TopTop
Begin typing your search above and press return to search.

കെട്ടിട നിര്‍മാണ തൊഴിലാളി, സെയ്ല്‍സ്മാന്‍, പൊറൊട്ടയടിക്കാരന്‍; അല്‍ ഖായിദ പ്രവര്‍ത്തകരെന്നാരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തവരുടെ ജീവിതം ഇങ്ങനെ

കെട്ടിട നിര്‍മാണ തൊഴിലാളി, സെയ്ല്‍സ്മാന്‍, പൊറൊട്ടയടിക്കാരന്‍; അല്‍ ഖായിദ പ്രവര്‍ത്തകരെന്നാരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തവരുടെ ജീവിതം ഇങ്ങനെ

യാക്കൂബ് ബിശ്വാസ്, മുര്‍ഷിദ് ഹസന്‍, മുസറഫ് ഹുസൈന്‍; രാജ്യാന്തര ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തകരാണെന്ന് എന്‍ ഐ എ പറയുന്ന മൂന്നുപേരും അറസ്റ്റിലാകുന്നതുവരെ നാട്ടുകാര്‍ക്കും തൊഴിലുടമകള്‍ക്കും യാതൊരു സംശയത്തിനും ഇടനല്‍കാതെ കഴിഞ്ഞിരുന്നവര്‍. യാക്കൂബ് പൊറോട്ട തയ്യാറാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. മുര്‍ഷിദ് ഹസന്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായും മുസറഫ് ഹുസൈന്‍ തുണിക്കടയിലെ സെയ്ല്‍സ്മാനായും ജോലി നോക്കിയിരുന്നവരും. മറ്റുള്ളവരുമായി അധികം ബന്ധമില്ലാതെ, ഒതുങ്ങി ജീവിക്കുന്നവരായിരുന്നു ഇവര്‍. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ച് പ്രാഥമിക വിവരങ്ങളില്‍ കൂടുതലായി ആര്‍ക്കുമൊന്നും അറിയില്ലായിരുന്നു.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലക്കാരാണ് യാക്കൂബും, മുര്‍ഷിദും മുസറഫും. എറണാകുളം ജില്ലയിലുള്ള ഉത്തരേന്ത്യന്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ബംഗാളില്‍ നിന്നുള്ളവരാണ്. അതില്‍ തന്നെ കൂടുതല്‍ പേരും മുര്‍ഷിദാബാദില്‍ നിന്നും. എറണാകുളത്തിനും മുര്‍ഷിദാബാദിനും ഇടയില്‍ ജില്ല തല കുടിയേറ്റ ഇടനാഴി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് ആദ്യം തൊഴിലാളികള്‍ എത്തിയതെങ്കിലും ആ വ്യവസായത്തിന് തകര്‍ച്ച നേരിട്ടതോടെ മറ്റ് പണികളിലേക്ക് മാറുകയായിരുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളാണ് മുര്‍ഷിദാബാദില്‍ നിന്നും എറണാകുളത്തേക്ക്, പ്രത്യേകിച്ച് പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി മേഖലകളിലേക്ക് വരുന്നതെന്നതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇവരെക്കുറിച്ച് ഇവിടെയുള്ള തൊഴിലുടമകള്‍ തേടാറില്ല. യാക്കൂബും മുര്‍ഷിദും മുസറഫും ഒരേ ജില്ലക്കാരാണെങ്കിലും ഇവര്‍ തമ്മില്‍ നാട്ടില്‍ വച്ചുള്ള പരിചയമില്ല. ഇവര്‍ പല സമയങ്ങളിലാണ് കേരളത്തില്‍ എത്തിയത്. വിവിധ ജോലികള്‍ വിവിധയിടങ്ങളിലായി ചെയ്തു വന്നവരുമാണ്.


