TopTop
Begin typing your search above and press return to search.

മണ്ണിടിഞ്ഞു; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

മണ്ണിടിഞ്ഞു; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിന് ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചുരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മാണത്തിന് മണ്ണ് എടുത്തു മാറ്റിയ സ്ഥലത്ത് ഇന്നലെ വീണ്ടും ടാറിങ്ങിന്റെ അടിഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. പകല്‍ രണ്ടു മണിയോടെയാണ് തകരപ്പാടിക്കു മേലെ വീണ്ടും റോഡ് ഇടിഞ്ഞത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കാതെ കടത്തി വിട്ടതാണത്രേ ഇന്നലെ വീണ്ടും ഇടിയാന്‍ കാരണം. റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കു ചെയ്യുന്ന വലിയ വാഹനങ്ങള്‍ രാത്രിയില്‍ ചുരത്തിലൂടെ കടന്നു പോകുന്നതായും പരാതിയുണ്ട്.

ഇന്നു മുതല്‍ ചുരത്തില്‍ വലിയവാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കുഴിയില്‍ മണല്‍ ചാക്കുകള്‍ നിരത്തിയിട്ടുണ്ടെങ്കിലും ഇടിച്ചില്‍ നടക്കുന്ന ഭാഗത്ത് മുന്‍കരുതല്‍ നടപടി എടുക്കാന്‍ കഴിയില്ല. ചെറിയ വാഹനങ്ങള്‍ക്കു മലയോടു ചേര്‍ന്നു കഷ്ടിച്ചു കടന്നു പോകാവുന്ന സ്ഥിതിയാണുള്ളത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.

കെഎസ്ആര്‍ടിസി മിനി ബസുകള്‍ നടത്തുന്ന ചെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരം ഇടിഞ്ഞ ഭാഗത്ത് ബസുകള്‍ക്ക് കടന്നുപോകാന്‍ ആവാത്തതിനാല്‍ ഒന്‍പതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസില്‍ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാന്‍. ദീര്‍ഘദൂര സര്‍വീസുകള്‍ രാത്രിയില്‍ ചുരത്തിലൂടെ കടന്നുപോയിരുന്നു എങ്കിലും അതിനും ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ കുറ്റ്യാടി ചുരം വഴി മാത്രമേ ദീര്‍ഘദൂര ബസുകള്‍ക്ക് സര്‍വീസ് നടത്താനാകൂ.


Next Story

Related Stories