TopTop
Begin typing your search above and press return to search.

എങ്ങനെയാണ് സിപിഎം മത, സമുദായിക സംഘടനകളെ കൃത്യമായി ഉപയോഗിക്കുകയും അത് മൂടിവെക്കുകയും ചെയ്യുന്നത്?

എങ്ങനെയാണ് സിപിഎം മത, സമുദായിക സംഘടനകളെ കൃത്യമായി ഉപയോഗിക്കുകയും അത് മൂടിവെക്കുകയും ചെയ്യുന്നത്?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്ന ഒരു വലിയ തമാശ എന്താണെന്നു വെച്ചാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു സമുദായ നേതാവിന്റെയും തിണ്ണ നിരങ്ങാന്‍ പോയില്ല എന്നുള്ളതാണ്. സത്യം പറഞ്ഞാല്‍ ഇന്നു ഭരിക്കുന്ന സിപിഎമ്മിനെ പോലെ വര്‍ഗീയം പയറ്റുന്ന മറ്റൊരു പാര്‍ട്ടി കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അവര്‍ അത് കുറച്ചു ബുദ്ധിപരമായി ചെയ്യുന്നതുകൊണ്ട് പലരുടേയും കണ്ണില്‍ അവര്‍ക്ക് പൊടിയിടാന്‍ സാധിക്കുന്നു എന്നു മാത്രം.

കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും ഗ്ലാമര്‍ ഉണ്ടായിരുന്നത് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കായിരുന്നു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്നുവരെ ചില കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നത് അതുകൊണ്ടാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ശൈലജ ടീച്ചര്‍ ജയിച്ചതും അവരുടെ ജനസമ്മിതി തന്നെയാണ് കാണിക്കുന്നത്. ആ ശൈലജ ടീച്ചറെ മാറ്റിനിര്‍ത്തി വീണാ ജോര്‍ജിനെ ഒരു മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പ് ഏല്‍പ്പിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകം എന്താണ്? അത് ഓര്‍ത്തഡോക്‌സ് സഭയുടെ സപ്പോര്‍ട്ട് തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. അത്ര ബുദ്ധിയില്ലാത്ത ആളല്ല പിണറായി വിജയന്‍; സിപിഎമ്മിലാവട്ടെ പാര്‍ട്ടി തന്ത്രങ്ങള്‍ മെനയാന്‍ വലിയൊരു പറ്റം ആളുകളുമുണ്ട്.

വീണാ ജോര്‍ജ് രാഷ്ട്രീയത്തില്‍ വന്നതുതന്നെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി ആയിട്ടാണ്. വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ ഒരു ഓര്‍ത്തഡോക്‌സ് വൈദികന്‍ പരസ്യമായി തന്നെ പറഞ്ഞത് 'ഞങ്ങള്‍ ഇതുവരെ അനാഥരായിരുന്നു; ഇപ്പോഴാണ് ഞങ്ങള്‍ സനാഥരായത്' എന്നാണ്. ചില ഓര്‍ത്തഡോക്‌സ് വൈദികരൊക്കെ പരസ്യമായി തന്നെ വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

അപ്പുറത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി കഷ്ടിച്ചാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പണ്ടൊക്കെ മുപ്പതിനായിരത്തില്‍ മിച്ചം വോട്ടില്‍ പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ചിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇത്തവണ 7000ല്‍ മിച്ചം ഭൂരിപക്ഷമേ കിട്ടിയുള്ളൂ. ചുരുക്കം പറഞ്ഞാല്‍ സ്വന്തം സമുദായാംഗങ്ങളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്ക് കുറയുകയാണ്. ഇനി ആരോഗ്യ വകുപ്പ് നന്നായി ഭരിക്കുകയും, അതിന്റ കൂടെ സിപിഎമ്മിന്റെ പ്രചാരണവും കൂടി വന്നാല്‍ ടീച്ചറമ്മ പോലെ, വീണാമ്മയും മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ ബെല്‍റ്റില്‍ അനിഷേധ്യ നേതാവായി വളരും. ആ രീതിയില്‍ വീണാ ജോര്‍ജിനെ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കങ്ങളാണ് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ നടത്തുന്നതെന്നാണ് തോന്നുന്നത്.

മധ്യ കേരളത്തില്‍ ജോസ് കെ. മാണിയെ കൂടെ കൂട്ടിയത് വഴി അനേകം മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ സിപിഎമ്മിനായി. തികച്ചും സമുദായാടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് കിട്ടിയ വോട്ടുകള്‍ ആണവ. നേരിയ ഭൂരിപക്ഷത്തില്‍ മാത്രം യുഡിഎഫ് വിജയിച്ചിരുന്ന 26 മണ്ഡലങ്ങളിലെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അഭാവം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍. കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.80 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ഇടതു മുന്നണി ഇത്തവണ അവരുടെ വോട്ടുവിഹിതം 43.70 ശതമാനമായി ഉയര്‍ത്തി. ഈ 10 ശതമാനം വോട്ട് വര്‍ധന കാണിക്കുന്നതെന്താണ്? കോട്ടയത്തെ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായത് സമുദായ അടിസ്ഥാനത്തില്‍ തന്നെയാണ്. ഇടുക്കിയില്‍ കഴിഞ്ഞ തവണ 40.75 ശതമാനമായിരുന്ന എല്‍ഡിഎഫ് വോട്ട് വിഹിതം ഇത്തവണ 47.96 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. യു.ഡിഎഫിന്റെ കോട്ടകളിലാണ് ഈ ചോര്‍ച്ച വന്നിരിക്കുന്നത്. പല മണ്ഡലങ്ങളിലും യുഡിഎഫിനെ തോല്‍പിക്കാന്‍ ഈ വോട്ടു ചോര്‍ച്ചകള്‍ ധാരാളമായിരുന്നു.

സിപിഎമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഈഴവ വോട്ടുകള്‍ ഇത്തവണയും സിപിഎമ്മിനോടൊപ്പം തന്നെ നിന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനും കൂട്ടരും ബിജെപിയോടൊപ്പം പോകാന്‍ ഇറങ്ങിയവരാണ്. അപ്പോഴാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഒക്കെ ഉയര്‍ത്തി സാക്ഷാല്‍ അച്യുതാനന്ദന്‍ തന്നെ രംഗത്തു വന്നത്. എന്തായാലും പിന്നീട് വെള്ളാപ്പള്ളി നടേശനും കൂട്ടരും സിപിഎമ്മിനെതിരായി തല പൊക്കിയിട്ടില്ല. മൈക്രോ ഫിനാന്‍സ് തൊട്ട് ശാശ്വാതീകാനന്ദയുടെ കൊലപാതകം വരെ ആണ് കാരണമെന്ന് പലരും പരസ്യമായി തന്നെ പറയുന്നു. എന്തായാലും ഈഴവ വോട്ടുകള്‍ ഭദ്രമായി സിപിഎമ്മിന്റെ വോട്ട് പെട്ടിയില്‍ വീഴുന്നുണ്ട്. പിണറായിക്കും സിപിഎം ബുദ്ധി കേന്ദ്രങ്ങള്‍ക്കും അതുമതിയെന്ന് തോന്നുന്നു.

സിപിഎമ്മിന്റെ വേറൊരു വലിയ വോട്ടു ബാങ്കാണ് മുസ്ലീം വോട്ടുകള്‍. ബേബി സഖാവും രാജേഷും ഒക്കെ പാലസ്തീനു വേണ്ടി മുറവിളി കൂട്ടുന്നത് ചുമ്മാതാണോ? അതല്ലെങ്കില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരമുള്ള ഗാസയില്‍ ഹമാസ് നടത്തുന്ന സ്ഥിരം നാടകം മലയാളികളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒന്നാണോ? 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആത്മകഥയില്‍ പ്രൊഫസര്‍ ടി.ജെ. ജോസഫ് സാര്‍ പറയുന്നത് കേരളത്തിലെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് തനിക്ക് വിനയായി തീര്‍ന്നത് എന്നാണ്. വാസ്തവമാണത്. അതല്ലെങ്കില്‍ പഠിപ്പിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം എടുത്ത് അവിടെ കുത്തും കോമയും ആശ്ചര്യചിഹ്നവും ഇടാന്‍ പറഞ്ഞപ്പോള്‍ കൈ വെട്ടിയതിനെ ഒളിഞ്ഞും തെളിഞ്ഞും അനുകൂലിക്കാന്‍ സിപിഎം പോലുള്ള ഒരു പാര്‍ട്ടിക്ക് ആകുമോ? അതു മാത്രമാണോ? ചേകന്നൂര്‍ മൗലവിയുടെ കൊലപാതകം, സ്വന്തം പാര്‍ട്ടിക്കാരനായ അഭിമന്യുവിന്റെ കൊലപാതകം - ഇവയിലൊന്നിലും വോട്ടുബാങ്ക് രാഷ്ട്രീയം കാരണം സുനിശ്ചിതമായ നിലപാട് എടുക്കാന്‍ സിപിഎമ്മിനായില്ല.

കേരളത്തില്‍ ബിജെപി വളരാന്‍ തന്നെ കാരണം സിപിഎമ്മിന്റെ ഹിന്ദു വോട്ടുകള്‍ തേടിയുള്ള അതിബുദ്ധിയായിരുന്നു എന്നും കാണാവുന്നതാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.-ക്ക് 5 ശതമാനത്തില്‍ മിച്ചം മാത്രമായിരുന്നു വോട്ട്. അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിലും 5-6 ശതമാനം വോട്ടേ ബിജെപിക്ക് കിട്ടിയുള്ളൂ. പക്ഷെ 2016ല്‍ കഥയാകെ മാറി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 ശതമാനം മിച്ചമായി ബിജെപിയുടെ വോട്ടിംഗ് ശതമാനം. അവര്‍ക്ക് ഒരു സീറ്റും കിട്ടി. 7 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് 2016ല്‍ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞു. 2018ലെ ശബരിമല പ്രക്ഷോഭം മുതല്‍ കേരള രാഷ്ട്രീയത്തില്‍ ബിജെപി അവഗണിക്കാനാകാത്ത ശക്തിയായി മാറി. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ച ആയിരുന്നു ബിജെപി കേരളത്തില്‍ വളരാന്‍ കാരണം. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച അതിബുദ്ധി ബിജെപിയുടെ വളര്‍ച്ചക്ക് വഴിതെളിച്ചു.

വര്‍ഗീയത ഉയര്‍ത്തിവിട്ട് ബിജെപിയെ വളര്‍ത്തി യുഡിഎഫിനെ തകര്‍ത്ത് എല്‍ഡിഎഫിനു കാലാകാലം തുടര്‍ഭരണവും, എന്‍ഡിഎയ്ക്ക് പ്രതിപക്ഷസ്ഥാനവും ഉറപ്പിക്കാനുള്ള ഒത്തുകളിയുടെ ആരംഭമായിരുന്നു 2018ല്‍ ശബരിമലയില്‍ അരങ്ങേറിയ സംഭവങ്ങള്‍. യുഡിഎഫിന് കിട്ടുന്ന ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമ്പോള്‍, സുസ്ഥിര വോട്ട് ബേസ് ഉള്ള എല്‍ഡിഎഫിനു നേട്ടമുണ്ടാകും എന്നാണ് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ കരുതിയത്. ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള സിപിഎമ്മിന്റെ അതിബുദ്ധി മാത്രമായിരുന്നു ശബരിമല വിഷയത്തില്‍ 2018ലെ കര്‍ശന നിലപാടിന് പിന്നില്‍. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയെ പോലുള്ള സംഘ പരിവാര്‍ നേതാക്കളുമായി 2018ല്‍ ഒത്തുകളിച്ചു. പൊലീസിനെ ശബരിമലയില്‍ ശക്തമായി വിന്യസിപ്പിച്ച് ആളുകളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്ത് സ്ത്രീകളെ പിന്തിരിപ്പിച്ചതൊക്കെ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്' നിരക്കാത്ത ഒന്നായിരുന്നു. എന്നിട്ട് 'വനിതാ മതില്‍' ഉയര്‍ത്തി ഇടതുപക്ഷം വലിയ പുരോഗമനം പറഞ്ഞു. ഇത്തരത്തിലുള്ള കപട പുരോഗമനം പറച്ചില്‍ അടുത്ത അഞ്ചു വര്‍ഷത്തിലും ഇടതുമുന്നണിയില്‍ നിന്ന് യഥേഷ്ടം പ്രതീക്ഷിക്കാം.

തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനായി ഏത് അടവു നയവും പയറ്റുന്ന സിപിഎം അതൊക്കെ ഭംഗിയായി മൂടിവെക്കുകയും ചെയ്യുന്നു. ഇവിടെയാണ് സിപിഎം എന്ന പാര്‍ട്ടിയുടെ സംഘടനാ മികവും, പ്രചാരണ തന്ത്രങ്ങളും കാണേണ്ടത്. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സിപിഎം മത സമുദായ സംഘടനകളെ കൃത്യമായി ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കുകയില്ല; മറിച്ച് അവര്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും മുസ്ലീം ലീഗിനേയും വര്‍ഗീയതക്ക് കുറ്റം പറയും; അതെ സമയം തന്നെ ഭംഗിയായി അവരുടെ കാര്യം സാധിച്ചെടുക്കുകയും ചെയ്യും. വിശ്വസനീയമായ ഡേറ്റയുടേയും, ഇന്‍ഫര്‍മേഷന്റെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മത സമുദായ സംഘടനകളെ കൃത്യമായി ഉപയോഗിക്കാന്‍ സിപിഎമ്മിന് അറിയാം എന്നുതന്നെ പറയാന്‍ സാധിക്കും. അതേസമയം അത് ചര്‍ച്ച ആകാതെ നോക്കാനുള്ള സംഘടനാ സംവിധാനവും അവര്‍ക്കുണ്ട് - അവിടെയാണ് സിപിഎം എന്ന പാര്‍ട്ടിയുടെ മിടുക്ക് അതല്ലെങ്കില്‍ സംഘടനാ വൈഭവം വെളിവാക്കപ്പെടുന്നത്. പച്ചയായ മലയാള ഭാഷയില്‍ ഇതിനെ ഇരട്ടത്താപ്പെന്നോ അതല്ലെങ്കില്‍ ഇംഗ്‌ളീഷില്‍ ഹിപ്പോക്രസിയെന്നോ കൂടി പറായാവുന്നതാണ്.

(ലേഖകന്റെ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories