TopTop
Begin typing your search above and press return to search.

സ്വപ്നയുടെ ശബ്ദസന്ദേശം സിപിഎമ്മിനും സര്‍ക്കാരിനും ലഭിച്ച പിടിവള്ളി; അന്വേഷണ ഏജന്‍സികളുമായുള്ള ഏറ്റുമുട്ടലും കടുക്കും

സ്വപ്നയുടെ ശബ്ദസന്ദേശം സിപിഎമ്മിനും സര്‍ക്കാരിനും ലഭിച്ച പിടിവള്ളി; അന്വേഷണ ഏജന്‍സികളുമായുള്ള ഏറ്റുമുട്ടലും കടുക്കും

സ്വര്‍ണക്കടത്തും ലൈഫ് മിഷനുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തലങ്ങുംവിലങ്ങും നടക്കുന്ന അന്വേഷണത്തിനിടയ്ക്ക് പൊടുന്നനെ പുറത്തുവന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാര്‍-സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലങ്ങളിലേക്ക്. അന്വേഷണത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്നും ആരോപിച്ച് സിപിഎം ഇന്നലെ രംഗത്തെത്തിയിരുന്നു. കോടതിയില്‍ അടക്കം തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുകയും വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവട്ടെ, തങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത് അപ്രതീക്ഷിത ആഘാതമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എം. ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു എന്നതും പ്രധാനമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞിരുന്നത്. ഇതേ കാര്യം തന്നെയാണ് സ്വപ്നയുടേതായി പുറത്തു വന്ന ശബ്ദസന്ദേശത്തിലും ഉള്ളത്. ശിവശങ്കറിനൊപ്പം താന്‍ യുഎഇയില്‍ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി എന്ന മൊഴി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടീച്ച് വാങ്ങിച്ചുവെന്നും ഈ മൊഴിയില്‍ ഉറച്ചു നില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നുമാണ് സന്ദേശത്തില്‍ സ്വപ്ന പറയുന്നത്.

സ്വപ്നയുടെ സന്ദേശം പുറത്തു വന്നതില്‍ സംസ്ഥാന പോലീസും ഇ.ഡിയുമൊക്കെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും സിപിഎമ്മിന് തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാനുള്ള വഴി കൂടിയാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്. ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തവുമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വര്‍ണക്കടത്ത് വിഷയം അന്വേഷിക്കാന്‍ തുടക്കത്തില്‍ ക്ഷണിക്കുകയും അന്വേഷണം ശരിയായ വഴിക്കാണ് പോകുന്നത് എന്ന് പറയുകയും ചെയ്ത ശേഷമാണ് ഇതിലെ അപകടം പാര്‍ട്ടി തിരിച്ചറിയുന്നതും പ്രതിരോധമുയര്‍ത്താന്‍ ശ്രമിക്കുന്നതും. ശിവശങ്കറിനെ അറസ്റ്റ് ചെയ്തപ്പോഴും കാര്യമായ പ്രശ്‌നമുണ്ടാക്കാതിരുന്ന സിപിഎം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളില്‍ ഒരാളായ സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ അപകടം മണത്തു. ഇതോടെയാണ് കഴിഞ്ഞ ദിവസം ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം അരങ്ങേറിയത്. സ്വപ്നയുടെ ശബ്ദസന്ദേത്തിനു തൊട്ടുപിന്നാലെ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അന്വേഷണം മുഖ്യമന്ത്രിയെ കുരുക്കാനാണെന്ന നിലപാട് പാര്‍ട്ടി സെക്രട്ടറിയേറ്റ് സ്വീകരിക്കുകയും ചെയ്തു.

സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചുവെന്ന് പറയുമ്പോഴും ഇതിനുള്ള തെളിവുകള്‍ ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇതിനു പുറമെ സ്വപ്നയുമായി നടത്തിയ വാട്‌സ്ആപ് ചാറ്റുകളാണ് തനിക്കെതിരെയുള്ള തെളിവുകളായി ഇ.ഡി പറയുന്നതെങ്കിലും ഇതിലെ ചില ചാറ്റുകള്‍ മാത്രമാണ് ഇ.ഡി ഉപയോഗിക്കുന്നതെന്ന് ശിവശങ്കറും പറയുന്നുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത ഒരു കോടി രൂപ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാണെന്ന് തുടക്കത്തില്‍ പറഞ്ഞ ഇ.ഡി ആകട്ടെ, ഇത് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിനുള്ള കമ്മീഷനാണ് എന്നാണ് പിന്നീട് നിലപാടെടുത്തത്. എന്‍.ഐ.എയും കസ്റ്റംസും പറയുന്നത് ലോക്കറിലുണ്ടായിരുന്ന പണം സ്വര്‍ണക്കടത്തിലേതാണ് എന്നുമാണ്. ഇത്തരത്തില്‍ അന്വേഷണ ഏജന്‍സികളുടെ വാദങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നതിനിടെ കൂടിയാണ് സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വരുന്നത്. സിപിഎം ആകട്ടെ, ശിവശങ്കറിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാടുകളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുണ്ടാകുമോ എന്നതും പ്രധാനമാണ്.

സ്വപ്നയുടെ ശബ്ദസന്ദേശം കരുതിക്കൂട്ടി തന്നെ പുറത്തുവിട്ടതാണെന്ന നിഗമനവും അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ജയിലില്‍ വച്ചല്ല ഇത് റിക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഇതിന്റെ ഉറവിടമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഇ.ഡിയും സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തായാലും സ്വപ്നയുടേതായി പുറത്തുവന്ന സന്ദേശം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ലഭിച്ച പിടിവള്ളി തന്നെയാണ്. അന്വേഷണം മുറുകിവരുന്ന സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഉപയോഗിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നുമാണ് ഇത്. അന്വേഷണ ഏജന്‍സികള്‍ക്കും അതുകൊണ്ടു തന്നെ വരുംദിവസങ്ങളില്‍ ഇത് തലവേദനയാണ്.Next Story

Related Stories