TopTop
Begin typing your search above and press return to search.

സ്വപ്നയുടെ ശബ്ദസന്ദേശത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം മുറുകുന്നു; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിയും; ശിവശങ്കര്‍ ഹൈക്കോടതിയില്‍

സ്വപ്നയുടെ ശബ്ദസന്ദേശത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം മുറുകുന്നു; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിയും; ശിവശങ്കര്‍ ഹൈക്കോടതിയില്‍

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതിയിലെ പണമിടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിനിടെ, സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും വര്‍ധിക്കുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കി. അതേ സമയം, ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ആവശ്യം അന്വേഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസും തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ കുരുക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് സ്വപ്നയുടെ ശബ്ദസന്ദേശമെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ, ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ഒക്‌ടോബറില്‍ യുഎഇ സന്ദര്‍ശിക്കുന്ന സമയത്ത് ശിവശങ്കറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പണമിടപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു എന്ന് മൊഴി നല്‍കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും നല്‍കിയ മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കാതെ ഒപ്പിടീക്കുകയായിരുന്നു എന്നുമാണ് സ്വപ്നയുടേതായി പുറത്തു വന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്. തന്റെ അഭിഭാഷകനെ കണ്ടപ്പോഴാണ് ഇങ്ങനെയൊരു മൊഴിയുടെ കാര്യം പറയുന്നതെന്നും താന്‍ വിസമ്മതിച്ചതോടെ അവര്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്താന്‍ ജയിലില്‍ വരുമെന്നും സ്വപ്ന തുടര്‍ന്നു പറയുന്നു. ഈ ശബ്ദസന്ദേശം പുറത്തുവന്നത് വലിയ വിവാദമായതോടെ ജയില്‍ ഡിജിപി ഇക്കാര്യം അന്വേഷിക്കാന്‍ ഡിഐജിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സ്വപ്നയുമായി സംസാരിച്ച ഡിഐജി, വോയിസ് ക്ലിപ്പിലുള്ള ശബ്ദം സ്വപ്നയുടേത് തന്നെയാണെന്ന് അവര്‍ പറഞ്ഞെന്നും എന്നാല്‍ എന്നാണ് ഇത് നല്‍കിയതെന്നോ ആരോടാണ് പറഞ്ഞതെന്നോ ഓര്‍മയില്ല എന്നാണ് പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. അതേ സമയം, ഇതുസംബന്ധിച്ച് ഔദ്യോഗികമായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ശബ്ദസന്ദേശം സ്വപ്നയുടേതു തന്നെയാണോ എന്നുറപ്പിക്കാന്‍ പറ്റിയിട്ടില്ല എന്നാണ്. ആരോട്, എപ്പോള്‍ പറഞ്ഞു എന്നറിഞ്ഞാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ പറ്റൂ എന്നും ഇതിന് അന്വേഷണം വേണം എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ശബ്ദമല്ലെന്നോ പ്രചരിപ്പിച്ചതില്‍ തനിക്ക് പരാതിയുണ്ടെന്നോ സ്വപ്ന പറഞ്ഞിട്ടില്ലാത്തതിനാല്‍ അന്വേഷണം നടത്തുന്നതിന് സംസ്ഥാന പോലീസിന് പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങാനാണ് പോലീസിന്റെ തീരുമാനം.

ഇതിനിടെയാണ് ഇ.ഡിയും ജയില്‍ അധികൃതരോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം നടത്താന്‍ ജയില്‍ അധികൃതര്‍ക്ക് അധികാരമില്ല എന്നിരിക്കെ ഇത് സംസ്ഥാന പോലീസാണ് ചെയ്യേണ്ടതും. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നാണ് ഇ.ഡി സംശയിക്കുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇ.ഡിയുടെ പേര് സ്വപ്ന സന്ദേശത്തില്‍ പറയുന്നില്ല എങ്കിലും പ്രാഥമികമായി ഈ വിഷയങ്ങളില്‍ അന്വേഷണം നടത്തുന്ന ഏജന്‍സി ഇതായതിനാല്‍ ഇ.ഡിയെക്കുറിച്ചാണ് സ്വപ്ന പറയുന്നത് എന്നാണ് നിഗമനത്തിലാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. അതേ സമയം, ജയിലില്‍ വച്ച് ഇത്തരമൊരു സന്ദേശം റിക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുവരുന്നതിനു മുമ്പായാണ് ഇത് നടന്നിരിക്കുന്നത് എന്നും ജയില്‍ അധികൃതര്‍ കരുതുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാരിന്റെ പദ്ധതികള്‍ക്കും എതിരെയാണെന്നുള്ള ആരോപണം ഇടതുമുന്നണി ഇതിനകം തന്നെ ഉയര്‍ത്തിയിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാന്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തുന്നതായി ശിവശങ്കറും കോടതിയില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വന്നത് എന്നതിനാല്‍ സിപിഎമ്മും ഇടതുമുന്നണിയും സ്വരം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പിന്നാലെ സിപിഐ കേന്ദ്ര നേതൃത്വവും ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് രംഗത്തു വരികയും ചെയ്തു. തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പ് പ്രചരണ സമയമായതിനാല്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടതുമുന്നണിക്ക് സ്വപ്നയുടെ ശബ്ദസന്ദേശം നല്ലൊരു പ്രചരണായുധമാവുകയും ചെയ്യും.

അതിനിടെ, ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ശിവശങ്കര്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാനമായും വാട്‌സ്ആപ് സന്ദേശങ്ങളാണ് ശിവശങ്കറിനെതിരെ ഇ.ഡി ആയുധമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില ചാറ്റുകള്‍ മാത്രമെടുത്ത് കഥ മെനയുകയാണ് അന്വേഷണ ഏജന്‍സി എന്നാണ് ശിവശങ്കറിന്റെ വാദം. സ്വപ്നയുടെ ബാക്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കോഴപ്പണമാണ് എന്നാണ് ഇ.ഡി പറയുന്നത്. എന്നാല്‍ എന്‍ഐഎയും കസ്റ്റംസും പറയുന്നത് ഇത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതാണ് എന്നാണ്. ഇത് ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന് തെളിയിക്കാനായി ഇ.ഡി മുന്നോട്ടു വയ്ക്കുന്നത് പദ്ധതിയുടെ നിര്‍മാതാക്കളായ യൂണിടാക്കിനെ കുറിച്ച് സ്വപ്നയുമായി അദ്ദേഹം സംസാരിക്കുന്ന കാര്യങ്ങളാണ്. സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തി നല്‍കി അഴിമതി നടത്തുന്നതിനുള്ള തെളിവുകള്‍ സ്വപ്നയുടേയും ശിവശങ്കറിന്റെയും ചാറ്റുകളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ വാദം. എന്നാല്‍ വിദേശഭരണാധികാരികള്‍ സ്വപ്നയ്ക്ക് നല്‍കിയ ടിപ് ആണ് ലോക്കറിലുണ്ടായിരുന്ന പണമെന്നും അത് ലോക്കറില്‍ സൂക്ഷിക്കാന്‍ സഹായം തേടിയപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്ന് ശിവശങ്കറും പറയുന്നു. ശിവശങ്കര്‍ സ്വര്‍ണം വിട്ടുകിട്ടാനായി കസ്റ്റംസ് അധികൃതരെ വിളിച്ചിരുന്നുവെന്ന് ഇ.ഡി പറയുമ്പോള്‍ അതിന് തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories