Top

നിങ്ങള്‍ തുണിക്കടയില്‍ പോയി തുണിയെടുക്കുന്നത് പോലെ തെരഞ്ഞെടുത്തതല്ല ഞാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ: വിഎസ്

നിങ്ങള്‍ തുണിക്കടയില്‍ പോയി തുണിയെടുക്കുന്നത് പോലെ തെരഞ്ഞെടുത്തതല്ല ഞാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ: വിഎസ്

താന്‍ രാഷ്ട്രീയത്തിലെത്തിയതും ഇടതുപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തതും നിങ്ങള്‍ തുണിക്കടയില്‍ പോയി തുണി തെരഞ്ഞെടുക്കുന്നത് പോലെ തെരഞ്ഞെടുത്തതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ജീവിക്കാന്‍ തൊഴിലെടുക്കുകയും ആ തൊഴിലിടം തന്നെ രാഷ്ട്രീയക്കാരനാക്കി മാറ്റുകയുമായിരുന്നെന്നും വി എസ് വ്യക്തമാക്കി. മാതൃഭൂമി വാരാന്തപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് വിഎസ് തന്റെ രാഷ്ട്രീയവും ജീവിതവും ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നത്.

ഭൂമിയെ ഉത്പാദനോപാധിയായും തൊഴില്‍ ദാതാവായും തന്നെ കാണാന്‍ പഠിപ്പിച്ചതും ആ രാഷ്ട്രീയമാണെന്നും ഭൂമിയായാലും വിവരമായാലും അതില്‍ പണിയെടുത്ത് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് ആ രാഷ്ട്രീയം തന്നെ പഠിപ്പിച്ചതെന്നും സോഫ്റ്റ് വെയര്‍ രംഗത്തെ ബൗദ്ധിക കുത്തകാവകാശങ്ങളെക്കുറിച്ച് കേരളത്തില്‍ അവബോധമുണ്ടാക്കിയതിനെക്കുറിച്ചും ഇത്തരത്തിലുള്ള പുതിയ വിഷയങ്ങള്‍ ഏറ്റഎടുത്തതിനെക്കുറിച്ചും റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് വിഎസ് മറുപടി പറഞ്ഞു. കംപ്യൂട്ടറിനെക്കുറിച്ചോ സോഫ്റ്റ് വെയറിനെക്കുറിച്ചോ ആയിരുന്നില്ല, വിജ്ഞാനം ചിലര്‍ കുത്തകയാക്കിവെച്ച് അത് വിറ്റ് ലാഭം കൊയ്യുന്നതിനെക്കുറിച്ചാണ് താന്‍ വേവലാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ പാഠ്യപദ്ധതിയിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ കൂടി അവര്‍ വലയിലാക്കുന്നതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അങ്ങനെയാണ് കഴിഞ്ഞത്. 'വാസ്തവത്തില്‍ എനിക്കറിയാത്ത സാങ്കേതിക വിദ്യയും പാഠ്യപദ്ധതിയുടെ പ്രയോഗവുമെല്ലാം ആ വിഷയത്തിലുണ്ടായിരുന്നു. അത്തരം കാര്യങ്ങളില്‍ പലരുടെയും സഹായവുമുണ്ടായിരുന്നു. വിജ്ഞാനത്തിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ പോരാടുന്ന ആളെന്ന നിലയിലാണ് സ്റ്റാള്‍മാനെ പരിചയപ്പെട്ടത്. വളച്ചുകെട്ടില്ലാത്ത ആ പ്രകൃതവും അദ്ദേഹത്തിന്റെ പോരാട്ടങ്ങളും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്'- അദ്ദേഹം പറയുന്നു.

