TopTop
Begin typing your search above and press return to search.

മതഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ആദ്യം സംശയമുയര്‍ത്തിയത് കസ്റ്റംസ്; എന്‍ഫോഴ്സ്മെന്റ് എത്തിയത് ദുരൂഹതയെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെ; ഇപ്പോള്‍ എന്‍ഐഎയും

മതഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ആദ്യം സംശയമുയര്‍ത്തിയത് കസ്റ്റംസ്; എന്‍ഫോഴ്സ്മെന്റ് എത്തിയത് ദുരൂഹതയെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെ; ഇപ്പോള്‍ എന്‍ഐഎയും

യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പാഴ്‌സലുകള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മന്ത്രി കെ ടി ജലീലില്‍ ഇനിയും കേന്ദ്ര അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാകേണ്ടി വന്നേക്കും. എന്‍ഫോഴ്‌സമെന്റ ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത മന്ത്രിയെ ഇപ്പോള്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ എജന്‍സി(എന്‍ഐഎ) ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി ചോദ്യം ചെയ്തതെങ്കില്‍, സ്വര്‍ണക്കടത്ത് കേസുമായി പാഴ്‌സല്‍ കൊണ്ടുപോയ സംഭവത്തിന് പങ്കുണ്ടോയെന്ന കാര്യത്തിലാണ് എന്‍ഐഐ മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ഈ രണ്ട് കേന്ദ്ര ഏജന്‍സികള്‍ക്കും പുറമെയാകും ഇനി മറ്റൊരു കേന്ദ്ര ഏജന്‍സിയായ കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യുക. കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്‌സലുകള്‍ മതഗ്രന്ഥമായിരുന്നോ എന്ന കാര്യത്തില്‍ കസ്റ്റംസ് ആണ് ആദ്യം സംശയം ഉയര്‍ത്തിയത്. അവര്‍ തുടങ്ങിയ അന്വേഷണത്തിലാണ് ഇഡിയും എന്‍ഐഎയും ചേരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയമായി നില്‍ക്കുന്ന യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി ജലീലിന് സംശാസ്പദമായ രീതിയില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലും പാഴ്സലില്‍ മതഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നതായി സൂചനകള്‍ ഇല്ലെന്നായിരുന്നു പറഞ്ഞിരുന്നത്. കസ്റ്റംസിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു യുഎഇ അധികൃതര്‍ നടത്തിയ വിശദീകരണം. മറ്റ് രാജ്യങ്ങളില്‍ തങ്ങളുടെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്യുന്ന രീതിയില്ലെന്നായിരുന്നു യുഎഇ വിദേശകാര്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞത്. ഇതോടെയാണ് പാഴ്‌സലുകള്‍ കൂടുതല്‍ ദുരൂഹമായത്.

കെ ടി ജലീല്‍ കൈകാര്യം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന സി-ആപ്റ്റിന്റെ (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്) ഔദ്യോഗിക വാഹനത്തിലായിരുന്നു പാഴ്‌സലുകള്‍ മലപ്പുറത്തേക്ക് കൊണ്ടു പോകുന്നത്. മന്ത്രിയാണ് സി-ആപ്റ്റിന്റെ ചെയര്‍മാന്‍. എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് മതസ്ഥാപനങ്ങളിലേക്കാണ് പാഴ്‌സലുകള്‍ എത്തിച്ചതെന്നും അവ ഇപ്പോഴും പ്രസ്തുത സ്ഥാപനങ്ങളിലുണ്ടെന്നുമാണ് ജലീല്‍ പറഞ്ഞിരുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം സി- ആപ്റ്റ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ റഹ്മാന്‍ കോണ്‍സുലേറ്റില്‍ നേരിട്ടെത്തിയാണ് പാഴ്‌സലുകള്‍ സ്വീകരിക്കുന്നതും അവ ഓഫിസില്‍ എത്തിച്ചശേഷം സ്ഥാപനത്തിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കയറ്റി അയക്കുന്നതും. കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്‌സലുകള്‍ മന്ത്രിയിടപ്പെട്ട് കൊണ്ടുപോയെന്ന വിവരം കിട്ടിയതിനു പിന്നാലെ കസ്റ്റംസ് സി-ആപ്റ്റിന്റെ ഓഫിസില്‍ എത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. സി ആപ്റ്റ് ഓഫീസിലെ അഞ്ച് ജീവനക്കാരില്‍ നിന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്. സി ആപ്റ്റിന്റെ വട്ടിയൂര്‍ക്കാവ് ഓഫിസിന്റെ ചുമതലക്കാരന്‍, ഡെലിവറി സ്റ്റോര്‍ ഇന്‍ ചാര്‍ജ്, ഡ്രൈവര്‍, സെക്യൂരിറ്റി ഓഫിസര്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. മുപ്പത്തിരണ്ട് പെട്ടികളില്‍ സി-ആപ്റ്റില്‍ ശേഷിച്ച പെട്ടികളില്‍ ഒന്ന് തൂക്കം പരിശോധിക്കാനായി കസ്റ്റംസ് കൊണ്ടുപോവുകയും ചെയ്തു.

എന്നാല്‍ പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ തന്നെയായിരുന്നുവെന്നാണ് സി-ആപ്റ്റ് അധികൃതരും പറയുന്നത്. കസ്റ്റംസിന് നല്‍കിയ വിശദീകരണമായി സി-ആപ്റ്റ് അസി. ഡയറക്ടര്‍ (ഫിനാന്‍സ്) മനോജ് ബാബു അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു; "സി-ആപ്റ്റിന്റെ ചെയര്‍മാന്‍ മന്ത്രിയാണ്. അദ്ദേഹം അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ റഹ്മാനോട് ആവശ്യപ്പെട്ട കാര്യമാണ് കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്സലുകള്‍ സ്വീകരിക്കണമെന്നത്. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടാല്‍ മാനേജിംഗ് ഡയറക്ടര്‍ അത് ചെയ്യുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ല. 32 പായ്ക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എം ഡിയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് പായ്ക്കറ്റുകള്‍ ഓഫിസില്‍ കൊണ്ടുവന്നത്. എം ഡി തന്നെ അതില്‍ ഒരു പായ്്ക്കറ്റ് തുറന്നു നോക്കുകയും ചെയ്തിരുന്നു. അതില്‍ ഖുറാന്‍ ആയിരുന്നു. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ജീവനക്കാരുണ്ടെങ്കില്‍ മതഗ്രന്ഥം എടുത്തോളാനും എം ഡി പറഞ്ഞു. അതിന്‍പ്രകാരം ചില ജീവനക്കാര്‍ ഖുറാന്‍ എടുക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ചെയര്‍മാന്‍ പറഞ്ഞ സ്ഥലത്തേക്ക് പായ്ക്കറ്റുകള്‍ എത്തിക്കുന്നത്. സി-ആപ്റ്റ് പ്രധാനമായും പാഠപുസ്തകങ്ങള്‍ അച്ചടിക്കുകയും അത് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ചുമതലയാണ് നിര്‍വഹിക്കുന്നത്. ഇത്തവണ ചില പ്രശ്നങ്ങളാല്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വൈകിയിരുന്നു. അതിപ്പോഴാണ് പൂര്‍ത്തിയാക്കി വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. പാഠപുസ്തകങ്ങളുമായി വിവിധ സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ പോകുമെന്നതുകൊണ്ടാണ് പ്രസ്തുത പായ്ക്കറ്റുകള്‍ കൂടി ഇന്ന സ്ഥലങ്ങളില്‍ എത്തിക്കാമോയെന്നു മന്ത്രി ചോദിച്ചത്. അതുപ്രകാരമാണ് മന്ത്രി പറഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ തന്നെ പായ്ക്കറ്റുകള്‍ എത്തിച്ചതും".

എന്നാല്‍ മന്ത്രിയുടെയും സി-ആപ്റ്റിന്റെയും വിശദീകരണത്തില്‍ തൃപ്തിയാകാതെ കസ്റ്റംസ് അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു. നയതന്ത്ര ബാഗേജ് വഴി വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥം തന്നെയായിരുന്നോ എന്ന കാര്യത്തില്‍ വിശദമായ പരിശോധനയാണ് കസ്റ്റംസ് തുടര്‍ന്നു നടത്തിയത്. ബാഗേജുകളുടെ തൂക്കം ഉള്‍പ്പെടെ പരിശോധിച്ചു. മതഗ്രന്ഥങ്ങളെന്ന പേരില്‍ സ്വര്‍ണമാണോ പാഴ്‌സലുകളില്‍ കടത്തിയതെന്നറിയാനായിരുന്നു കസ്റ്റംസ് പരിശോധന. 4778 കിലോ ആയിരുന്നു മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ എത്തിയ പെട്ടിയുടെ ആകെ തൂക്കം രേഖപ്പെടുത്തിയത്. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കണ്ടെത്തല്‍. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി 250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. ഇത് അടിസ്ഥാനമാക്കിയാണ് വിശദമായ അന്വേഷണത്തിന് കസ്റ്റംസ് തയ്യാറെടുത്തത്. ഇതേ സമയം തന്നെ എന്‍ ഐ എയും പാഴ്‌സലുകളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. അവര്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നും വിവരങ്ങള്‍ തേടിയതിന്‍ പ്രകാരം മനസിലായത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനും വിതരണം ചെയ്യാനും അനുമതിയും നല്‍കിയിട്ടില്ലെന്നായിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ ഈ വിഷയത്തില്‍ മന്ത്രിയുടെ പങ്കിനെക്കുറിച്ച് ചോദിച്ചറിയാന്‍ തീരുമാനിക്കുന്നത്. ഈ സംഭവത്തില്‍ മറ്റ് ഏജന്‍സികളെക്കാള്‍ കൂടുതല്‍ അന്വേഷണം ഇതുവരെ നടത്തി കഴിഞ്ഞ കസ്റ്റംസും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുമെന്ന് അനുമാനിക്കാന്‍ കഴിയുന്നതും ഇതുകൊണ്ടാണ്.

Next Story

Related Stories