യാക്കൂബ് ബിശ്വാസ്

മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യാക്കൂബിന് എഴുത്തോ വായനോ അറിയില്ലെന്നാണ് വിവരം. ഭാര്യയും ഒരു മകളുമുണ്ട്. കുടുംബം നാട്ടില്‍ തന്നെയാണ്. അറസ്റ്റിലാകുമ്പോള്‍ പെരുമ്പാവൂര്‍ പത്തിപ്പാലത്തിന് അടുള്ള ഒരു പൊറോട്ട നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു ഇയാള്‍. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഇവിടെ ജോലിക്കെത്തുന്നത്. അതിനു മുമ്പ് അടിമാലിയ്ക്കടുത്ത് ആയിരമേക്കര്‍ എന്ന സ്ഥലത്തുള്ള ഒരു ചപ്പാത്തി കടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്. 2019 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് യാക്കൂബ് ഈ കടയില്‍ ജോലി ചെയ്തിരുന്നതെന്നാണ് കടയുടമ പറയുന്നത്. ലോക് ഡൗണ്‍ സമയത്താണ് പത്തിപ്പാലത്തുള്ള കടയില്‍ യാക്കൂബ് ജോലിക്ക് കയറുന്നത്. ഇവിടെ ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്നതാണ്. മൂന്നു മാസത്തോളം ജോലി ചെയ്തശേഷം മറ്റൊരിടത്തേക്ക് കൂടുതല്‍ ശമ്പളം കിട്ടുമെന്നു പറഞ്ഞു മാറുകയായിരുന്നു.

സംശയകരമായ ഒരു പെരുമാറ്റവും യാക്കൂബിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്നാണ് തൊഴിലുടമയായ ഹാരീസ് അഴിമുഖത്തോട് പറഞ്ഞത്. അടിമാലിയില്‍ ജോലിക്കു നിന്നശേഷം യാക്കൂബ് നാട്ടിലേക്ക് മടങ്ങിയെന്നും കേള്‍ക്കുന്നുണ്ട്. തിരിച്ച് വന്നശേഷമാണ് ഹാരീസിനെ ജോലിയുണ്ടോയെന്നു ചോദിച്ച് ബന്ധപ്പെടുന്നത്. 'ലോക് ഡൗണ്‍ വന്നതോടെ എന്റെ പണിക്കാരില്‍ ഒരാള്‍ നാട്ടിലേക്ക് പോയി. പകരം ഒരാളെ തിരക്കിക്കൊണ്ടിരിക്കുകയായിരുന്നു. പണിയുണ്ടോയെന്നു ചോദിച്ച് പലരും വിളിക്കാറുണ്ട്. അങ്ങനെയാണ് ഇയാളും വിളിച്ചത്. ആളെ ആവശ്യമുണ്ടായിരുന്നുതുകൊണ്ട് വരാന്‍ പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചിട്ടാണ് ഞാന്‍ ജോലിക്ക് നിര്‍ത്തുന്നത്. മുര്‍ഷിദാബാദിലാണ് വീട്. കല്യാണം കഴിച്ചതാണെന്നും ഒരു കുട്ടിയുണ്ടെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. നാട്ടില്‍ കുറച്ച് കടമുണ്ടെന്നും അത് വീട്ടണമെന്നും പറഞ്ഞിരുന്നു. സംസാരവും കാര്യങ്ങളുമൊക്കെ പക്ക നീറ്റ് ആയിരുന്നു'; ഹാരീസിന്റെ വാക്കുകള്‍. പൊറോട്ട യൂണിറ്റിന്റെ പിന്നില്‍ തന്നെയായിരുന്നു യാക്കൂബും സഹ തൊഴിലാളിയും താമസിച്ചിരുന്നതെന്നാണ് ഹാരീസ് പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് പൊറോട്ട ഉണ്ടാക്കാന്‍ തുടങ്ങും, രാവിലെ പത്തു മണിവരെ അത് തുടരും. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങി വൈകിട്ട് അഞ്ച് വരെയും ജോലിയുണ്ടാകും. ബാക്കി സമയങ്ങളില്‍ തൊഴിലാളികള്‍ റൂമില്‍ പോയി ഉറങ്ങുകയാണ് പതിവെന്നാണ് ഹാരീസ് പറയുന്നത്. ഞായറാഴ്ച്ച മാത്രമാണ്് ഇവര്‍ പുറത്തേക്ക് പോകുന്നതെന്നും ഹാരീസ് പറയുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു യാക്കൂബിനെ അറസ്റ്റ് ചെയ്യുന്നത്. എന്നും ഈ സമയത്ത് യാക്കൂബ് ജോലി തുടങ്ങും. പൊറോട്ട ഉണ്ടാക്കാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോഴായിരുന്നും പൊലീസ് എത്തി പിടികൂടുന്നത്.

