TopTop
Begin typing your search above and press return to search.

അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുമോയെന്ന് പോലും ഉറപ്പില്ലാതിരിക്കെ വാളയാര്‍ കേസിലെ പ്രതിയായിരുന്ന പ്രദീപ്‌ കുമാര്‍ ആത്മഹത്യ ചെയ്തതെന്തിന്? 'ആറാമനി'ലേക്ക് വിരല്‍ ചൂണ്ടി സമര സമിതിയും

അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുമോയെന്ന് പോലും ഉറപ്പില്ലാതിരിക്കെ വാളയാര്‍ കേസിലെ പ്രതിയായിരുന്ന പ്രദീപ്‌ കുമാര്‍ ആത്മഹത്യ ചെയ്തതെന്തിന്? ആറാമനിലേക്ക് വിരല്‍ ചൂണ്ടി സമര സമിതിയും

വാളയാര്‍ കേസില്‍ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിന്റെ ആത്മഹത്യ ദുരൂഹതകള്‍ ബാക്കി നിര്‍ത്തുന്നു. തെളിവുകളുടെ അഭാവത്തില്‍ പോക്‌സോ കോടതി വെറുതെ വിട്ട പ്രദീപ് കുമാര്‍ ജീവനൊടുക്കുന്നത് വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ്. പ്രതികളെയെല്ലാം വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ പുനരന്വേഷണം ഉണ്ടാകുമോ, പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യുമോ തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും വ്യക്തയില്ലാതെയിരിക്കെ പ്രദീപ് കുമാര്‍ എന്തിന് ജീവനൊടുക്കി എന്നതാണ് ഉയരുന്ന ചോദ്യം. വാളയാര്‍ ദളിത് സഹോദരിമാരുടെ പീഡനത്തിലും മരണത്തിലും അഞ്ചു പേര്‍ മാത്രമല്ല, ഒരു 'ആറാമന്‍' കൂടിയുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മയും വാളയാര്‍ നീതി സമരസമിതിയും പരാതി ഉയര്‍ത്തുകയും ഇക്കാര്യം സമൂഹത്തില്‍ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെയാണ് ഈ മരണമെന്നതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ പ്രദീപ് ജീവനൊടുക്കിയതെന്നാണ് പുറമെ വരുന്ന വാര്‍ത്തകള്‍. സഹകരണ സംഘത്തില്‍ അപേക്ഷിച്ചിരുന്ന വായ്പ ശരിയായി കിട്ടാത്തത് പ്രദീപ് കുമാറിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ഇതേ വാര്‍ത്തകളില്‍ പറയുന്നു. ബുധനാഴ്ച്ച അമ്മയ്‌ക്കൊപ്പം വയലാര്‍ കിഴക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ പോയി മടങ്ങി വന്നശേഷമായിരുന്നു വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ പ്രദീപ് തൂങ്ങി മരിച്ചത്. എന്നാല്‍ വാര്‍ത്തകളില്‍ പറയുന്നതുപോലെ പ്രദീപിന് വായ്പ നിഷേധിച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. "ബുധനാഴ്ച്ച പ്രദീപ് അമ്മയേയും കൂട്ടി വന്ന് പെട്ടെന്ന് രണ്ട് ലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത്രയും പണം യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ നല്‍കാന്‍ ഒരു ബാങ്കിനും കഴിയില്ല. വായ്പ്പയ്ക്കുള്ള അപേക്ഷയോ കരമടച്ചതിന്റെ രസീതോ പോലും കൈയില്‍ ഇല്ലാതെ വന്നായിരുന്നു പണം ആവശ്യപ്പെട്ടത്. ഏത് ബാങ്ക് അധികൃതര്‍ക്കാണ് ഇങ്ങനെയൊരു ആവശ്യത്തിന് പുറത്ത് പണം നല്‍കാന്‍ കഴിയുക?", വയലാര്‍ കിഴക്ക് സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ അഴിമുഖത്തോട് പറയുന്ന കാര്യങ്ങളാണിത്. നാട്ടുകാരന്‍ എന്ന പരിചയവും അടുപ്പവും കാണിച്ച് പ്രദീപിനോട് വളരെ ശാന്തമായി ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയും വായ്പ്പ നല്‍കുന്ന കാര്യം നടപടിക്രമങ്ങള്‍ അനുസരിച്ച് പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി പറഞ്ഞയക്കുകയുമാണ് ഉണ്ടായിട്ടുള്ളതെന്നും അധികൃതര്‍ പറയുന്നു.

