TopTop
Begin typing your search above and press return to search.

'മയിരേ പി ഒ' 'ഷേണി പി ഒ' ആയതിന് പിന്നില്‍- ഭാഷാ ന്യൂനപക്ഷത്തെ വിഴുങ്ങുന്നതാര്?

മയിരേ പി ഒ ഷേണി പി ഒ ആയതിന് പിന്നില്‍- ഭാഷാ ന്യൂനപക്ഷത്തെ വിഴുങ്ങുന്നതാര്?
2016 ഡിസംബർ 20ന് കാസറഗോഡ് പോസ്റ്റോഫീസ് സൂപ്രണ്ട് പുറത്തിറക്കിയ ഒരു ഉത്തരവ് കേരളത്തിലെ മാധ്യമങ്ങൾ ഒട്ടുമുക്കാലും ഒരു കൌതുക വാർത്ത പോലെ റിപ്പോർട്ട് ചെയ്തിരുന്നു. തുളുവർ വസിക്കുന്ന കാസറഗോട്ടെ ഒരു ഗ്രാമത്തിലെ പോസ്റ്റോഫീസിന്റെ പേര് മാറ്റുന്ന ഉത്തരവായിരുന്നു സൂപ്രണ്ടിന്റേത്. എൻമകജെ പഞ്ചായത്തിലെ 'മൈരെ' എന്ന ഗ്രാമം ഇനിമേൽ 'ഷേണി' എന്ന പേരിൽ അറിയപ്പെടുമെന്നായിരുന്നു ആ തീട്ടൂരം. കാസറഗോഡ് പെര്‍ള സബ് പോസ്റ്റ്...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


2016 ഡിസംബർ 20ന് കാസറഗോഡ് പോസ്റ്റോഫീസ് സൂപ്രണ്ട് പുറത്തിറക്കിയ ഒരു ഉത്തരവ് കേരളത്തിലെ മാധ്യമങ്ങൾ ഒട്ടുമുക്കാലും ഒരു കൌതുക വാർത്ത പോലെ റിപ്പോർട്ട് ചെയ്തിരുന്നു. തുളുവർ വസിക്കുന്ന കാസറഗോട്ടെ ഒരു ഗ്രാമത്തിലെ പോസ്റ്റോഫീസിന്റെ പേര് മാറ്റുന്ന ഉത്തരവായിരുന്നു സൂപ്രണ്ടിന്റേത്. എൻമകജെ പഞ്ചായത്തിലെ 'മൈരെ' എന്ന ഗ്രാമം ഇനിമേൽ 'ഷേണി' എന്ന പേരിൽ അറിയപ്പെടുമെന്നായിരുന്നു ആ തീട്ടൂരം. കാസറഗോഡ് പെര്‍ള സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിലുളളതാണ് മൈരെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്. പേരിലെ കൌതുകം ടൈറ്റിലാക്കി ഓൺലൈൻ മാധ്യമ എഡിറ്റർമാർ പേജ് വ്യൂസിനുള്ള വഴി കണ്ടെത്തി. പത്രങ്ങളിലും കൌതുകമുണർത്തുന്ന ബോക്സ് വാർത്തയായി മാറി. ചില ടെലിവിഷൻ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിലുമുണ്ടായിരുന്നു കൌതുകം. റിപ്പോർട്ടർമാർ ഗ്രാമത്തിന്റെ പേരായ 'മൈരെ' എന്ന് പ്രസ്താവിക്കുന്നിടത്തെല്ലാം ബീപ് ശബ്ദം കൊടുത്ത് മറച്ചു. അശ്ലീലം പൊതുസ്ഥലത്ത് പാടില്ല. ശ്ലീലത്തിന്റെ പ്രചാരകരായ മാധ്യമങ്ങൾ അത് ഒട്ടും പ്രോത്സാഹിപ്പിക്കാനും പാടില്ല!

ഈ ഉത്തരവ് വാർത്തയാകുന്നതിനു നാലുവർഷം മുമ്പുതന്നെ മൈരെ ഗ്രാമത്തിന്റെ പേരിൽ ഔദ്യോഗികമായി മാറ്റം വരുത്തിയിരുന്നു. എൻമകജെ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഈ പ്രദേശത്തിന്റെ പേര് പഞ്ചായത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മാറ്റിയത്. പുറംനാട്ടുകാരായ ചില ഉദ്യോഗസ്ഥർ ഈ പ്രദേശത്തേക്ക് സ്ഥലംമാറിയെത്തിയപ്പോൾ അവർക്കുണ്ടായ ബുദ്ധിമുട്ടുകളാണ് മൈരേ എന്ന സ്ഥലപ്പേര് മാറ്റാനുള്ള കാരണമായി ഉന്നയിക്കപ്പെട്ടത്. ഈ ഉദ്യോഗസ്ഥർ കാസറഗോഡിന് തെക്കുള്ള നാടുകളിൽ നിന്നുള്ളവരാകയാൽ അവർക്ക് സ്വന്തം നാട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ജോലി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പറയാൻ ബുദ്ധിമുട്ട് നേരിട്ടുവത്രെ. സ്ഥലത്തെ ചില പ്രമാണിമാർ ഉദ്യോഗസ്ഥരുടെ ഈ ബുദ്ധിമുട്ടിനെ ഏറ്റെടുക്കുകയും ചെയ്തതോടെ പേരുമാറ്റത്തിനുള്ള നീക്കങ്ങൾ ശക്തമായി. സ്ഥലംമാറിയെത്തുന്ന ഉദ്യോഗസ്ഥർക്കുവേണ്ടി സ്വന്തം നാടിന്റെ പേര് മാറ്റേണ്ടി വന്ന വിചിത്രമായ ഈ സ്ഥിതിയാണ് മൈരെയിലുണ്ടായതെന്നാണ് ആരോപിക്കപ്പെടുന്നത്. ഒടുവിൽ തുളു ഭാഷയിലുള്ള സ്ഥലപ്പേരിനെ കൊങ്കിണി ഭാഷയിലുള്ള സ്ഥലപ്പേരാക്കി മാറ്റി. ഷേണി എന്ന വാക്കിനർത്ഥം ചാണകവരളി എന്നാണ്. ഈ പേരും പ്രദേശത്തിന്റെ സാംസ്കാരിക ജീവിതം ചൂണ്ടിക്കാട്ടുന്ന ഒന്നാണ്. തൊട്ടടുത്തുള്ള കുറെക്കൂടി വലിയ ഒരു നാടിന്റെ പേര് മൈരെ ഗ്രാമത്തിലേക്കും നീട്ടിപ്പിടിക്കുകയാണ് അധികൃതർ ചെയ്തത്.