മുസറഫ് ഹുസൈന്‍

കഴിഞ്ഞ ഏഴുവര്‍ഷമായി പെരുമ്പാവൂര്‍ ബസ് സ്റ്റാന്റിന് സമീപമുള്ള ഭായി ബസാറില്‍ പ്രവര്‍ത്തിക്കുന്ന ബോംബെ ഫാഷന്‍ എന്ന ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു മുസറഫ് ഹുസൈന്‍. കുടുംബ സമേതമായിരുന്നു മുര്‍ഷിദ് താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു മുര്‍ഷിദിന്റെ കുടുംബം. മൂത്ത കുട്ടി ഇംഗ്ലീഷ് മീഡിയത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇളയ കുട്ടിക്ക് നാല് വയസ്. ആലുവ- പെരുമ്പാവൂര്‍ റോഡില്‍ മുടിക്കലില്‍ വഞ്ചിനാട് സ്‌റ്റോപിന് സമീപത്തായിരുന്നു മുര്‍ഷിദിന്റെ വീട്. അഞ്ചു വീടുകളുള്ള ഒരു ക്വാര്‍ട്ടേഴ്‌സ് ആണിത്. ബാക്കിയെല്ലാം വീടുകളും മലയാളികളുടെതാണ്. മൂന്നുമാസമെ ആയിട്ടുള്ളൂ ഇവിടേക്ക് താമസം മാറ്റിയിട്ട്. അതിനു മുമ്പ് പെരുമ്പാവൂരിനടുത്ത് പള്ളിക്കവലയിലായിരുന്നു താമസം. ഇവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഇയാള്‍ ജോലി ചെയ്തിരുന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പ്. എന്‍ ഐ എയുടെ പിടിയിലാകുന്നതുവരെ മുര്‍ഷിദിനെ കുറിച്ച് യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നാണ് ബോംബെ ഫാഷന്റെ ഉടമയായ കളമശ്ശേരി സ്വദേശി അബുബക്കര്‍ വി എം അഴിമുഖത്തോട് പറയുന്നത്.