തനിക്ക് ഇനിയും എന്തെങ്കിലും ദൗത്യം ഏറ്റെടുത്ത് നടപ്പാക്കാനുണ്ടെങ്കില്‍ അത് ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ചതായിരിക്കുമെന്നും വിഎസ് വ്യക്തമാക്കി. ഭൂപരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടമാണ് ഇനിയും നടപ്പാക്കാനുള്ളത്. ഉത്പാദന സഹകരണ സംഘങ്ങള്‍, വേതന സഹകരണ സംഘങ്ങള്‍ എന്നിവയെ വേണ്ടവിധം സംഘടിപ്പിച്ച് കണ്ണിചേര്‍ക്കണം. ഇത് തൊഴിലാളി കര്‍ഷക സഖ്യത്തിന്റെ കാലികവും സ്വാഭാവികവുമായ വികസനമായും കാണണം. സഹകരണ അടിസ്ഥാനത്തിലുള്ള കൃഷിയും അനുബന്ധ വ്യവസായങ്ങളുമെല്ലാമടങ്ങുന്ന സമഗ്രമായ ഒരു പദ്ധതിയിലൂടെ കര്‍ഷകരും തൊഴിലാളികളും കൃഷിയിടങ്ങളും തൊഴിലിടങ്ങളും തമ്മിലുള്ള പാരസ്പര്യവും വര്‍ഗ ഐക്യവും നിലനില്‍ക്കുമ്പോഴേ ഇടതുപക്ഷമുള്ളൂവെന്നും അങ്ങനെയൊരു ഇടതുപക്ഷമുണ്ടെങ്കിലേ തന്റെ തോന്നലുകള്‍ക്കും ദൗത്യത്തിനുമെല്ലാം പ്രസക്തിയുള്ളൂവെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമാണ് പരിസ്ഥിതി സംരക്ഷണമെന്നും വി എസ് വ്യക്തമാക്കി. നയം മാത്രം പോരല്ലോ, അതിനൊരു പ്രയോഗവും വേണം. അത്തരം പ്രയോഗങ്ങള്‍ക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കാനുള്ള മുന്‍ഗണനകളില്‍ പരിസ്ഥിതി സംരക്ഷണവും ഉണ്ടെന്ന് അര്‍ത്ഥം. നയരൂപീകരണ, നിര്‍വഹണ പ്രക്രിയയില്‍ നമുക്ക് ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ചുല്‌ള ശാസ്ത്രീയ സമീപനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. റോഡുകളും തോടുകളും പാലങ്ങളും പാളങ്ങളും വന്‍നിര്‍മ്മിതികളും ഉള്‍പ്പെടുന്ന ആസുരമായ ഒരു വികസന സങ്കല്‍പ്പം ജനങ്ങളുടെ മനസില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിന് അനുഗുണമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമായും സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം വികസന പ്രവര്‍ത്തനങ്ങളുടെ ആഘാതമേല്‍ക്കുന്ന ജനവിഭാഗങ്ങളും ശാസ്ത്ര ലോകവും അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ കേവലം ന്യൂനപക്ഷം മാത്രമാണ്. വ്യവസായം വരാന്‍ മണ്ണ് വേണം. പക്ഷെ ഏതെല്ലാം മണ്ണിനെ ഏതാവശ്യത്തിന് വേണ്ടി വിനിയോഗിക്കണമെന്ന വ്യക്തമായ നയമാണ് പ്രധാനം. അത്തരമൊരു ഭൂവിനിയോഗ നയമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ചെറുതും വലുതുമായ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടുന്നവരെ വികസന വിരുദ്ധരെന്നും വെട്ടിനിരത്തലുകാരെന്നും വിളിച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ചില തിരിച്ചറിവുകള്‍ നമുക്കുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി വരുത്തേണ്ട തിരുത്തലുകളിലൂടെ വേണം നവകേരളം കെട്ടിപ്പടുക്കാന്‍. വികസനം വരാന്‍ ഭൂമി മാത്രം പോരെന്നും നമ്മുടെ കുന്നുകളും നദികളും വയലുകളും കൂടി വേണമെന്നും തീരുമാനിക്കപ്പെടാത്തിടത്താണ് പിഴവുകള്‍ തുടങ്ങിയതെന്നും വിഎസ് ചൂണ്ടിക്കാട്ടി. അപ്പോഴും പ്രകൃതിയെ സംരക്ഷിക്കാത്ത വികസനം സുസ്ഥിരമാകില്ലെന്ന് ശാസ്ത്ര ലോകവും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അവരെ നാം വികസന വിരുദ്ധരെന്നും കപട പരിസ്ഥിതി വാദികളെന്നും വിളിച്ച് ആക്ഷേപിച്ചു. വയലേലകള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും കപട വികസന മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താനായില്ല. കാലാകാലങ്ങളില്‍ പരിസ്ഥിതി സംരക്ഷ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഭൂവിനിയോഗത്തിന് പുതിയ മാര്‍ഗരേഖകളുണ്ടായിക്കൊണ്ടിരുന്നു. ഭൂമി ഉല്‍പ്പാദനോപാധിയല്ലെന്നും വെറും ചരക്കാണെന്നും നാം പഠിച്ചെടുത്തു. കുടിവെള്ളത്തേക്കാള്‍ പ്രധാനം വാട്ടര്‍തീം പാര്‍ക്കുകളാണെന്ന ബോധ്യത്തിലായിരുന്നു നാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെ ഒരു തലമുറ ക്വാറികളെക്കുറിച്ച് പറയുമെന്നും അവര്‍ വികസനത്തെക്കുറിച്ച് പറയുമെന്നും ദുരിതാശ്വാസത്തെക്കുറിച്ച് പറയുമെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുമെന്നും കുന്നിടിക്കലിനെക്കുറിച്ചും കയ്യേറ്റങ്ങളെക്കുറിച്ചും മണലൂറ്റലിനെക്കുറിച്ചും ഹൈവേകളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും ഭൂപരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടത്തെക്കുറിച്ചും മാലിന്യം തള്ളുന്ന വ്യവസായങ്ങളെക്കുറിച്ചും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെക്കുറിച്ചുമെല്ലാം പറയുമെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു.

പുന്നപ്ര-വയലാര്‍ സമരകാലത്ത് തനിക്ക് മാത്രമല്ല, ഒട്ടേറെ സഖാക്കള്‍ക്ക് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിട്ടാണ് കേരളം ഇന്നത്തെ കേരളമായത്. ലോക്കപ്പില്‍ കിടന്നതും കാലില്‍ ബയണറ്റ് കയറ്റിയതുമെല്ലാം ഏറെ വിശദീകരിക്കപ്പെട്ട വസ്തുതകളാണ്. കാലിലെ മുറിവിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴില്ല. എന്നാല്‍ അക്കാലത്തെ മര്‍ദ്ദനങ്ങളുടെ കൂടി ഫലമായിട്ടാകണം തനിക്ക് ഇപ്പോള്‍ ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെന്നും വിഎസ് വ്യക്തമാക്കി.


Next Story

Related Stories