എന്നാൽ മൈരെ നിവാസികളോട് മലയാളം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന 'ധിക്കാരം' ആരും തിരിച്ചറിഞ്ഞില്ലെന്ന് കരുതരുത്. ചില മാധ്യമങ്ങളെങ്കിലും കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാനുള്ള സംവേദനശേഷി കാണിച്ചു. 2016 ഡിസംബർ 23ന് ഡെക്കാൻ ക്രോണിക്കിളിൽ അമിയ മീത്തൽ എഴുതിയ റിപ്പോർട്ടിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: "കാസറഗോട്ടെ തുളു ഗ്രാമത്തെ മലയാളം വിഴുങ്ങുന്നു."


"സ്വന്തം നാട്ടിൽ അന്യസംസ്ഥാനക്കാരെപ്പോലെ"
ഭാഷാ അധിനിവേശത്തിന്റെ പ്രശ്നമാണോയെന്ന ചോദ്യത്തോട് സ്ഥലവാസികൾക്കു പോലും അത്ര വ്യക്തമായ മറുപടിയില്ല. അത്തരമൊരു അധിനിവേശം നടത്തുന്ന ഭാഷയാണ് മലയാളമെന്ന് വിശ്വസിക്കാനും പലരും തയ്യാറുമല്ല. കാസറഗോഡ് ജില്ലയിൽ ഐക്യമലയാള പ്രസ്ഥാനം മാതൃഭാഷാ പ്രസ്ഥാനമെന്ന പേരാണ് സ്വീകരിച്ചതെന്ന് സംഘടനയുടെ നേതാവായ പത്മനാഭൻ ബ്ലാത്തൂർ പറയുന്നു. തുളു അടക്കമുള്ള നിരവധി ഭാഷകളുടെ സംഗമകേന്ദ്രമാണ് കാസറഗോഡ് എന്നത് പരിഗണിച്ചായിരുന്നു ഇത്. മലയാളഭാഷയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയർന്നു വന്ന മുന്നേറ്റങ്ങൾ എല്ലായ്പ്പോഴും ന്യൂനപക്ഷ ഭാഷകളെ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നെന്നാണ് പത്മനാഭൻ ബ്ലാത്തൂർ പറയുന്നത്. മൈരെ ഗ്രാമത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ചില ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ പ്രവർത്തിച്ചുവെന്നത് മാത്രമാണ്. അതിൽ ഭാഷാ മൌലികവാദമൊന്നും പ്രവർത്തിച്ചതായി കാണാൻ കഴിയില്ല.

എന്നാൽ, ചില മാറ്റങ്ങൾ തങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടെന്നാണ് കാസറഗോട്ടെ കർണാടക സമിതി നേതാവും സംസ്ഥാനതല ഭാഷാന്യൂനപക്ഷ സമിതിയിലെ പ്രത്യേക ക്ഷണിതാവുമായ കെ. എം. ബല്ലാകുറായ പറയുന്നത്. "പണ്ട് റെവന്യൂ രേഖകൾ അടക്കമുള്ള എല്ലാ ഡോക്യുമെന്റ്സും ഇംഗ്ലീഷിലായിരുന്നു. ഞങ്ങൾ അത്രയൊന്നും ബുദ്ധിമുട്ടിയിരുന്നില്ല. ഇപ്പോൾ അതെല്ലാം മലയാളത്തിലാക്കി. ഒരു ഡോക്യുമെന്റ് എടുത്താൽ അത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. കൂടാതെ കന്നഡയിൽ എഴുതി നൽകുന്ന പരാതിയോ മറ്റ് രേഖകളോ സർക്കാർ ഓഫീസുകളിൽ സ്വീകരിക്കുമായിരുന്നു. ഇന്ന് സ്ഥിതി വല്ലാതെ മാറി. സർക്കാർ ഓഫീസുകളിൽ കന്നഡയിൽ നൽകുന്ന പരാതികൾ സ്വീകരിക്കുന്നില്ല. മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പരസ്യങ്ങളടക്കം എല്ലാം മലയാളത്തിലാണ്. ന്യൂനപക്ഷ ഭാഷകളിലേക്ക് അവ മാറ്റി പ്രചരിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് നടക്കുന്നില്ല. സർക്കാരും സാധാരണ ജനങ്ങളും തമ്മിലുള്ള ആശയവിനിമയം ഏറെക്കുറെ ഈ പ്രദേശങ്ങളിൽ ഇല്ല എന്നതാണ് അവസ്ഥ. ഞങ്ങളൊരു അന്യസംസ്ഥാനത്തെ ആളുകളെപ്പോലെ ആയിപ്പോകുന്നു."

