TopTop
Begin typing your search above and press return to search.

പഴക്കം 100 വര്‍ഷം, രാജഭരണകാലത്ത് ആനകളുടെ സ്ഥിരം നീരാട്ട് കേന്ദ്രമായിരുന്നു ഈ ചിറ, നശിക്കുന്നത് തലസ്ഥാന നഗര മധ്യത്തിലെ ഒരു ജൈവ കലവറ

പഴക്കം 100 വര്‍ഷം, രാജഭരണകാലത്ത് ആനകളുടെ സ്ഥിരം നീരാട്ട് കേന്ദ്രമായിരുന്നു ഈ ചിറ, നശിക്കുന്നത് തലസ്ഥാന നഗര മധ്യത്തിലെ ഒരു  ജൈവ കലവറ

"കുട്ടിക്കാലത്ത് എന്റെ വീട്ടിലിരുന്നാല്‍ കാണാവുന്ന രീതിയില്‍ നിറയെ ആമ്പല്‍ പൂക്കളുമായി വിശാലമായിരുന്നു ചിറ. മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന ചിറയ്ക്കടുത്ത് എത്ര കളിച്ചിരിക്കുന്നു..!" നനഞ്ഞ കണ്ണുകളില്‍ ഓര്‍മ്മയുടെ തിളക്കം. എണ്‍പതുകാരിയായ ജാനകിയമ്മ തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്ന തിരുവനന്തപുരം ചാരാച്ചിറയെ ഓര്‍ക്കുകയാണ്. നൂറു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഏകദേശം ഒന്‍പതേക്കര്‍ വിസ്തൃതിയില്‍ പരന്നു കിടന്നിരുന്ന, ഇന്ന് നന്ദന്‍കോട് വാര്‍ഡിലുള്‍പ്പെടുന്ന ചാരാച്ചിറ ശോഷിച്ച് കോര്‍പ്പറേഷന്‍ കണക്കുപ്രകാരം വെറും മൂന്ന് ഏക്കര്‍ മാത്രമായി.

ഒരു നൂറ്റാണ്ടിലേറെയായി ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങളെ കാര്യമായി സ്വാധീനിച്ച ചാരാച്ചിറ കൈയേറ്റവും കെടുകാര്യസ്ഥതയും മൂലം ഇന്ന് നാശത്തിന്റെ വക്കിലാണ്. ആനകളുടെ നീരാട്ട് കേന്ദ്രവും അലക്കുകാരുടെ കടവും ഒക്കെ ആയിരുന്ന ചാരാച്ചിറ ഇന്ന് മാലിന്യങ്ങളും പോളയും കൊണ്ട് നിറഞ്ഞ് കിടക്കുകയാണ്. ചിറയുടെ ഓരത്തു നിന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് കയ്യേറ്റക്കാരുടെ വീടുകളില്‍നിന്ന് ചിറയിലേക്ക് തിരിച്ചു വച്ച ഓവുചാലുകളാണ്. പൈതൃക മൂല്യമുള്ള പ്രകൃതിയുടെ ഇത്തരം ജീവനാഡികളെ സംരക്ഷിക്കാതെ ഇപ്പോഴും കോര്‍പ്പറേഷന്റെ അനാസ്ഥ തുടരുകയാണ്.