ഇതേ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മൂന്നു ലക്ഷത്തിനു മുകളില്‍ വായ്പ പ്രദീപിന് അനുവദിച്ചിട്ടുള്ളതാണ്. വാളയാര്‍ കേസിന്റെ കാര്യത്തിനാണ് ഇത്രയും തുക വായ്പ എടുത്തിരിക്കുന്നതെന്നും ബാങ്കുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സൈനികനായ സഹോദരനായിരുന്നു വായ്പ തുക അടച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അടവ് മുടങ്ങി ഈ വായ്പ കുടിശ്ശികയായി കിടക്കുകയാണ്.

ബാങ്കില്‍ നിന്നും മടങ്ങിയെത്തിയ പ്രദീപ് തന്റെ അമ്മൂമ്മയോട് പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികള്‍ അഴിമുഖത്തോട് പറയുന്നത്. ഇതിനു പിന്നാലെയാണ് മുകളിലത്തെ മുറിയിലേക്ക് പോയത്. തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്യുകയും ചെയ്തു. വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് അകത്തു കയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. അവിടെ വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

പ്രദീപ് കുമാര്‍ രണ്ട് ലക്ഷം രൂപ ഉടനെ വേണമെന്ന് തിടുക്കം കൂട്ടി ബാങ്കില്‍ ചെന്നതും വൃദ്ധയായ അമ്മൂമ്മയോട് പണം ഉണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടതിനും പിന്നില്‍ തനിക്ക് നിലവിലുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുകയായിരുന്നില്ല ലക്ഷ്യമെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വാളയാര്‍ കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ ആവശ്യപ്പെട്ടതാണ് രണ്ടു ലക്ഷം രൂപ എന്നും പ്രദീപ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് വീട്ടുകാരും ബാങ്ക് അധികൃതരും വ്യക്തമാക്കുന്നത്. മൂന്നു വക്കീലന്മാര്‍ക്ക് നാളെ തന്നെ പണം കൊടുക്കണം എന്നായിരുന്നു പ്രദീപ് പറഞ്ഞുകൊണ്ടിരുന്നത്. വാളയാര്‍ കേസില്‍ നിലവില്‍ പ്രതിയല്ലാത്ത വ്യക്തിയാണ് പ്രദീപ്. കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പ്രതികളെയെല്ലാം വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജി നവംബര്‍ ഒമ്പതാം തീയതി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുന്നതെയുള്ളൂ. ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ക്ക് പ്രതികൂലമായി എന്തെങ്കിലും പരാമര്‍ശങ്ങള്‍ വരുന്നുണ്ടെങ്കില്‍ മാത്രമാണ് അഭിഭാഷകരുടെ സഹായം ആവശ്യമുള്ളൂവെന്നിരിക്കെ ഹര്‍ജി പരിഗണിക്കുന്നതിനും മുന്നേ പ്രദീപിനോട് ലക്ഷങ്ങള്‍ ഫീസ് ചോദിച്ച അഭിഭാഷകര്‍ ആരൊക്കെയാണെന്നും അവരുടെ ഉദ്ദേശമെന്തായിരുന്നുവെന്നും അന്വേഷിക്കേണ്ട കാര്യമാണെന്നാണ് വളയാര്‍ നീതി സമര സമിതി പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തുന്നത്.

പാലക്കാട് ശിശുസമിതി അധ്യക്ഷനായിരുന്ന അഡ്വ. എന്‍ രാജേഷ് ആയിരുന്നു വാളയാര്‍ കേസില്‍ പ്രദീപ് കുമാറിനുവേണ്ടി ആദ്യം ഹാജരായത്. ശിശുക്ഷേമ സമതി ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് തന്നെ പ്രദീപിനു വേണ്ടി രാജേഷ് കോടതിയിലെത്തി. ഇത് പിന്നീട് വാര്‍ത്തകളാവുകയും വിവാദമുയരുകയും ചെയ്തതോടെയാണ് രാജേഷ് കേസില്‍ നിന്നും ഒഴിയുന്നത്. അപ്പോഴും രാജേഷിന്റെ ജൂനിയറായിരുന്ന മറ്റൊരു അഭിഭാഷകനെയാണ് കേസ് ഏല്‍പ്പിച്ചത്. പ്രതിക്കെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും കഴിയാതെ വന്നതോടെ തലശേരി പോക്‌സോ കോടതി പ്രദീപ് അടക്കമുള്ള പ്രതികളെ വെറുതെ വിടുകയും ചെയ്തു.