മുൻകാലങ്ങളിൽ ഇത്തരമൊരു തോന്നൽ തങ്ങൾക്കുണ്ടായിരുന്നില്ലെന്ന് ബല്ലാകുറായ പറയുന്നു. എല്ലാ ഓഫീസുകളും തങ്ങളുടെ ഭാഷയിലെ രേഖകൾ വാങ്ങുമായിരുന്നു. ഓർഡറുകളെല്ലാം ഇംഗ്ലീഷിൽ ലഭിക്കുമായിരുന്നു. ഇന്ന് ആ സ്ഥിതി പാടെ മാറി. മലയാളത്തിലായതിനാൽ പലർക്കും എഫ്ഐആറുകൾ വായിച്ചു മനസ്സിലാക്കാതെ ഒപ്പിടേണ്ട അവസ്ഥ പോലും വരുന്നുണ്ട്.


അംബികാസുതൻ മാങ്ങാട്

ബ്രാഹ്മണവൽക്കരണം?
എൻമകജെ ഗ്രാമമടക്കമുള്ള കാസറഗോഡൻ ഉൾഗ്രാമങ്ങളിൽ ശക്തമായ ബ്രാഹ്മണവൽക്കരണം നടക്കുന്നുണ്ടെന്നും ഈ പേരുമാറ്റത്തിൽ പ്രതിഫലിക്കുന്നതും മറ്റൊന്നല്ലെന്നുമുള്ള അഭിപ്രായക്കാരനാണ് നോവലിസ്റ്റ് അംബികാസുതൻ മാങ്ങാടിനുള്ളത്. "ഒരു വർഷം മുമ്പ് എൻമകജെ ഗ്രാമത്തിലേക്ക് വീണ്ടും എന്ന ഒരു ലേഖനമെഴുതുമ്പോൾ ആ ഗ്രാമത്തിൽ വന്നിട്ടുള്ള പുതിയ അധിനിവേശങ്ങളെക്കുറിച്ചും ബ്രാഹ്മണ്യത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചുമൊക്കെ സൂചിപ്പിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരുദാഹരണമെന്ന നിലയിൽ മൈരേ എന്ന തുളു നാമത്തെ ഷേണി എന്ന ബ്രാഹ്മണിക്കലായ പേരു കൊണ്ട് മാറ്റിയെടുക്കാൻ ശ്രമിച്ചതെന്ന് എഴുതുകയുണ്ടായി. മലയാളികൾക്ക് അത് തെറിയാണ്. എന്നാൽ മയിലാടുന്ന ദേശം എന്നാണ് തുളു ഭാഷക്കാർക്ക് ആ വാക്കിനർത്ഥം."

കാസറഗോഡ് പ്രദേശത്ത് വരുന്ന ഉദ്യോഗസ്ഥരിൽ പലരും ശിക്ഷാനടപടികളേറ്റു വാങ്ങി വരുന്നവരാണെന്നും അംബികാസുതൻ ചൂണ്ടിക്കാട്ടുന്നു. കാസറഗോഡ് ഒരു കുപ്പത്തൊട്ടിയാണ് എന്ന് ഒരു ലേഖനം ഞാനെഴുതിയപ്പോൾ ഡി ബാബുപോൾ തനിക്കൊരു കത്തെഴുതുകയുണ്ടായി. സിവിൽ സർവീസിൽ ജോയിൻ ചെയ്ത ആദ്യകാലത്ത് ഒരു മേലുദ്യോഗസ്ഥൻ അദ്ദേഹത്തെ കാസറഗോഡേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. തെറ്റ് ചെയ്യുന്നവരെ സെക്രട്ടേറിയറ്റിനു ചുറ്റുമാണ് നിർത്തേണ്ടത്. അതാണ് അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ. അല്ലാതെ കാസറഗോട്ടെ പാവപ്പെട്ട ജനങ്ങളുടെ തലയിൽ ചാർത്തുകയല്ല വേണ്ടത്. അത്തരക്കാർക്കാണ് ഈ നാടിന്റെ പേര് തെറിയാണെന്ന് തോന്നിയത്: അംബികാസുതൻ പറയുന്നു.

"എൻമകജെ ഗ്രാമത്തിൽ ആറേഴ് ഭാഷ സംസാരിക്കുന്നവരുണ്ട്. അവരുടെ കോമൺ ലാംഗ്വേജ് തുളുവാണ്. വളരെ പാവങ്ങളായ മനുഷ്യരാണ് അവിടെ താമസിക്കുന്നത്. തുളുനാട് എന്നാണ് ഈ സ്ഥലത്തിന്റെ പേര്. തുളു രാജാക്കൻമാർ ഭരിച്ചിരുന്ന സ്ഥലമാണ്. ഈ ഭാഷയ്ക്ക് ലിപിയില്ല എന്നതൊക്കെ വെറും തെറ്റിദ്ധാരണയാണ്. ധാരാളം ഗ്രന്ഥങ്ങൾ ഈ ലിപിയിൽ കണ്ടെത്തിയിട്ടുണ്ട്. കേരളമെന്നും കർണാടകമെന്നും രണ്ട് സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ തുളു ഒരു അവഗണിക്കപ്പെട്ട ഭാഷയായി മാറി. അവർക്ക് തുളു പഠിക്കാൻ വഴിയില്ലാത്തതു കൊണ്ട് അവർ കന്നഡയോ മലയാളമോ പഠിക്കുകയാണ്. ഇങ്ങനെ തുളുവിനു മേൽ പല കാലങ്ങളായി വന്നിട്ടുള്ള അധികാരപ്രയോഗങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മൈരെ എന്ന സ്ഥലം ഷേണി എന്ന സംസ്കൃത പദമായി മാറിയത്. കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കവിയായിരുന്നു രാഷ്ട്രകവി ഗോവിന്ദ പൈ. എന്നാൽ കേരളീയനെന്ന ഒരു പരിഗണനയും സർക്കാരുകൾ അദ്ദേഹത്തിന് നൽകിയില്ല. അദ്ദേഹത്തിന്റെ വീട് തകർന്നടിഞ്ഞു കിടക്കുന്നതിനെപ്പറ്റി ഞാൻ മാതൃഭൂമിയിൽ ലേഖനമെഴുതിയിരുന്നു. അന്നത് കവർസ്റ്റോറിയായി വന്നു. വള്ളത്തോളിനും ഉള്ളൂരിനും സമശീർഷനായ കവിയുടെ വീട് സംരക്ഷിക്കപ്പെടണമെന്ന് അതിനു ശേഷമാണ് സർക്കാരിന് തോന്നിയത്. കയ്യാറ കിഞ്ഞണ്ണ റൈയും ഇത്തരത്തിൽ അവഗണിക്കപ്പെട്ട ഒരാളാണ്." അദ്ദേഹം പറഞ്ഞു നിർത്തി.