മുര്‍ഷിദാബാദുകാരനായ മുസറഫ് രണ്ടായിരത്തിനു മുമ്പാണ് ആദ്യമായി ബോംബെ ഫാഷനില്‍ ജോലിക്കു വരുന്നതെന്നാണ് അബുബക്കര്‍ പറയുന്നത്.' ആദ്യമൊരു മൂന്നവര്‍ഷക്കാലം എന്റെയൊപ്പം ഉണ്ടായിരുന്നു. അന്നവന്‍ കല്യാണം കഴിച്ചിരുന്നില്ല. പിന്നീട്, കല്യാണമായെന്നും പറഞ്ഞാണ് ജോലി വിട്ട് നാട്ടിലേക്ക് പോകുന്നത്. പിന്നീട് വരുന്നത് 2013 ല്‍ ആണ്. കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭായി ബസാറില്‍ കച്ചവട സ്ഥാപനങ്ങളില്‍ 90 ശതമാനവും ഉത്തരേന്ത്യക്കാരണ് കസ്റ്റമേഴ്‌സ്. അവരോട് സംസാരിക്കാന്‍ ഭാഷയറിയാവുന്നവര്‍ വേണമെന്നുള്ളതുകൊണ്ട് ഉ്ത്തരേന്ത്യക്കാരെ സ്റ്റാഫായി വയ്ക്കുന്നത്. നിലവില്‍ എന്റെ കൂടെ മുര്‍ഷിദിനെ കൂടാതെ അസം സ്വദേശിയായ ഒരാള്‍ കൂടി സ്റ്റാഫായിട്ടുണ്ട്. ജോലി തേടി പലരും വരാറുണ്ട്. സാധാരണ ഒന്നോ രണ്ടോ വര്‍ഷമെ ഇവര് നില്‍ക്കാറുള്ളൂ. അതിനുള്ളില്‍ ഒന്നുകില്‍ അവരായിട്ട് തന്നെ പോകും, അല്ലെങ്കില്‍ നമ്മള്‍ പറഞ്ഞു വിടും. ഇവന്‍ വലിയ കുഴപ്പമൊന്നും അല്ലാതിരുന്നതുകൊണ്ടാണ് ഏഴു വര്‍ഷമായിട്ട് നില്‍ക്കുന്നത്. കുടംബമായി സെറ്റില്‍ ആയിട്ടുള്ളൊരുത്തന്‍ കൂടിയായതുകൊണ്ട് അങ്ങനെയും ഒരു വിശ്വാസമുണ്ടായിരുന്നു'.

അയല്‍വാസികളുമായും നാട്ടുകാരുമായും മുസറഫും കുടുംബവും അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. ക്വാര്‍ട്ടേഴ്‌സിലെ മറ്റ് മലയാളി കുടുംബങ്ങള്‍ക്കും ഇയാളെക്കുറിച്ച് അധികം വിവരങ്ങളൊന്നും അറിയില്ല. അതിഥി തൊഴിലാളികള്‍ക്കു സാധാരണ വീട് വാടകയ്ക്ക് കൊടുക്കാറില്ലെങ്കിലും മുന്‍പ് ഇവരുടെ അയല്‍വാസിയായിരുന്ന ഒരു മലയാളി കുടുംബം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനെത്തിയപ്പോള്‍ അവരുടെ ശുപാര്‍ശ പ്രകാരമാണ് മുസറഫിനും കുടുംബത്തിനും വീട് കൊടുക്കുന്നതെന്നാണ് ഉടമസ്ഥന്‍ പി എ അന്‍വര്‍ പറയുന്നത്.

രാവിലെ ഒമ്പതു മണി മുതല്‍ രാത്രി എട്ടുമണിവരെയാണ് മുസറഫ് ജോലി ചെയ്യുന്ന ബോംബെ ഫാഷന്‍ പ്രവര്‍ത്തിക്കുന്നത്. കടയിലിരുന്നു മുര്‍ഷാദ് ഫോണ്‍ വിളിക്കാറുണ്ടായിരുന്നുവെന്നാണ് ഉടമ അബൂബക്കര്‍ പറയുന്നത്. ബംഗാളി ഭാഷയിലാണ് സംസാരിക്കുന്നതെന്നതിനാല്‍ ഒന്നും മനസിലാകുമായിരുന്നില്ലെന്നും എന്നാല്‍ സംശയിക്കത്തക്ക പ്രവര്‍ത്തികളൊന്നും ഉണ്ടായിട്ടില്ലെന്നും അബൂബക്കര്‍ ഓര്‍ക്കുന്നു. മുസറഫിന്റെ വീട്ടില്‍ പ്രത്യേകിച്ച് ആരെങ്കിലും വന്നുപോകുന്നതായും കേട്ടിട്ടില്ലെന്നും അബൂബക്കര്‍ അഴിമുഖത്തോട് പറയുന്നുണ്ട്.

ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ വീട്ടിലെത്തിയാണ് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ എന്‍ ഐ എ മുസറഫിനെ അറസ്റ്റ് ചെയ്യുന്നത്.'ശനിയാഴ്ച്ച രാത്രി രണ്ടു മണിക്ക് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ സാര്‍ എന്നെ വിളിച്ചു. മുര്‍ഷാദിന്റെ വീട് എവിടെയാണെന്നു ചോദിച്ചായിരുന്നു വിളിച്ചത്. ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്തു. എന്റെ മറ്റൊരു കടയില്‍ സഹായിയായി നില്‍ക്കുന്നൊരു പയ്യനെയും കൂട്ടിയാണ് പൊലീസുകാര്‍ മുര്‍ഷാദിന്റെ വീട്ടില്‍ പോകുന്നത്. ആ പയ്യന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ. മുര്‍ഷിദുമായി ബന്ധമുണ്ടോ അറിയുമോയെന്നൊക്കെ ചോദിച്ച് പൊലീസുകാര്‍ ഹരാസ് ചെയ്‌തെന്നാണ് അവന്‍ പറഞ്ഞത്. രാത്രി രണ്ടരയ്ക്ക് വീട്ടില്‍ വച്ച് മുര്‍ഷാദിനെ അറസ്റ്റ് ചെയ്‌തെന്നാണ് അറിയുന്നത്; മുസറഫിന്റെ അറസ്റ്റിനെ കുറിച്ച് തനിക്കറിയാവുന്ന വിവരം അബൂബക്കര്‍ പങ്കുവയ്ക്കുന്നു.

മുര്‍ഷിദ് ഹസന്‍

ആലുവ പാതാളത്തായിരുന്നു മുര്‍ഷിദ് ഹസന്‍ താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പാണ് ഇയാള്‍ ഇവിടെയെത്തുന്നത്. പാതാളം പാലത്തിനു സമീപം പച്ചക്കറി നടത്തുന്ന കാഞ്ഞിരത്തിങ്കല്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലായിരുന്നു താമസം. എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയിലേക്ക് അതിഥി തൊഴിലാളികളെ നല്‍കുന്ന അസീസ് മുല്ല എന്നയാളാണ് വാടക വീട് എടുത്തിരിക്കുന്നത്. ഈ വാടക വീട്ടില്‍ മുര്‍ഷിദ് സ്വന്തമായി ഒരു മുറി ഉപയോഗിച്ചിരുന്നുവെന്നാണ് പറയുന്നത്. ഏതെങ്കിലും തൊഴിലിന് തുടര്‍ച്ചയായി പോകുന്ന സ്വഭാവം ഇയാള്‍ക്ക് ഇല്ലായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ഇയാള്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. മുമ്പ് ചായക്കടയിലും ജോലി നോക്കിയിരുന്നു. താമസ്ഥലത്തിനു സമീപമുള്ള ചില വീടുകളുടെ നിര്‍മാണങ്ങളിലും മുര്‍ഷിദ് സഹായിയായി ജോലി നോക്കിയിട്ടുണ്ട്. ഇയാള്‍ വളരെ ശാന്തനും സൗമ്യമായി പെരുമാറുന്നവനും ആയിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. വളരെ കുറച്ചു മാത്രമായിരുന്നു സംസാരിച്ചിരുന്നത്. സംശയം തോന്നിക്കത്തക്ക പ്രവര്‍ത്തികളൊന്നും ഇയാളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു.

പുലര്‍ച്ചെ വാടകവീടിന്റെ വാതില്‍ തകര്‍ത്താണ് എന്‍ ഐ എ സംഘം മുര്‍ഷിദിനെ പിടികൂടുന്നത്. മറ്റുള്ളവരെല്ലാം ഉറക്കമായെന്നു ഉറപ്പു വരുത്തിയശേഷമായിരുന്നു എന്‍ ഐ എ അകത്തു കയറുന്നത്. സംശയങ്ങളുടെ പേരില്‍ കൂടെയുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.


Next Story

Related Stories