ആലപ്പുഴ വയലാര്‍ സ്വദേശിയായ പ്രദീപ് കുമാര്‍ വിവാഹാനന്തരമാണ് വാളയാറില്‍ എത്തുന്നത്. രാഷ്ട്രീയമായോ സാമ്പത്തികമായി സ്വാധീനങ്ങളൊന്നുമില്ലാത്ത വ്യക്തിയാണ് പ്രദീപ്. അങ്ങനെയൊരാള്‍, എന്‍. രാജേഷിനെപ്പോലെ പാലക്കാട്ടെ ക്രിമിനല്‍ അഭിഭാഷകരില്‍ (പോക്‌സോ കേസുകളുടെ കാര്യത്തിലും പ്രസിദ്ധന്‍) മുമ്പില്‍ നില്‍ക്കുന്ന ഒരാളെ തന്റെ വക്കാലത്ത് ഏല്‍പ്പിച്ചതിലും സംശയങ്ങളുണ്ട്. പോക്‌സോ കേസുകളില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായി കുപ്രസിദ്ധി നേടിയിട്ടുള്ള വ്യക്തിയാണ് എന്‍. രാജേഷ് എന്ന് ആരോപണമുള്ളതാണ്. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജേഷിന് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത് യഥാര്‍ത്ഥത്തില്‍ വാളയാര്‍ കേസിലെ പ്രതിക്കുവേണ്ടി ഹാജരായതിന്റെ പേരിലല്ല. മറിച്ച്, ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത്, നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരുന്ന ഇരയെ പ്രതികള്‍ക്ക് അനുകൂലമായി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം ഉണ്ടായതും പിന്നാലെ രാജേഷ് രാജിവയ്ക്കുന്നതും. സിപിഎം മുന്‍ ജനപ്രതിനിധി കൂടിയായ, ഭരണരംഗത്ത് ഏറെ സ്വാധീനമുള്ള ഈ അഭിഭാഷകന്‍ പ്രദീപ് കുമാറിനെപ്പോലെ സാധാരണക്കാരനായ ഒരാള്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ ഇറങ്ങിയത് കേവലയുക്തികള്‍ക്ക് അപ്പുറം നില്‍ക്കുന്ന കാര്യമാണെന്ന് വാളയാര്‍ സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

"വാളയാര്‍ കേസില്‍ മൊത്തം അഞ്ചു പ്രതികളാണ് ഉള്ളത്. ദരിദ്രരായ ഇവരെ രക്ഷപ്പെടുത്താന്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും, അധികാരികളും ശ്രമിക്കില്ല എന്നും അതുകൊണ്ടു തന്നെ ശക്തനും, ഉന്നതനുമായ ഒരു ആറാമന്‍ അദൃശ്യനായി ഇവരോടൊപ്പം ഉണ്ടെന്നും ഉള്ള ആക്ഷേപം ശക്തവുമാണ്. 2017 ജനുവരി 13ന് മൂത്ത കുട്ടിയുടെ കൊലപാതകികള്‍ തുണികൊണ്ട് മുഖം മറച്ച് ഷെഡില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതു കാരണമാണ് ഇളയ കുട്ടി കൊല്ലപ്പെടുന്നത്. ഇളയ കുട്ടിയെ കൊന്നത് ഈ പ്രദീപ് ഒറ്റയ്ക്കാണ്. മുഖം മറച്ചതു കാരണം ആളുകളെ മനസിലായില്ല എന്ന് ഇളയ കുട്ടി മൊഴി കൊടുത്ത സാഹചര്യത്തില്‍ പ്രദീപിന് ഇളയ കുട്ടിയോട് വൈരാഗ്യം തോന്നേണ്ട കാരണവുമില്ല. മാത്രമല്ല, സാധാരണക്കാരനും കൂലിപ്പണിക്കാരനും ഉന്നത ബന്ധങ്ങള്‍ ഇല്ലാത്തവനുമായ പ്രദീപിനെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് അത്തരമൊരു തീരുമാനം എടുക്കാനുള്ള കരുത്തോ, ശേഷിയോ ഇല്ല താനും. അങ്ങനെയെങ്കില്‍ ഏതോ ഒരു ഉന്നതന്റെ നിര്‍ദേശപ്രകാരമാണ് പ്രദീപ് അത് ചെയ്തത് എന്നത് വ്യക്തമാണ്. ആ ഉന്നത അദൃശ്യ സാന്നിദ്ധ്യമാണ് ആറാമന്‍'", വാളയാര്‍ നീതി സമര സമിതി കണ്‍വീനര്‍ വി.എം മാര്‍സന്‍ പറയുന്നു.