"മലയാളത്തിന്റെ അധിനിവേശമില്ല"

എന്നാൽ പേരുമാറ്റം സംബന്ധിച്ച ഈ വാദങ്ങളോടൊന്നും സ്ഥലത്തെ രാഷ്ട്രീയ നേതാവായ സോമശേഖര യോജിക്കുന്നില്ല. പേരുമാറ്റം നടക്കുന്ന 2012ൽ മൈരെ ഗ്രാമം ഉൾപ്പെടുന്ന വാർഡിലെ മെമ്പറായിരുന്നു സോമശേഖര. നാട്ടുകാരുടെ കൂടി അഭിപ്രായപ്രകാരമായിരുന്നു പേര് മാറ്റിയതെന്ന് ഇപ്പോൾ കോൺഗ്രസ് ഡിസിസി സെക്രട്ടറി കൂടിയായ സോമശേഖര പറയുന്നു. ഗ്രാമസഭയിൽ ചർച്ച ചെയ്ത ശേഷം പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസ്സാക്കുകയായിരുന്നു. ഇതേ അഭിപ്രായം തന്നെ പങ്കുവെക്കുന്നു പേരുമാറ്റത്തിന് നേതൃത്വം നൽകിയ രവി നായിക്ക് മാഷ്. പ്രദേശത്ത് ഇപ്പോൾ തുളു സംസാരിക്കുന്നവരെക്കാൾ മലയാളം സംസാരിക്കുന്നവരാണ് പ്രദേശത്ത് ഇപ്പോൾ കൂടുതൽ. ചർച്ച വന്നപ്പോൾ വില്ലേജിന്റെ ഭൂരിഭാഗവും അറിയപ്പെടുന്നത് ഷേണി എന്നാണ്. മലയാളത്തിന്റെ അധിനിവേശമാണ് നടന്നതെങ്കിൽ 'ഷേണി' എന്ന പേര് ഗ്രാമത്തിന് ഇടുമായിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഷേണി എന്നത് മലയാളം പേരല്ല. മൈരെ എന്നത് ഒരു ചെറിയ പ്രദേശം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. പത്തമ്പത് വീടുകൾ കാണും. അവർ തന്നെയും അനൌദ്യോഗികമായി പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുസ്ലിം കമ്യൂണിറ്റി പ്രദേശത്ത് കൂടിയിട്ടുണ്ട്. ഇക്കാരണത്താൽ മലയാളവും കൂടിയിട്ടുണ്ട്. പ്രദേശവാസികൾ ഇപ്പോൾ സ്ഥലത്തിന് പറയുന്നത് മലങ്കര എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൈരായും മയൂരവും

തുളുനാട്ടിലെ ഗോത്രവർഗക്കാർക്കിടയിൽ പെൺകുട്ടികൾക്കിടാവുന്ന പേരുകളിൽ ഏറെ ജനപ്രിയമായിരുന്നു 'മൈരേ' എന്ന പേര്. പെൺമയിലിന് തുളു ഭാഷയിലെ പേരാണ് മൈരേ. ആൺമൈയിലിന് മൈരാ എന്നും. തുളു ഭാഷയുമായും അവരുടെ സംസ്കാരവുമായി ആഴമേറിയ ബന്ധമുള്ള പേരാണ് മൈരേ എന്ന് ചുരുക്കം. സാംസ്കാരികമായ ഈ പ്രാധാന്യം തിരിച്ചറിയാൻ പുറംനാട്ടുകാരായ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

"ഞങ്ങളുടെ ഭാഗത്തൊക്കെ ദസറയാണ് പ്രധാന ആഘോഷം. മഹാബലി വരുന്ന ആഘോഷമുണ്ടെങ്കിലും അത് മലയാളികളുടെ ആഘോഷം കഴിഞ്ഞ് ഒരുമാസത്തിനു ശേഷമാണ്. ഈ ആഘോഷത്തിന് ഞങ്ങൾക്കിടയിൽ ദസറയോളം പ്രാധാന്യമില്ല. എന്നാൽ സർക്കാർ സംവിധാനങ്ങളെല്ലാം ഓണാഘോഷങ്ങൾക്കാണ് ഞങ്ങളുടെ പ്രദേശത്തും പ്രാധാന്യം കൊടുക്കുക. ദസറയ്ക്ക് ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് ഓരോ വർഷവും ഞങ്ങൾ കളക്ടറുടെ ഓഫീസിൽ ചെന്ന് പറഞ്ഞാൽ മാത്രമേ വല്ലതും നടക്കാറുള്ളൂ. കഴിഞ്ഞ രണ്ടുകൊല്ലമായി അതും നടക്കുന്നില്ല," സാംസ്കാരികമായ അവഗണന വ്യാപ്തിയുള്ളതാണെന്ന് ബല്ലാകുറായ ഉറപ്പിച്ചു പറയുന്നു.

