വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടിയിട്ട് 26 മാസങ്ങള്‍. ദാരിദ്ര്യത്തിലും പട്ടിണിയിലും ജോലി ഉപേക്ഷിക്കാതെ തൊഴിലാളികള്‍. കമ്പനി തുറന്ന് പ്രവര്‍ത്തിക്കുമോ? ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതിനായുള്ള സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് തൊഴിലാളികളുടെ ജീവിതം.
പ്രവര്‍ത്തന മൂലധനമില്ലാതെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചെങ്കിലും തൊഴിലാളികളില്‍ ചിലരെങ്കിലും മുടങ്ങാതെ ജോലിക്കെത്തുകയും ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായപ്പോള്‍ കമ്പനിയിലെ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകള്‍ അന്വേഷിച്ചിറങ്ങി. അവര്‍ പോലും മുടങ്ങാതെ കമ്പനിയിലെത്തി ഹാജര്‍ വയ്ക്കുന്നുണ്ട്. എന്നെങ്കിലും ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ച് യന്ത്രങ്ങള്‍ ഓടിത്തുടങ്ങി തങ്ങളുടെ ജീവിതവും പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളെല്ലാം. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം തൊഴിലാളികള്‍ക്ക് നല്‍കിയത് ചെറിയ ആശ്വാസമായിരുന്നില്ല. നാളുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ നുറുങ്ങ് പ്രതീക്ഷ നല്‍കുന്നതായിരുന്നു കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഇവരെ തേടിയെത്തിയ വാര്‍ത്തകള്‍.
കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ച പൊതു മേഖലാ സ്ഥാപനം ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചിരുന്നു. ഈ നിര്‍ദ്ദേശം കമ്പനി ലിക്വിഡേറ്റര്‍ അംഗീകരിച്ചു. എച്ച്എന്‍എല്ലിന്റെ മുഴുവന്‍ ഓഹരികളും 25 കോടി രൂപക്ക് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാണ് ധാരണയായത്. 430 കോടി രൂപയുടെ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തീരുമാനമായിരുന്നു. 25 കോടി രൂപ കെട്ടിവച്ച് സംസ്ഥാന സര്‍ക്കാരിന് കമ്പനി ഏറ്റെടുക്കാമെന്ന് കമ്പനി നിയമ ട്രിബ്യൂണലും വിധിച്ചിരുന്നു. 90 ദിവസത്തെ സമയമാണ് കമ്പനി ഏറ്റെടുക്കുന്നതിന് നിയമ ട്രിബ്യൂണല്‍ നല്‍കിയത്. എന്നാല്‍ ബാധ്യതളുള്ള ബാങ്കുകളുമായി ധാരണയിലെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റിന് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതും പരാജയപ്പെട്ടു. ലേല നടപടികളിലേക്ക് പോവാതെ കമ്പനി നേരിട്ട് ഏറ്റെടുക്കാനായി സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നു. എന്നാല്‍ സമയ പരിധി അവസാനിച്ചതോടെ എച്ച്എന്‍എല്‍ ലേലത്തിന് വച്ചു.
നാല് പൊതു മേഖലാ സ്ഥാപനങ്ങളും ഒരു സ്വകാര്യ കമ്പനിയുമാണ് ലേലത്തില്‍ പങ്കെടുത്തത്. മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടേയും അപേക്ഷ തള്ളിപ്പോയി. കിന്‍ഫ്ര നല്കിയ പ്രൊപ്പോസലില്‍ തുക കുറവായിരുന്നെങ്കിലും അത് വേണമെങ്കില്‍ പുന:പരിശോധിക്കാമെന്ന വ്യവസ്ഥ വച്ചിരുന്നു. സ്വകാര്യ സ്ഥാപനമായ സണ്‍ പേപ്പര്‍ മില്‍ സമര്‍പ്പിച്ച പ്രോപ്പോസല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വച്ച പ്രൊപ്പോസലിനേക്കാള്‍ തുക കുറച്ചായിരുന്നതിനാല് അതും തള്ളിപ്പോയി. ഒടുവില്‍ കിന്‍ഫ്രയില്‍ എത്തി നില്‍ക്കുകയാണ് എച്ച്എന്‍എല്‍. എന്നാല്‍ ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് ഇനിയും എത്താനായിട്ടില്ല. ബാധ്യതയുള്ള ബാങ്കുകളുടെ വായ്പ സമിതി തന്നെയാണ് തടസ്സമായി നില്‍ക്കുന്നത്. കമ്പനിയുടെ മൊത്തം ബാധ്യതകള്‍ അഞ്ഞൂറ് കോടിയോളം വരും. ഇതില്‍ 133 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചു. ഇതില്‍ 33 ശതമാനം ബാങ്കുകളുടെ ബാധ്യത തീര്‍ക്കുന്നതിലേക്ക് നല്‍കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ 65 ശതമാനമെങ്കിലും തുക ബാങ്കുകളുടെ ബാധ്യത തീര്‍ക്കാനായി നല്‍കണമെന്നാണ് വായ്പാ സമിതിയുടെ ആവശ്യം. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയുള്‍പ്പെടെ വായ്പാസമിതി അംഗങ്ങളെ നേരിട്ട് വിളിച്ച് അധിക തുക നല്കാന് കഴിയാത്തതിന്റെ കാരണങ്ങള്‍ ബോധിപ്പിച്ചെങ്കിലും ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് വായ്പാ സമിതി അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. നവംബര്‍ 10-ന് നടക്കുന്ന ആ യോഗം നിര്‍ണായകമാണെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികളും തൊഴിലാളികളും പറയുന്നു.
"80 ശതമാനം തൊഴിലാളികളും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു, കൂലിപ്പണികളിലേക്ക്. ഇന്നും മറ്റൊരു കമ്പനിയിലേക്കും ആരും പോയിട്ടില്ല. കോവിഡ് ആയി ജോലി പലതും ഇല്ലാതായി കടവും ദാരിദ്ര്യവും കൂടിയിട്ട് പോലും മറ്റൊരു കമ്പനിയിലേക്ക് ജോലി തേടി പോയിട്ടില്ല. കമ്പനി ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ജീവിതം. നവംബര്‍ 10ന് നടക്കുന്ന യോഗത്തില്‍ കാര്യങ്ങളില്‍ ഒരു തീരുമാനമാവും എന്നതാണ് പ്രതീക്ഷ. അത് തൊഴിലാളികളുടെ അവസാന കച്ചിത്തുരുമ്പാണ്. ആ യോഗത്തിലും തീരുമാനമായില്ലെങ്കില്‍ കമ്പനി തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ പിന്നെയും അടയും", ഒരു തൊഴിലാളി പറഞ്ഞു.
എന്നാല്‍ ചര്‍ച്ചകളില്‍ തുക സംബന്ധിച്ച് നീക്കുപോക്കുണ്ടായാല്‍ തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്‍പ്പെടെ ബാധ്യതയില്‍ പകുതി പോലും തീര്‍ക്കാനാവില്ലെന്ന വിഷമവും തൊഴിലാളികള്‍ പങ്കുവക്കുന്നു. "വര്‍ക്കിങ് കാപ്പിറ്റലും ബാങ്കിന്റെ ബാധ്യതയും ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക. ബാക്കി വരുന്ന തുക കൊണ്ട് തൊഴിലാളികള്‍ക്കുള്ള കുടിശികകള്‍ തീര്‍ക്കാനാവില്ല". എന്നിരുന്നാലും കമ്പനി ലിക്വിഡേഷനിലേക്ക് പോവാതെ തുറന്ന് പ്രവര്‍ത്തിക്കാനായാല്‍ "അത് ഞങ്ങളുടെ ജീവതം തിരിച്ച് കിട്ടിയത് പോലെയാണ്", എന്നും അവര്‍ പറയുന്നു.
26 മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് തുക പോലും അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 2016 വരെയുള്ള തുകയാണ് തൊഴിലാളികള്‍ പ്രോവിഡന്റ് ഫ്ണ്ടിലേക്ക് അടച്ചത്. 300 തൊഴിലാളികള്‍ ഉള്ള കമ്പനിക്ക് സ്വന്തമായി ട്രസ്റ്റ് ഉണ്ടാക്കാം. അത്തരത്തില്‍ എച്ച്എന്‍എല്ലില്‍ സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് തൊഴിലാളികള്‍ പ്രോവിഡന്റ് ഫണ്ട് അടച്ചിരുന്നത്. എന്നാല്‍ കമ്പനി നഷ്ടത്തിലായതോടെ ട്രസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ സര്‍ക്കാരിലേക്ക് അടച്ച തുക സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞ് വച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. വിരമിച്ചവര്‍ക്ക് പോലും പ്രോവിഡന്റ് ഫണ്ട് തുക ലഭിച്ചിട്ടില്ല.
1982 ഫെബ്രുവരി 28നാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനമൊട്ട് നിന്നും ആളുകള്‍ വെള്ളൂരില്‍ തൊഴിലാളികളായെത്തി.
ആദ്യ വര്‍ഷങ്ങളില്‍ 80,000 ടണ്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ ഉത്പാദിപ്പിച്ചു. പിന്നീടത് തൊണ്ണൂറായിരവും ഒരു ലക്ഷവും ടണ്‍ ആയി വര്‍ധിച്ചു. കോടിക്കണക്കിന് രൂപ ലാഭമുണ്ടായി. "ഒരു ലക്ഷം ഒക്കെ ടാര്‍ഗറ്റ് വച്ച് പേപ്പര്‍ അടിക്കുമായിരുന്നു. മാര്‍ച്ച് 31 മുതല്‍ പേപ്പര്‍ ബ്രേക്ക് ആവാതെ, മിഷ്യന് നില്ക്കാന് അനുവദിക്കാതെ വാശിയോടെ തൊഴിലാളികള്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ഒരു ലക്ഷം ടണ്‍ വരെ കമ്പനിയില്‍ നിന്ന് ഇറങ്ങിയിട്ടുണ്ട്", വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) സെക്രട്ടറി ടി.എം സദന് പറയുന്നു. 80 കോടി മുതല്‍ മുടക്കിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് മുതല്‍ 2010 വരെ ലാഭത്തിലായിരുന്നു പ്രവര്‍ത്തനം. ലാഭവിഹിതമായി 117 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് തിരികെ നല്കുകയുമുണ്ടായി. കമ്പനി ടൗണ്‍ഷിപ്പിന് പുറമെ തലയോലപ്പറമ്പ്, വൈക്കം, പെരുവ, വെള്ളൂര്‍ പ്രദേശങ്ങള്‍ പട്ടണങ്ങളായി വളരുന്നതിലും എച്ച്എന്‍എല്‍ വലിയ പങ്ക് വഹിച്ചു. ഏഷ്യയിലെ തന്നെ ഒന്നാംകിട പത്രക്കടലാസ് നിര്‍മ്മാണ ഫാക്ടറിയായി എച്ച്എന്‍എല്‍ വളര്‍ന്നു. പ്രവര്‍ത്തന മികവ് കൊണ്ട് മിനിരത്ന പദവി വരെ നേടി. 2011, 2012 വര്‍ഷങ്ങളില്‍ ലാഭം കുറഞ്ഞെങ്കിലും നഷ്ടമില്ലാതെ കമ്പനി മുന്നോട്ട് പോയി.
എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നയത്തില്‍ വരുത്തിയ മാറ്റമാണ് കമ്പനിക്ക് ലഭിച്ച ആദ്യ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന ന്യൂസ് പ്രിന്റിന് 20 ശതമാനം വരെ ഇറക്കുമതി ചുങ്കം ഉണ്ടായിരുന്നു. അത് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ എടുത്ത് കളഞ്ഞു. എച്ച്എന്‍എല്ലിലെ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിദേശത്ത് നിന്ന് പേപ്പറുകള്‍ എത്താന്‍ തുടങ്ങി. കുറഞ്ഞ നിരക്കില്‍ ന്യൂസ് പ്രിന്റ് അതാത് പത്രങ്ങളുടെ ഗോഡൗണില്‍ എത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കമ്പനിയുടെ പ്രൊഡക്ഷന്‍ കോസ്റ്റിനേക്കാള്‍ താഴ്ത്തി പേപ്പര്‍ വില്‍ക്കേണ്ടി വന്നു. അങ്ങനെയാണ് സ്ഥാപനം നഷ്ടത്തിലേക്ക് പോവുന്നത്. മൂന്ന് വര്‍ഷത്തെ നഷ്ടകാലത്തിന് ശേഷം 2015-16 കാലഘട്ടങ്ങളില്‍ നേരിയ ലാഭം സ്ഥാപനത്തിലുണ്ടായി എന്ന് തൊഴിലാളികള്‍ പറയുന്നു. 1.45 കോടിയുടെ ലാഭമുണ്ടായതാണ് കണക്കുകള്‍. എന്നാല്‍ ആ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ വില്ക്കാന് തീരുമാനിക്കുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് പ്രവര്‍ത്തനം നിര്‍ത്തിവക്കാനുള്ള നോട്ടീസ് ലഭിച്ചതോടെയാണ് കമ്പനി ഇന്നത്തെ നിലയിലേക്ക് കൂപ്പ് കുത്തിയത്. നോട്ടീസ് ലഭിച്ചതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്ലാന്റില്‍ നിന്ന് ഒഴുകിയെത്തുന്ന മലിന ജലം ശേഖരിക്കുന്ന ലഗൂണുകള്‍ വൃത്തിയാക്കാത്തതായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടിയ പ്രധാന വിഷയം. മൂന്ന് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച വെള്ളമാണ് പുഴയിലേക്കൊഴുകേണ്ടത്. എന്നാല്‍ മലിനീകരണ നിയന്ത്രണ സംവിധാനം വേണ്ടത് പോലെ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ മാലിന്യം കലര്‍ന്ന വെള്ളം പുഴയിലേക്കെത്താന്‍ തുടങ്ങി. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നപടികള്‍ മറികടക്കാന്‍ തൊഴിലാളികള്‍ ഒന്നടങ്കം ഇറങ്ങി. ലഗൂണുകള്‍ ശുചീകരിക്കുകയും പുതിയ ഒന്ന് കുഴിച്ച് അതിലേക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഈ ലഗൂണുകള്ക്കിടയില് വലിയ മണ് തിട്ടയും പണിതു. എന്നാല്‍ പ്രവര്‍ത്തന മൂലധനം ഇല്ലാത്തതിനാല്‍ കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല.
എന്തായാലും ഈ മാസം 10നു നടക്കുന്ന യോഗം കമ്പനിക്ക് പുതുജീവന്‍ നല്‍കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.