ആരോപിക്കപ്പെടുന്നതു പോലെ, ആരുടേയോ നിര്‍ദേശ പ്രകാരമാണ് പ്രദീപ് ഇളയ കുട്ടിയെ കൊലപ്പെടുത്തുന്നത് എന്ന സംശയം നിലനില്‍ക്കുമ്പോള്‍ പ്രദീപിന്റെ തൂങ്ങി മരണത്തില്‍ ഏറ്റവും അധികം ആശ്വസിക്കുന്നവര്‍ ആരാണ് എന്ന ചോദ്യവും വാളയാര്‍ നീതി സമരസമിതി ഉയര്‍ത്തുന്നുണ്ട്. വാളയാറില്‍ ദളിത് സഹോദരിമാര്‍ മരിച്ച രണ്ടു കേസുകളിലും പ്രതിയായിരുന്നു പ്രദീപ് കുമാര്‍. കേസില്‍ വിചാരണ ചെയ്യപ്പെട്ട അഞ്ചു പ്രതികള്‍ക്കു പുറമെ ഒരു ആറാമന്‍ ഉണ്ടെന്ന സംശയം ബലപ്പെടുമ്പോള്‍ അയാളുമായി അടുത്ത ബന്ധം ഉണ്ടന്നു സംശയിക്കപ്പെടുന്ന ആളെന്ന നിലയില്‍ വാളയാര്‍ കേസിന്റെ പുനരന്വേഷണ സാധ്യതകള്‍ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനും ഉള്ള ശ്രമങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കേണ്ടി വരികയാണെന്നും, പ്രദീപിന്റേത് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യയായി കണക്കാക്കാതെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും ഇക്കാര്യത്തില്‍ പരിശോധിക്കണമെന്നും വാളയാര്‍ നീതി സമരസമിതി ആവശ്യപ്പെടുന്നുണ്ട്.

വാളയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഈ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിന് വിധി പറയുമെന്ന വാദവും ഉയര്‍ത്തിയായിരുന്നു പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഒക്ടോബോര്‍ 26 മുതല്‍ 31 വരെ നടത്തിയ സമരത്തെ സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. എന്നാല്‍, സമരസമിതി ചൂണ്ടിക്കാണിക്കുന്നത്, ഈ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിന് ഹൈക്കോടതി വിധി പറയുന്ന കാര്യം സംശയമാണെന്നാണ്. 2015-2016 കാലയളവിലെ ക്രിമിനല്‍ അപ്പീലുകളുടെ മേലുള്ള വാദങ്ങളാണ് ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ചില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വധശിക്ഷ വിധിച്ചിട്ടുള്ള കേസുകള്‍ക്കും ജാമ്യം കിട്ടാതെ തടവില്‍ കഴിയുന്ന പ്രതികളുടെ കേസുകള്‍ക്കുമാണ് കോടതി മുന്‍ഗണന നല്‍കുന്നത്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് വാളയാര്‍ കേസില്‍ നവംബര്‍ ഒമ്പതിന് ഹൈക്കോടതി വിധി പറയുന്നത്? എന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഇരകളെ വഞ്ചിക്കുന്നുവെന്ന പരാതിയും സമരസമിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പ്രദീപിന്റെ ആത്മഹത്യയെ സംബന്ധിച്ച സംശയങ്ങള്‍ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. ഹൈക്കോടതി സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുമോയെന്ന് ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് പോലും ഉറപ്പില്ലാത്ത സാഹചര്യത്തില്‍, പ്രദീപിനോട് അടിയന്തരമായി കേസിന്റെ ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് എന്തിനു വേണ്ടിയായിരുന്നു? കുറ്റവിമുക്തനാക്കപ്പെട്ടശേഷം സ്വന്തം നാടായ വയലാറില്‍ കൂലിവേലകളും മറ്റുമായി സാധാരണ ജീവിതം നയിച്ചിരുന്ന പ്രദീപ് പെട്ടെന്ന് പരിഭ്രാന്തനാവുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്തത് എങ്ങനെയായിരുന്നു? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് പ്രദീപ് കുമാര്‍ ജീവനൊടുക്കിയിരിക്കുന്നത്.


Next Story

Related Stories