'തിരുവിതാംകൂര്‍ രാജഭരണകാലത്ത് ആനകളുടെ സ്ഥിരം നീരാട്ട് കേന്ദ്രമായിരുന്നു ചാരാച്ചിറ. പിന്നീടത് അലക്കുകാരുടെ കടവായി മാറി. മീന്‍ പിടിത്തക്കാരുടെ ഇഷ്ടസ്ഥലം കൂടിയായിരുന്നു. കാലങ്ങളായുള്ള കയ്യേറ്റവും തുടര്‍ന്നുണ്ടായ മലിനീകരണവും അശാസ്ത്രീയ നിര്‍മാണങ്ങളുമാണ് ചിറയെ ഈ അവസ്ഥയില്‍ എത്തിച്ചത്', അധ്യാപികയായ ഇവാഞ്ചലീന്‍ പറയുന്നു. ഇവരുടെ നേതൃത്വത്തില്‍ സമീപത്തുള്ള സ്‌കൂളിലെ കുട്ടികളുടെ സംഘം ചിറയുടെ അവസ്ഥയെപ്പറ്റി മുന്‍പ് പഠനം നടത്തുകയും ചിറ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുന്നയിച്ച് മേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. 'ശരിയാക്കാം' എന്ന ഒഴുക്കന്‍ മറുപടിക്കപ്പുറമൊന്നും നടന്നില്ല. എന്തൊക്കെ പദ്ധതികളാണ് ചാരാച്ചിറയില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വിവരാവകാശ നിയമം ഉപയോഗിച്ച് ചോദിച്ച ചോദ്യത്തിനും കോര്‍പ്പറേഷന്‍ പ്രതികരിച്ചില്ലെന്നും അധ്യാപിക ആരോപിക്കുന്നു.
നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് നന്ദന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ പറയുന്നതിങ്ങനെ: 'മൂന്നു കോടി രൂപ വകയിരുത്തി കോര്‍പ്പറേഷന്‍ ബഹുവര്‍ഷ പ്രൊജക്റ്റിന്റെ ഭാഗമായി മൂന്നു വര്‍ഷം മുന്‍പാണ് ചാരാച്ചിറ നവീകരണ പദ്ധതികള്‍ തുടങ്ങിയത്. പെഡല്‍ ബോട്ടിംഗ്, ചിറയ്ക്ക് ചുറ്റുമുള്ള നടപ്പാത, പൂന്തോട്ടം, മത്സ്യകൃഷി എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സ്വകാര്യവ്യക്തികള്‍ കൈയ്യേറിയ ഭാഗം ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഡ്രെയിനേജ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനും നോട്ടീസ് കൊടുത്തിട്ടുണ്ട്. ചിറ ശുദ്ധീകരിച്ചതിനുശേഷം തൊഴിലാളികളെ ഉപയോഗിച്ച് സ്ഥിതി നിലനിര്‍ത്തുന്നതും പരിഗണനയിലുണ്ട്.'

ചാരാച്ചിറ സംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പറയാനുള്ളത് മറ്റു ചിലതാണ്. ചിറയില്‍ നടത്തിയ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കേല്‍പ്പിച്ച ആഘാതം വലുതാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. ഇതിനുദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് മത്സ്യസമ്പത്തില്‍ വന്ന ഗണ്യമായ കുറവാണ്. കയ്യേറ്റക്കാരുടെ വീടുകളില്‍ നിന്ന് പിറകിലേക്ക് തുറക്കുന്ന ഓവുചാലുകളും ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ജല ജീവികളെ കുറിച്ച് പഠനം നടത്തുന്ന വി ബാലചന്ദ്രന്റെ നിരീക്ഷണത്തില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കണ്ടുവരുന്ന തരം ജീവികളെ ചിറയില്‍ കാണാനില്ലെന്ന് മാത്രമല്ല, ശുദ്ധജലത്തില്‍ കണ്ടുവരുന്ന പതിനഞ്ചോളം ഇനം സ്പീഷീസുകളെ കണ്ടെത്താനുമായി. ചിറ പൂര്‍ണമായും മലിനികരിക്കപ്പെട്ടിട്ടില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകയായ വീണ മരുതൂര്‍ പറയുന്നത് ചിറയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം സമീപത്തെ കുടിവെള്ള സ്രോതസുകളില്‍ ഓരുവെള്ളം നിറഞ്ഞ് മലിനമായി എന്നാണ്. 'പൊതുവേ മഴക്കാലങ്ങളില്‍ നിറഞ്ഞുകവിയാറുള്ള ചാരാച്ചിറ, സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണശേഷം നിറയാതെയായതായി. പ്ലാമൂട് ജംഗ്ഷനില്‍ പ്രളയ കാലത്ത് രൂപപ്പെട്ട വെള്ളക്കെട്ടുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സമീപത്ത് നാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതു കിണര്‍ ഓരു വെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായത് ചിറയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം തുടങ്ങിയതിന് ശേഷമാണ്,' എന്ന് വീണ വ്യക്തമാക്കുന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ചാരാച്ചിറയിലെ കയ്യേറ്റങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. കയ്യേറ്റം വ്യാപകമായി നടന്നിട്ടുണ്ടെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാറും അംഗീകരിക്കുന്നു. 'കൈയ്യേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ അവ ഒഴിപ്പിക്കുക എന്നത് ദുഷ്‌കരമാണ്. ഇനിയും അത്തരം പ്രവൃത്തികളുണ്ടാവാതെ ചിറയെ സംരക്ഷിക്കുന്നതിനാണ് കോര്‍പ്പറേഷന്‍ മുന്‍തൂക്കം നല്‍കുന്നത്, ' അശാസ്ത്രീയ നിര്‍മ്മാണം എന്ന ആരോപണത്തോട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടക്കുന്നതെന്നാണ് മേയറുടെ പ്രതികരണം.
എന്നാല്‍ ചിറയ്ക്ക് ചുറ്റും പാറ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സംരക്ഷണ ഭിത്തിയുടെ കല്‍വിടവുകളെല്ലാം സിമന്റ് ഉപയോഗിച്ച് അടച്ചിരിക്കുന്നതായി കാണാന്‍ കഴിയുന്നു. ഇത് കുളത്തിന്റെ ജൈവികതയെ അപകടത്തിലാക്കുമെന്നാണ് പ്രമുഖ ആര്‍ക്കിടെക്റ്റായ പത്മശ്രീ ജി ശങ്കര്‍ അഭിപ്രായപ്പെട്ടത്. 'കുളങ്ങളുടെ സംരക്ഷണ ഭിത്തി സാധാരണയായി കല്ലുകള്‍ അടുക്കിയാണ് നിര്‍മ്മിക്കാറ്. ഇത്തരം നിര്‍മ്മിതികളില്‍ സിമന്റ് ഉപയോഗിക്കാറില്ല. അത് കുളത്തിന്റെ ജൈവികത നഷ്ടപെടുത്തുന്നതിനാലാണ്. വീടുകളുടെ ഡ്രെയിനേജ് പൈപ്പുകളും കുളത്തിന്റെ ആവാസവ്യവസ്ഥ തകര്‍ക്കും, ' അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

തണ്ണീര്‍ത്തട നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും കൈയേറപ്പെട്ടു നികന്നു പോകുന്ന ജലാശയങ്ങള്‍ നാടിന്റെ നഷ്ടം തന്നെയാണ്. പൊതുജനങ്ങളും കോര്‍പ്പറേഷനും ചാരാച്ചിറയുടെ പുനരുജ്ജീവനത്തിനായി വാദിക്കുമ്പോഴും പദ്ധതികളെങ്ങുമെത്തുന്നില്ല. മൂന്നു വര്‍ഷം മുന്‍പ് നവീകരണ പദ്ധതികള്‍ അരംഭിച്ചതാണെങ്കിലും ചിറയുടെ മൂന്നു വശത്തും കെട്ടിയ നടപ്പാതയോടു കൂടിയ സംരക്ഷണഭിത്തി മാത്രമാണ് ഇതുവരെ നടപ്പിലാക്കിയത്. കൈയേറപ്പെടുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിക്കാതെ പെഡല്‍ ബോട്ടിംഗ് പോലെ പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടി കോടികളൊഴുക്കുകയാണ് കോര്‍പ്പറേഷന്‍.

സീന സണ്ണി

സീന സണ്ണി

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

Next Story

Related Stories