TopTop
Begin typing your search above and press return to search.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ; കലാഭവൻ സോബിക്കെതിരെ കേസ്

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ; കലാഭവൻ സോബിക്കെതിരെ കേസ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്നു സിബിഐ. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനമോടിച്ച അർജുനെ സിബിഐ പ്രതിയാക്കി. മനപൂർവമല്ലാത്ത നരഹത്യക്കാണ് അർജുനെ പ്രതിയാക്കിയത്. തെറ്റായ വിവരങ്ങൾ നൽകിയതിനു കലാഭവൻ സോബിക്കെതിരെയും കേസെടുത്തു.

അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സിബിഐ തീരുമാനിച്ചു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയിൽ കുറ്റപത്രം സമർപിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ പ്രതിയായതോടെയാണു ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ചത്.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പവും മരണത്തിലെ ദുരൂഹതയ്ക്കു കാരണമായി. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫോറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായി.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.


Next Story

Related Stories