TopTop
Begin typing your search above and press return to search.

കൊച്ചി ഫ്‌ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിനെ രക്ഷപെടാന്‍ സഹായിച്ച മൂന്നുപേര്‍ കസ്റ്റഡിയില്‍

കൊച്ചി ഫ്‌ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിനെ രക്ഷപെടാന്‍ സഹായിച്ച മൂന്നുപേര്‍ കസ്റ്റഡിയില്‍

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിനെ കൊച്ചിയില്‍നിന്നും രക്ഷപെടാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ഇവര്‍ യാത്രക്കായി ഉപയോഗിച്ച സ്വിഫ്റ്റ്, ഇന്നോവ കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാര്‍ട്ടിനെ സഹായിച്ച മറ്റു ചിലരെക്കൂടി കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരം.

അതിനിടെ, പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരെ മോശമായി പെരുമാറിയതിന് മാര്‍ട്ടിനും ധനേഷിനുമെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാക്കനാട്ടെ ഫ്‌ളാറ്റിലെത്തി ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയതിനുമാണ് കേസ്. കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിലൂടെ മാര്‍ട്ടിനെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊച്ചിയില്‍നിന്ന് കടന്ന മാര്‍ട്ടിന്‍ തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തൃശൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. കൊച്ചിയിലെ ഫ്ളാറ്റില്‍വെച്ച് അതിക്രൂര ലൈംഗികാതിക്രമത്തിനും മര്‍ദ്ദനത്തിനും ഇരയായെന്നായിരുന്നു ദേഹമാസകലം പരിക്കുകളോടെ രക്ഷപെട്ട പരാതി. അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. ക്രൂരമായി മര്‍ദ്ദിച്ചു. ബെല്‍റ്റുകൊണ്ടും ചൂലുകൊണ്ടും അടിച്ചു. ശരീരമാകെ പൊള്ളലേല്‍പ്പിച്ചു. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചു. മൂത്രം കുടിപ്പിച്ചു. സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഫ്ളാറ്റില്‍നിന്ന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍വെച്ചായിരുന്നു പീഡനമെന്നും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാര്‍ട്ടിന്‍ ജോസഫിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തി.


Next Story

Related Stories