നേരത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ സംസ്ഥാനതലത്തിൽ ഒരു സമിതി സ്ഥിരമായി പ്രവർത്തിച്ചിരുന്നു. പുതിയ സർക്കാർ വന്നതിനു ശേഷം അതും കാര്യമായി പ്രവർത്തിക്കുന്നില്ല. മുഖ്യമന്ത്രി ചെയർമാനായ ഈ സമിതി രണ്ടുകൊല്ലം മുമ്പ് ഒന്ന് കൂടിയിരുന്നുവെങ്കിലും കാര്യമായ ഒന്നും നടന്നില്ല. സമിതി കൂടണമെന്നതിനാൽ കൂടുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ബല്ലാകുറായ പറയുന്നു. ജില്ലാതലത്തിലും സമിതിയുണ്ടെങ്കിലും അതും ചേരാറില്ല. ജില്ലാ കളക്ടറാണ് വിളിച്ചുകൂട്ടേണ്ടത്. അദ്ദേഹത്തോട് ഡിമാൻഡ് ചെയ്യുമ്പോൾ പേരിന് വിളിച്ചു കൂട്ടാറുണ്ട്. അതിലും പ്രിസൈഡ് ചെയ്യേണ്ട കളക്ടർ തന്റെ കീഴുദ്യോഗസ്ഥരെ നിയോഗിച്ച് മാറുകയാണ് പതിവ്.

മലയാളഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്ന നയം സംസ്ഥാന സർക്കാർ നടപ്പാക്കിയപ്പോഴും പ്രയാസത്തിലായത് ഭാഷാന്യൂനപക്ഷങ്ങളാണ്. മലയാളഭാഷയ്ക്ക് സർക്കാരിൽ നിന്ന് കിട്ടുന്ന കൂടിയ വിശേഷാധികാരങ്ങൾ കന്നഡ സംസാരിക്കുന്നവരിൽ ഒരു വിഭാഗത്തെ ആകർഷിക്കുന്നുണ്ട്. കന്നഡ മീഡിയം സ്കൂളുകളിൽ പഠിക്കുന്നവർ കന്നഡയും മലയാളവും പഠിക്കേണ്ടതായി വരും. കുട്ടികളെ അങ്ങനെ ഭാരമേൽപ്പിക്കാൻ തയ്യാറല്ലാത്ത വലിയൊരു വിഭാഗം പേർ മലയാളം മീഡിയത്തിലേക്ക് ചേക്കേറുന്നു. മേഖലയിലെ സാമ്പത്തിക പിന്നാക്കാവസ്ഥയും മലയാളം മീഡിയം സ്കൂളുകൾ തെരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും പിന്നാക്ക വിഭാഗങ്ങളിൽ പെട്ടയാളുകൾ തങ്ങളുടെ കുട്ടികളെ കൂടുതൽ ആനുകൂല്യങ്ങളും സർക്കാരിന്റെ അനുകൂല സമീപനവും പ്രതീക്ഷിച്ച് മലയാളം മീഡിയം സ്കൂളുകളിൽ ചേർക്കുന്നു.


1956ലെ സംസ്ഥാന പുനസംഘടനകളുടെ ഭാഗമായി ദക്ഷിണ കാനറ ജില്ലയുടെ വലിയൊരു ഭാഗം കേരളത്തിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്ത് കന്നഡ ഭാഷാ ന്യൂനപക്ഷം സൃഷ്ടിക്കപ്പെടുന്നത്. കേരളത്തിൽ തമിഴ്, കന്നഡ, കൊങ്കിണി എന്നീ ഭാഷകളാണ് ന്യൂനപക്ഷ ഭാഷകളായി തിരിച്ചറിയപ്പെട്ടിട്ടുള്ളത്. ന്യൂനപക്ഷമായ തുളുവും പ്യാരിയുമെല്ലാമടക്കം മുപ്പതിലധികം ചെറുഭാഷകൾ കാസറഗോഡ് തന്നെയുണ്ടെങ്കിലും അവയൊന്നും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പെടുന്ന ഭാഷകളല്ല. ഒരു സംസ്ഥാനത്തും പ്രധാന ഭാഷയായി ഈ ഭാഷകളൊന്നുമില്ല എന്നതിനാലാണിത്. കുടിയേറ്റ തൊഴിലാളികൾ ധാരാളമായി സംസ്ഥാനത്തേക്ക് എത്തുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ ഭാഷകളുടെ എണ്ണം (ഔദ്യോഗികമായല്ലെങ്കിലും) കൂടുന്നുണ്ട്. എന്നാൽ ഇവരുമായി കേരളത്തിലെ കന്നഡിഗരെയും തുളുവരെയുമൊന്നും താരതമ്യം ചെയ്തുകൂടാ. അവർ പൂർണമായ അർത്ഥത്തിൽ കേരളീയർ തന്നെയാണ്. കേരളമെന്ന പ്രദേശം തന്നെയാണ് തങ്ങളുടെ ജന്മദേശമെന്നതിനാൽ അവിടെ രണ്ടാംതരക്കാരായി ജീവിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നാണ് ഇവർ പറയുന്നത്.
കന്നഡക്കാരെ സംബന്ധിച്ചിടത്തോളം ഈ വാദം ഏറെ ശരിയാണെന്ന് പറയുന്നു സംസ്ഥാന ഭാഷാ ന്യൂനപക്ഷ സ്പെഷ്യല്‍ ഓഫീസറായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ. അവർ കുടിയേറിയവരല്ല. ഇവിടുത്തുകാർ തന്നെയാണ്. ഇടുക്കിയിലെ ഭാഷാ ന്യൂനപക്ഷങ്ങൾ തോട്ടം തൊഴിലാളികളായി എത്തിയവരാണ്. പാലക്കാടാണെങ്കിൽ റോഡുപണി, റെയിൽവേയിലെ തൊഴിൽ അടക്കമുള്ള ജോലികൾക്കായി എത്തിയവരുണ്ട്.

