കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമോ, സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നീ കാര്യങ്ങള്‍ തീരുമാനിക്കുന്നത് തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കില്ലെന്ന് സുഭാഷ് വാസു. ലോക്സഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാലുവാരിയ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും കുട്ടനാട്ടിലും അതേ രീതി ആവര്‍ത്തിക്കുമെന്നും സുഭാഷ് വാസു അഴിമുഖത്തോട് പറഞ്ഞു. യാഥാര്‍ത്ഥ ബിഡിജെഎസ് തന്റെ നേതൃത്വത്തിലുള്ളതാണെന്നും പാര്‍ട്ടിയില്‍ അംഗത്വം പോലുമില്ലാത്തയാളാണ് തുഷാറെന്നും സുഭാഷ് വാസു കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിനും എന്‍ഡിഎയ്ക്കും തന്നിലാണ് വിശ്വാസം. എല്ലാ പിന്തുണയും തനിക്കുണ്ട്. തുഷാര്‍ പറയുന്നതുപോലെയായിരുന്നുവെങ്കില് സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായി താനിപ്പോഴും തുടരുമോയെന്നും അദ്ദേഹം ചോദിച്ചു.
സുഭാഷ് വാസു പാര്‍ട്ടിയില്‍ ഇല്ലാത്തയാളാണെന്ന് തുഷാര്‍ പറയുമ്പോഴാണ് അദ്ദേഹത്തെ തള്ളി സുഭാഷ് വാസു രംഗത്തു വരുന്നത്. "ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാനായി ഈ മാസം 14 ആം തീയതി പാര്‍ട്ടി കമ്മിറ്റി കൂടുന്നുണ്ട്. അതിലായിരിക്കും ബിഡിജെഎസ് കുട്ടനാട്ടില്‍ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കുകയുള്ളൂ. എന്‍ഡിഎയുടെ ഭാഗമാണ് ബിഡിജെഎസ്. അതുകൊണ്ട് എല്ലാവരും കൂടിചേര്‍ന്ന് എടുക്കുന്ന ഒരു തീരുമാനമായിരിക്കും ഉണ്ടാവുക", സുഭാഷ് വാസു പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുഭാഷ് വാസു ആയിരുന്നു കുട്ടനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. ഇത്തവണ താന്‍ മത്സരത്തിനില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കും ഒരുപക്ഷേ കുട്ടനാട്ട് സീറ്റില്‍ മത്സരിക്കുകയെന്നും അദ്ദേഹം സൂചന നല്കി. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ഡിഎ തീരുമാനമായിരിക്കും അന്തിമമെന്നും അദ്ദേഹം വ്യക്തമാക്കി.
"കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാലുവാരിയവരാണ് തുഷാറും വെള്ളാപ്പള്ളിയും. ബിഡിജെഎസ് സംഘടന ശക്തമായിട്ടുള്ളൊരു മണ്ഡലമാണ് അരൂര്‍. ഈഴവ സമുദായം പ്രബല ഗ്രൂപ്പായിട്ടുള്ള അരൂരില്‍ ബിജെപിയെ പറ്റിക്കുകയായിരുന്നു അച്ഛനും മകനും. അതുപോലെ തന്നെ കുട്ടനാട്ടിലും പറ്റിക്കും. കുട്ടനാട്ടില്‍ അവര്‍ ബിജെപിയോട് പറയാന്‍ പോകുന്ന കാര്യം, നിങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കോ എന്നായിരിക്കും. എന്നിട്ട് അച്ഛനും മോനും കൂടി സിപിഎമ്മിനു വേണ്ടി പണിയെടുക്കും. കാരണം, അങ്ങനെ ചെയ്തില്ലെങ്കില്‍ കെ കെ മഹേശന്റെ ആത്മഹത്യയിലടക്കം രണ്ടുപേരെയും തൂക്കിയകത്തിടും" സുഭാഷ് വാസു ആരോപിച്ചു.
ബിഡിജെഎസില്‍ മെംബര്‍ഷിപ്പ് പോലും ഇല്ലാത്തയാളാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നാണ് സുഭാഷ് വാസു പറയുന്നത്. "തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റില്‍ കയറി നോക്കിയാല്‍ ആരാണ് യഥാര്‍ത്ഥ ബിഡിജെഎസ് നേതാവ് എന്ന് എല്ലാവര്ക്കും വ്യക്തമാകും. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രധാന രേഖകളിലെല്ലാം എന്റെ പേരാണുള്ളത്. തുഷാര്‍ വെള്ളാപ്പള്ളിയുടെയോ വെള്ളാപ്പള്ളി നടേശന്റെയോ പേരിലുള്ള പാര്‍ട്ടിയല്ല ബിഡിജെഎസ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തുഷാറിന് ഉള്‍പ്പെടെ അഞ്ച് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി നോമിനേഷന് പേപ്പറില്‍ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ഒപ്പിട്ടത് ഞാനാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 35 പേര്‍ക്കും ഞാന്‍ തന്നെയായിരുന്നു ഒപ്പിട്ടത്. പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത തുഷാറിന് ബിഡിജെഎസിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ യാതൊരു അവകാശവുമില്ല. അങ്ങനയല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തട്ടെ. വെറുതെ പ്രഖ്യാപിച്ചാല്‍ പോരല്ലോ, തെരഞ്ഞെടുപ്പ് കമ്മിഷനില്‍ എഴുതി കൊടുക്കണ്ടേ? അതിനു കഴിയുമോയെന്ന് നമുക്ക് നോക്കാം", സുഭാഷ് വാസു പറഞ്ഞു.
ബിഡിജെഎസിനെ ദേശീയപാര്‍ട്ടിയായി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ ജില്ലകളിലും ഓഫിസുകളായി കഴിഞ്ഞു. കര്‍ണാടകയില്‍ വെള്ളിയാഴ്ച്ച മുതല്‍ പാര്‍ട്ടി ഘടകം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ബിഡിജെഎസ് ദേശീയ പാര്‍ട്ടിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആ തരത്തില്‍ തന്നെയുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്, സുഭാഷ് വാസു കൂട്ടിച്ചേര്‍ത്തു.