TopTop

മുന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചു

മുന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചു

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക സംവരണം നിലവില്‍ വരണമെന്ന സിപിഎമ്മിന്റെ നയത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം.

മാനദണ്ഡങ്ങൾ

സംവരണത്തിന് അർഹത കിട്ടാൻ കുടുംബ വാർഷിക വരുമാനം 4 ലക്ഷമായി നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകർ മറ്റ് സംവരണങ്ങൾ ലഭിക്കാത്തവരായിരിക്കണം. അതായത്, പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ‌ പെടാത്തവരായിരിക്കണം ഇവർ. അപേക്ഷിക്കുന്നയാളുടെ ഭൂസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കിൽ 2.5 ഏക്കറിലും, മുനിസിപ്പൽ പ്രദേശങ്ങളിലാണെങ്കിൽ 75 സെന്റിലും, മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലാണെങ്കിൽ 50 സെന്റിലും കൂടരുത്. പഞ്ചായത്ത് പ്രദേശങ്ങളിലും മുനിസിപ്പൽ/ കോർപറേഷൻ പ്രദേശങ്ങളിലുമായുള്ള ഭൂസ്വത്തിന്റെ ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്‌ എന്നുമുണ്ട്. ഭൂവിസ്തൃതി കണക്കാക്കുക സംസ്ഥാനത്തിനു പുറത്തുള്ള ഭൂമി കൂടി കണക്കിലെടുത്താണ്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പൽ പ്രദേശങ്ങളിൽ 20 സെന്റിൽ കൂടരുത്. കോർപ്പറേഷൻ പ്രദേശങ്ങളിൽ 15 സെന്റിൽ കൂടാൻ പാടില്ല.

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ പെടുന്നതാണെങ്കിൽ മറ്റ് പരിഗണനകളൊന്നും കൂടാതെ തന്നെ സംവരണം ലഭിക്കും. ഈ വിഭാഗത്തിൽ പെടുന്നവർ സംവരണം ലഭിക്കുന്നതിനായി തങ്ങളുടെ റേഷൻ കാര്‍ഡിന്റെ തരം സംബന്ധിച്ച് വില്ലേജോഫീസറുടെ സാക്ഷ്യപത്രം വാങ്ങണം. വസ്തുവകകളുടെ വിശദാംശങ്ങൾ ചേര്‍ത്ത് പ്രത്യേക അപേക്ഷാഫോറത്തിൽ സത്യവാങ്മൂലം നൽകുകയും വേണം.

ഈ മാനദണ്ഡങ്ങളെല്ലാം ഓരോ മൂന്നു വർഷം കൂടുമ്പോഴും പുതുക്കി നിശ്ചയിക്കാനും തീരുമാനമുണ്ട്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലൊഴികെ എല്ലായിടത്തും ഈ സംവരണം നടപ്പാക്കും. ഇതിനായി പ്രോസ്പെക്ടസ്. അപേക്ഷാ ഫോറങ്ങൾ എന്നിവ ഭേദഗതി ചെയ്യണം.


Next Story

Related Stories