വിവേചനം

മലയാളമല്ലാത്ത മറ്റേതെങ്കിലും ഭാഷയിൽ പരീക്ഷയെഴുതി സർക്കാർ ജോലി നേടിയയാൾ നിയമനം നടന്ന് പത്ത് വർഷത്തിനുള്ളിൽ മലയാളഭാഷയിലെ ഒരു പരീക്ഷ പാസ്സാവേണ്ടതുണ്ട്. നാട്ടുകാരുടെ ഭാഷയിൽ അവരോട് സംവദിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നതാണ് ഈ ചട്ടത്തിന്റെ ഉദ്ദേശ്യം. എന്നാൽ ഭാഷാന്യൂനപക്ഷ മേഖലകളിൽ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥർക്ക് അതത് മേഖലയിലെ ഭാഷ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. അവർ പ്രസ്തുത ഭാഷ പഠിച്ചിരിക്കണമെന്നും നിർബന്ധമില്ല.

എല്ലാ ഓഫീസുകളിലും പരിഭാഷകരുണ്ടായിരിക്കുക എന്നതും, ന്യൂനപക്ഷ ഭാഷ കൈകാര്യം ചെയ്യുന്ന ടൈപ്പിസ്റ്റ് ഉണ്ടായിരിക്കുക എന്നതുമാണ് ഇതിനുള്ള പോംവഴിയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രണ്ടായിരാമാണ്ടിൽ കാസറഗോഡ്, മഞ്ചേശ്വരം താലൂക്കുകളിൽ കന്നഡ അറിയുന്നവരെ നിയമിക്കണമെന്ന ഉത്തരവ് ഇറങ്ങിയിരുന്നു. ഭാഷ അറിയുന്നവരെ എക്സിക്യുട്ടീവ് പോസ്റ്റുകളിലേക്ക് അവരുടെ സീനിയോരിറ്റി നോക്കാതെ പ്രമോട്ട് ചെയ്യാമെന്ന മറ്റൊരു ഉത്തരവും ഇറങ്ങുകയുണ്ടായി. എന്നാൽ ഈ രണ്ടുത്തരവുകളും നടപ്പാക്കപ്പെടുകയുണ്ടായില്ല.

മലയാളവും വിവേചനം നേരിടുന്നു?

കാസറഗോഡ് ഭാഷാപ്രശ്നമെന്നത് വലിയൊരു രാഷ്ട്രീയപ്രശ്നം കൂടിയാണെന്നാണ് ഐക്യമലയാള പ്രസ്ഥാന നേതാക്കളിലൊരാളായ പത്മനാഭൻ ബ്ലാത്തൂർ പറയുന്നു. മതവും ജാതിയുമെല്ലാമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് ഈ പ്രശ്നം. തുളു ഭാഷയ്ക്ക് കന്നഡയോടാണ് ചാർച്ചയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഭാഷയുമായി ബന്ധപ്പെട്ടുണ്ടാകുന്നുണ്ട്. മലയാളത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഷയായി പ്രചരിപ്പിക്കാനും വിഘടനപരമായ പരിപാടികളിലൂടെ നേട്ടമുണ്ടാക്കാനും ചില രാഷ്ട്രീയ കക്ഷികൾ വരെ ശ്രമിക്കുകയുണ്ടായി. ഭാഷയോ അതിന്റെ വളർച്ചയോ അല്ല അവരുടെ പ്രശ്നമെന്ന് തിരിച്ചറിഞ്ഞതോടെ ആളുകൾ ആ നീക്കത്തോട് മുഖംതിരിച്ചു. അതിർത്തിപ്രദേശങ്ങളിൽ കന്നഡ ഭാഷയെ ശക്തിപ്പെടുത്താൻ കർണാടക സംസ്ഥാനം നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളും ഇതിനിടയിൽ പ്രശ്നകാരിയാകുന്നുണ്ട്. ഇവരുടെ ഫണ്ടുകൾ തന്നെ അതിർത്തി കടന്ന് ഒഴുകുന്നു. കന്നഡ ഭാഷയെ അതിർത്തി കടന്ന് വ്യാപിപ്പിക്കുകയെന്ന കർണാടകത്തിന്റെ ഗൂഢലക്ഷ്യം പലപ്പോഴും സംസ്ഥാനത്തിനകത്ത് വിഘടനപരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.


പത്മനാഭൻ ബ്ലാത്തൂർ

ഈ വാദങ്ങളിൽ ചിലതിനോട് ഡോ. നടുവട്ടം ഗോപാലകൃഷ്ണനും യോജിക്കുന്നുണ്ട്. തുളു മാതൃഭാഷയായിട്ടുള്ളവർ കന്നഡ പഠിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. മഞ്ചേശ്വരം താലൂക്കിൽ മലയാളം പഠിക്കാൻ പോലും സമ്മതിക്കാത്ത അവസ്ഥയുണ്ട്. മലയാളം പഠിക്കുന്നവർക്ക് ഉച്ചക്കഞ്ഞി നിഷേധിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. അടുത്തുള്ള ഒരു പള്ളിയിൽ നിന്നാണ് കുട്ടികൾക്ക് ആഹാരം കൊടുത്തത്. കാസറഗോഡ് ജില്ലയിൽ മലയാളം പ്രധാനമായി ഉപയോഗിക്കുന്നത് മുസ്ലിങ്ങളാണ്. ഭാഷാ ന്യൂനപക്ഷ അവകാശം കൂടി ലഭിക്കുന്നതിന് ഇപ്പോൾ കന്നഡ ഭാഷ പഠിക്കുന്ന തുളു ഭാഷക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.
ഐക്യമലയാള പ്രസ്ഥാനം എല്ലാവരെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന സംഘടനയാണെന്നാണ് സംഘടനാ നേതാക്കളിലൊരാളായ ഷിജു ദിവ്യ പറയുന്നത്. മലയാളഭാഷയിൽ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കണമെന്ന് പറയുന്ന അതേ സന്ദർഭത്തിൽ തന്നെ ന്യൂനപക്ഷ ഭാഷക്കാർക്ക് അവരുടെ ഭാഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കി നൽകണമെന്നും തങ്ങളാവശ്യപ്പെടാറുമ്ട്. സംഘടനയെന്ന നിലയിൽ ന്യൂനപക്ഷ ഭാഷകളെ സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവും നിലനിൽക്കുന്നില്ല. ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്നത് ഭരണപരവും വികസന സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു വരുന്ന പ്രശ്നനമാണെന്നും വെറുമൊരു ഭാഷാപ്രശ്നമല്ലെന്നുമുള്ള കാഴ്ചപ്പാടും ഷിജുവിനുണ്ട്. വിഭവവിതരണത്തിലെ അസന്തുലിതാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേ ഈ പ്രശ്നത്തെ വിലയിത്താനാകൂ.

ഭാഷാ ന്യൂനപക്ഷക്കാർ നേരിടുന്ന പ്രശ്നങ്ങൾ പ്രഭാകരൻ കമ്മീഷന്റെ കാഴ്ചപ്പാടിൽ

കാസറഗോഡിന്റെ വികസനത്തിനായി നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്നതടക്കമുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോടെ രൂപീകരിച്ച ഡോ. പി. പ്രഭാകരൻ കമ്മീഷന്റെ റിപ്പോർട്ടിൽ ഭാഷാ ന്യൂനപക്ഷക്കാർ നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറയുന്നുണ്ട്. സർക്കാരുമായുള്ള ജനങ്ങളുടെ ബന്ധം ഭാഷയിലൂടെ സ്ഥാപിക്കപ്പെടുന്നില്ലെന്ന പ്രശ്നം തന്നെയാണ് കമ്മീഷൻ ആദ്യമുന്നയിക്കുന്നത്. ഇത്തരം പ്രദേശങ്ങളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് അവിടങ്ങളിൽ പ്രചാരത്തിലുള്ള ഭാഷ അറിയില്ലെന്നും 2012ൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു. ഔദ്യോഗിക രേഖകളും കത്തുകളും ഓർഡറുകളുമെല്ലാം മലയാളത്തിൽ വരുന്നതുമൂലം കന്നഡ മാതൃഭാഷയായ ആളുകൾ കാര്യമെന്താണെന്ന് മനസ്സിലാക്കാൻ മലയാളം അറിയുന്നയാളെ തപ്പി നടക്കേണ്ടി വരുന്നു. പലർക്കും തങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിലെഴുതിയ രേഖകൾ വായിച്ച് ബോധ്യപ്പെടാതെ തന്നെ ഒപ്പു വെക്കേണ്ടി വരുന്നു. സർക്കുലറുകളും ഉത്തരവുകളുമെല്ലാം കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്യണമെന്ന സർക്കാർ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും കമ്മീഷൻ പറയുന്നു. ഭാഷാ ന്യൂനപക്ഷ മേഖലകളിൽ അതാതിടങ്ങളിലെ ഭാഷ കൂടി അറിയുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കുകയുണ്ടായി.

നിരവധി നിർദ്ദേശങ്ങൾ പ്രഭാകരൻ കമ്മീഷൻ വെച്ചിരുന്നെങ്കിലും അവയൊന്നും തന്നെ സർക്കാർ ഗൌനിച്ചിട്ടില്ല. കന്നഡയിൽ അച്ചടിക്കേണ്ടവ അച്ചടിക്കാൻ കാസറഗോഡ് തന്നെ ഒരു പ്രിന്റിങ് പ്രസ് തുടങ്ങണം എന്നതായിരുന്നു ശുപാർശകളിലൊന്ന്. കൃഷി ഭവൻ അടക്കമുള്ള സാധാരണക്കാർ എറെ ആശ്രയിക്കുന്ന ഇടങ്ങളിൽ നോട്ടീസ് അച്ചടിക്കണം. സർവേ, റവന്യൂ രേഖകളെല്ലാം ന്യൂനപക്ഷ ഭാഷയിൽ കൂടി വരണം. കന്നഡ അക്കാദമി സ്ഥാപിക്കണം തുടങ്ങിയ ശുപാർശകളാണ് അദ്ദേഹം വെച്ചത്.

ജാതിയും മതവും രാഷ്ട്രീയവും കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്നം

കേരളത്തിൽ ഭരണഘടനാപരമായി തിരിച്ചറിയപ്പെട്ടിട്ടുള്ള ന്യൂനപക്ഷ ഭാഷകൾ ഉപയോഗിക്കുന്നവരുടെ എണ്ണം പരിഗണിച്ചാൽ തമിഴരാണ് കൂടുതൽ. രണ്ടാംസ്ഥാനത്താണ് കന്നഡ വരിക. 2001 സെൻസസ് പ്രകാരം കാസറഗോഡ് ഏറ്റവും വലിയ ന്യൂനപക്ഷഭാഷ തുളുവാണ്. 1,08,845 പേർ ഈ ഭാഷ ഉപയോഗിക്കുന്നവരായിട്ടുണ്ട്. രണ്ടാംസ്ഥാനത്ത് വരുന്ന കന്നഡ ഭാഷ സംസാരിക്കുന്നത് 56,984 പേരാണ്. കൊങ്കണി സംസാരിക്കുന്ന 17,208 പേരുണ്ട്. മറാത്തി സംസാരിക്കുന്ന 25220 പേരും ഉറുദു സംസാരിക്കുന്ന 5667 പേരുമുണ്ട്.

ഭാഷാന്യൂനപക്ഷക്കാർ അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വില്ലേജോഫീസുകളിൽ നിന്നും തഹസിലുകളിൽ നിന്നും നേറ്റീവ് സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും, പട്ടയവും ജാതി സർട്ടിഫിക്കറ്റുമെല്ലാം കിട്ടാതിരിക്കുന്ന പ്രശ്നമാണെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പറയുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച്‌ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല ഭാഷാ ന്യൂനപക്ഷ സമിതി യോഗം ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടില്ല. ഓരോ ജില്ലയിലും ആവലാതിക്കാരെ നേരിട്ടുകണ്ട് മുഖാമുഖം നടത്തി വരുന്നതിനിടയിലാണ് കോവിഡ് മഹാമാരി പടർന്നത്. ഇനി തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽക്കൂടി സിറ്റിങ് നടക്കേണ്ടതുണ്ട്.

കേരളത്തിലെ നിലവിലുള്ള നിയമമനുസരിച്ച് 1950നു മുമ്പ് കേരളത്തിലെത്തിയവർക്കു മാത്രമേ വില്ലേജോഫീസുകളിൽ നിന്ന് ജാതി സർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റുമടക്കമുള്ള രേഖകൾ കൊടുക്കാനൊക്കൂ. ഇതിനു ശേഷം കുടിയേറിയവർക്ക് ഇക്കാരണത്താൽ സർക്കാരുമായി ബന്ധമില്ല. 1950നു മുമ്പ് വന്നവർക്കു പോലും തങ്ങൾ അക്കാലം മുതൽക്ക് ഇവിടെയുണ്ടെന്ന് തെളിയിക്കാൻ കഴിയുന്നില്ലെന്ന് ഡോ. ഗോപാലകൃഷ്ണൻ പറയുന്നു. മിക്കവരും തോട്ടം തൊഴിലിനും മറ്റും വന്നുകൂടിയവരാണ്. അവർ തോട്ടമുടമകൾ കൊടുക്കുന്ന സ്ഥലങ്ങളിലാണ് പാർക്കുന്നത്. ജീവിച്ചുവന്നതിന് യാതൊരു തെളിവുമില്ല. എസ്റ്റേറ്റ് മാനേജ്മെന്റുകളാണെങ്കിൽ കാലാകാലം മാറി വരുന്നതാണ്. അവരുടെ പക്കലും രേഖകളൊന്നുമില്ല. മുഖാമുഖം നടത്തിയവരെല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത് 1950 എന്ന വർഷം ഇങ്ങോട്ട് താഴ്ത്തിക്കിട്ടാനാണ്. അതിന് ചില പരിഹാരങ്ങൾ താൻ നിർദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം നിര്‍ബന്ധമാക്കിയതിനെതിരെ കന്നഡ ഭാഷ ന്യൂനപക്ഷത്തിന്റെ സമരം

പലരുടെയും പ്രശ്നം സംവരണമാണ്. അവിടെ സംവരണമുള്ളവർക്ക് ഇവിടെ ആ ആനുകൂല്യം കിട്ടുന്നില്ല. അവിടെ ഉന്നതജാതിക്കാരായ ചിലർ ഇവിടെവന്ന് സംവരണാനുകൂല്യം തട്ടിയെടുക്കുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. കുറെപ്പേർ ജാതി പട്ടികയിൽ പെട്ടിട്ടില്ല. ഒരു ജാതിയിൽ തന്നെ നിരവധിയായ ഉപജാതികളുണ്ട്. പ്രത്യേകിച്ച് വ്യത്യാസമൊന്നും ഈ ഉപജാതികൾ തമ്മിലില്ല എന്നതാണ് യാഥാർത്ഥ്യം. അവർ താമസിക്കുന്ന ദേശങ്ങളുടെ പേര് കൂടെ ചേർക്കുന്നതാണ് പലപ്പോഴും മറ്റൊരു ജാതിവിഭാഗമായി മാറുന്നത്. പല പേരുകളിൽ അറിയപ്പെടുന്ന ഉപജാതികളെല്ലാം ചേർത്ത് ഒറ്റജാതിയാക്കി മാറ്റുകയെന്നതാണ് മറ്റൊരു മാർഗം. ഇതുവഴി ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാം. തമിഴ്നാട്ടിൽ റിസർവേഷനിൽ പെടുന്നവർക്ക് കേരളത്തിലും അത് പെടുത്താവുന്നതാണ്. ഇത് സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് മാത്രമേ അനുവദിക്കാവൂ.

ഭാഷാപരമായ അധിനിവേശം നടക്കുന്നുവെന്നതിനോട് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ യോജിക്കുന്നില്ല. ഇന്ത്യയിൽ തന്നെ ഭാഷാന്യൂനപക്ഷങ്ങളെ ഏറ്റവും മികച്ച നിലയിൽ പരിഗണിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലൊന്നും അവിടുത്ത ഭാഷാന്യൂനപക്ഷങ്ങൾക്ക് സർക്കാരിന്റെ അനുഭാവം ഇത്രയും അനുഭവിക്കാനാകില്ല. കഴിയാവുന്നിടത്തോളം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. പോരായ്മകളില്ലെന്ന് പറയുകയല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മൈരെ ഗ്രാമത്തിന്റെ കാര്യത്തിൽ ഭാഷാപരമായ അധിനിവേശം ആരെങ്കിലും മനപ്പൂർവം നടത്തുന്നുവെന്ന് കാണാനാകില്ല. ഭൂരിപക്ഷഭാഷകൾ എക്കാലത്തും സ്വാഭാവികമായി ചെയ്തുപോന്ന കാര്യങ്ങളിലൊന്നുമായിരിക്കാം ഇത്. രാഷ്ട്രീയസാഹചര്യങ്ങളിലും സാമൂഹ്യബന്ധങ്ങളിലും വരുന്ന മാറ്റം എങ്ങനെ സാംസ്കാരികജീവിതത്തെ സ്വാധീനിക്കുന്നുവെന്ന തിന്റെ ഉദാഹരണമായി മൈരേ ഗ്രാമത്തിന്റെ കഥയെ പഠിക്കാവുന്നതാണ്.

Next Story

Related Stories