിത ശ്രമത്തെ പരാജയപ്പെടുത്താൻ യു കെ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വോളണ്ടിയർ സഖാക്കൾ രാപ്പകൽ വിത്യാസമില്ലാതെ കാവൽ നിന്നു. ഇതിലുള്ള രോഷമാണ് കൊലപാതകത്തിൽ കലാശിച്ചത്' ( ഒരു ജന്മം -എം വി ആർ - പേജ് -166 ).


കലാപ നാളുകളിൽ കുഞ്ഞിരാമൻ അടക്കമുള്ള സി പി എം പ്രവർത്തകർ മെരുവമ്പായി പള്ളിക്കു കാവൽ നിന്ന കാര്യം പി പി അബ്ദുൽ റഹ്‌മാനും സമ്മതിക്കുന്നു. തലശ്ശേരിയിൽ 1971 ഡിസംബറിൽ 28 നു രാത്രി പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങി അഞ്ചു നാൾ കഴിഞ്ഞാണ് (ജനുവരി 4) മെരുവമ്പായിൽ വെച്ച് യു കെ കുഞ്ഞിരാമൻ എന്ന സി പി എം കാരൻ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്കു മടങ്ങുമ്പോൾ അക്രമി സംഘം പതിയിരുന്നു ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്നത് ഒരു കള്ളുഷാപ്പിന് അടുത്തുവെച്ചായിരുന്നതിനാൽ പിന്നീട് രാഷ്ട്രീയ എതിരാളികൾ അതിനു മറ്റൊരു വ്യാഖ്യാനം നല്കുകയായിരുന്നുവെന്നു അബ്ദുൽ റഹ്‌മാനും മറ്റും പറയുന്നു. കുഞ്ഞിരാമന്റെ കൊലപാതകം കലാപ ദിനങ്ങളിൽ ആയിരുന്നില്ല നടന്നതെന്നിലാവണം വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ അത് പരാമര്‍ശിക്കപ്പെടാതെ പോയത്. കമ്മീഷനുമായി സി പി എം സഹകരിച്ചില്ലെന്നതും ഇതിനൊരു കാരണം ആയിട്ടുണ്ടാവാം.
ഗോപാലകൃഷ്ണന്റെയും പരിവാറിന്റെയുമൊക്കെ നുണക്കഥകളെ വെല്ലാൻ പോന്ന ചില കണ്ടെത്തലുകൾ കൂടി പി ടി തോമസ് നടത്തുന്നുണ്ട്. സി പി എമ്മിന്റെ താത്വിക ആചാര്യനായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും സിദ്ധാന്തങ്ങളാണ് ആർ എസ് എസിൽ മുസ്ലിം വിരോധം ജനിപ്പിക്കാൻ ഇടയാക്കിയെതെന്നതാണ് അത്. ഇതിനോട് ആർ എസ് എസുകാർ പോലും യോജിക്കുമെന്നു തോന്നുന്നില്ല. സത്യത്തിൽ ഇക്കാര്യങ്ങളൊക്കെ 2018 മാര്‍ച്ച് 13 നു പി ടി തോമസ് കേരള നിയസഭയിലും ഉന്നയിച്ചിരുന്നു. പി ടി യുടെ പരാമർശങ്ങൾ സ്പീക്കർ സഭ രേഖകളിൽ നിന്നും നീക്കം ചെയ്യുകയായിരുന്നുവെന്ന്‌
മാര്‍ച്ച്
14 ന്റെ ദി ഹിന്ദു പത്രം ത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. (LDF, UDF spar over minorities' security. The H
i
ndu, March 13, 2018).

*ആദ്യ ചിത്രം-അടിയന്തരാവസ്ഥ കാലത്ത് എകെജി പ്രസംഗിക്കുന്നു. സമീപം പിണറായി വിജയന്‍

നാളെ : കലാപത്തിന്റെ നാൾവഴികൾ


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories