സെക്രട്ടറിയേറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ രാഷ്ട്രീയ വിവാദത്തിനപ്പുറം ശ്രദ്ധിക്കേണ്ട ഗൗരവമേറിയ മറ്റു ചില വസ്തുതകള്‍ ഉണ്ടെന്നു മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍. ഏതു നിമിഷവും വലിയൊരു അപകടം സംഭവിക്കാവുന്ന തരത്തില്‍ തീര്‍ത്തും ദുര്‍ബലമായൊരു അവസ്ഥയിലാണ് ഭരണസിരാകേന്ദ്രം നില്ക്കുന്നതെന്ന വസ്തുതയാണ് സി പി നായര്‍ ചൂണ്ടിക്കാട്ടുന്നത്. 131 വര്‍ഷത്തെ പഴക്കമുള്ള സെക്രട്ടറിയേറ്റില്‍ ഇനിയും വന്‍ അഗ്നിബാധ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. ഈ യാഥാര്‍ത്ഥ്യമാണ് എല്ലാവരും മനസിലാക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതെന്നും സി പി നായര്‍ അഴിമുഖത്തോട് പറഞ്ഞു.
1994 ല്‍ താന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ മുന്നില്‍ സെക്രട്ടറിയേറ്റിന്റെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് സി പി നായര്‍ പറയുന്നു. "ആയില്യം തിരുന്നാളിന്റെ കാലത്ത് നിര്‍മിച്ച സെക്രട്ടറിയേറ്റ് സിമന്റോ കമ്പിയോ കോണ്‍ക്രീറ്റോ ഉപയോഗിച്ച് നിര്‍മിച്ചതല്ല, തേക്ക് തടിയാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.കാലപ്പഴക്കം കൊണ്ട് ഈ തടികള്‍ ദ്രവിച്ച അവസ്ഥയിലാണ്. ഇലക്ട്രിക് വയറുകള്‍ എല്ലാം പുറത്തു കാണത്തക്ക തരത്തിലായി. കൂടാതെ, ടണ്‍ കണക്കിന് കടലാസ് ഫയലുകളാണ് ഓരോ ഓഫിസിലും. ഏതു സമയത്തും ഒരപകടത്തിനുള്ള സാധ്യതയുണ്ട്. ചെറിയൊരു തീപ്പൊരി മതി ആളിപ്പടരാന്‍. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ ബോധ്യപ്പെടുത്തി. അഗ്നിശമന സേനയുമായി ചേര്‍ന്ന് ഒരു സേഫ്റ്റി ഓഡിറ്റ് നടത്തണം. നിലവിലെ കെട്ടിടം പൊളിച്ചു മാറ്റി മറ്റൊന്ന് നിര്‍മിക്കുക പ്രായോഗികമല്ലാത്തതുകൊണ്ട് തീപിടിത്തം ഉണ്ടായാല്‍ തന്നെ എത്രയും പെട്ടെന്ന് അണയ്ക്കാനുള്ള സൗകര്യം സെക്രട്ടറിയേറ്റില്‍ ഉണ്ടാക്കണം. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് റിപ്പോര്‍ട്ട് കൊടുത്തത്. തീരുമാനം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. പക്ഷേ, ഒന്നും നടന്നില്ല. ഓരോ വര്‍ഷവും സുരക്ഷകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന ആവശ്യം പോലും നടന്നില്ല. അന്നേ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ല; സി പി നായര്‍ പറയുന്നു.
കെടുത്താതെ വലിച്ചെറിയുന്നൊരു സിഗററ്റ് കുറ്റിപോലും വലിയ ദുരന്തത്തിന് കാരണമാകുന്ന അവസ്ഥയാണ് ഇന്നും സെക്രട്ടറിയേറ്റിനുള്ളതെന്നും മുന്‍ ചീഫ് സെക്രട്ടറി പറഞ്ഞു. ആയിരക്കണക്കിന് ടണ്‍ ഫയലുകള്‍ അവിടെയുണ്ടാകും. നേരത്തെ ആവശ്യമില്ലാത്തവ കത്തിച്ചു കളയുന്ന രീതിയുണ്ടായിരുന്നു. ഇപ്പോള്‍ അതും നടക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കാലപ്പഴക്കം കൊണ്ട് നശിച്ച വയറിംഗ് ആണ് സെക്രട്ടറിയേറ്റില്‍ ഉള്ളതെന്നതിനാല്‍ ഏതു നിമിഷവും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാം. അതുകൊണ്ട് തന്നെ അഗ്നിബാധയുടെ ഭീതിയില്‍ തന്നെയാണ് ഭരണസിരാകേന്ദ്രം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേഫ്റ്റി ഓഡിറ്റ് നടത്തണമെന്ന് പറയുന്നതും അതുകൊണ്ടാണെന്ന് സി പി നായര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ സുപ്രധാന ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ എത്രകണ്ട് ശരിയാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് സി പി നായര്‍ പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഫയലുകള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു."ഇപ്പോള്‍ തീപിടിത്തം ഉണ്ടായ ബ്ലോക്കിന്റെ മുകള്‍ നിലയിലാണ് രണ്ടു വര്‍ഷക്കാലം ചീഫ് സെക്രട്ടറിയായി ഞാനിരുന്നത്. ഇവിടെയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ്. ഭരണസിരാകേന്ദ്രം എന്ന നിലയില്‍ ഇവിടെയുള്ള ഓരോ ഫയലും പ്രധാനപ്പെട്ടത് തന്നെയാണ്. ഗസ്റ്റ് ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമാണ് കത്തിയതെന്നാണ് പറയുന്നത്. അതു മാത്രമാണെങ്കില്‍ അവയത്ര പ്രധാനപ്പെട്ടതല്ല'
1996 ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന താനും അന്നത്തെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന വിനോദ് റായിയും (മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍) ചേര്‍ന്നാണ് സെക്രട്ടറിയേറ്റ് കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതെന്നാണ് സി പി നായര്‍ പറയുന്നത്. "നായനാര്‍ അതിനുവേണ്ട എല്ലാവിധ പിന്തുണയും നല്കി. സെക്രട്ടറിയേറ്റിലെ ജീവനക്കാരെ മൂന്നിലൊന്നായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി വരുന്ന മാസങ്ങളുടെ കാലതമാസം ഒഴിവാക്കുകയെന്നതും അതിനൊപ്പമുള്ള ലക്ഷ്യമായിരുന്നു. പക്ഷേ, ഞങ്ങള്‍ ഉദ്ദേശിച്ചതുപോലെയുള്ള ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജീവനക്കാരെ മൂന്നിലൊന്നായി കുറയ്ക്കാന്‍ ശ്രമിച്ചിടത്ത് ഇപ്പോള്‍ ആവശ്യമുള്ളതിന്റെ മൂന്നിരട്ടി ജീവനക്കാര്‍ സെക്രട്ടറിയേറ്റിലുണ്ട്."
ഇപ്പോഴത്തെ തീപിടിത്തത്തില്‍ ഇത്രയല്ലേ ഉണ്ടായുള്ളൂ എന്ന് സമാധാനിക്കാമെങ്കിലും ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അപകടം സംഭവിക്കാമെന്നും മുന്‍ ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്കുന്നു.