TopTop
Begin typing your search above and press return to search.

'കൊറോണയായിട്ട് എല്ലാവരോടും കൈ കഴുകാന്‍ പറയുന്നു, കുടിക്കാന്‍ പോലും വെള്ളമില്ലാത്ത ഞങ്ങള്‍ എന്തു ചെയ്യണം?', ക്വാറി പൂട്ടിക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത്; ആരോട് പരാതി പറയുമെന്നറിയാതെ കുറെ മനുഷ്യര്‍

കൊറോണയായിട്ട് എല്ലാവരോടും കൈ കഴുകാന്‍ പറയുന്നു, കുടിക്കാന്‍ പോലും വെള്ളമില്ലാത്ത ഞങ്ങള്‍ എന്തു ചെയ്യണം?, ക്വാറി പൂട്ടിക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത്; ആരോട് പരാതി പറയുമെന്നറിയാതെ കുറെ മനുഷ്യര്‍

രണ്ട് കലം വെള്ളമാണ് മോളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവും! വീട്ടുമുറ്റത്ത് ഇത്തിരി വെള്ളം കിട്ടണം. അധികമൊന്നും വേണമെന്നില്ല. ദാഹം തീരെ കുടിക്കാന്‍ രണ്ട് കലം ആയാലും മതി. എന്നാല്‍ ആ സന്തോഷവും ഇവര്‍ക്ക് ഇന്നും അന്യമാണ്. കിളിമാനൂര്‍ തോപ്പില്‍ കോളനി നിവാസിയായ യു. മോളി കശുവണ്ടി തല്ലല്‍ തൊഴിലാളിയാണ്. 52 വയസ്സ്. രാവിലെ മുതല്‍ വൈകിട്ട് വരെ ഒരേ ഇരുപ്പിലുള്ള ജോലി കഴിഞ്ഞ് എത്തിയിട്ട് വേണം കലവുമെടുത്ത് കൊണ്ട് വെള്ളം കിട്ടുന്നയിടത്തേക്ക് ഓടാന്‍. കിണറുള്ള വീട്ടുകാരുടെ കനിവിനായി വീട്ടുപടിക്കല്‍ ഇരന്ന് വെള്ളവുമായി പാറക്കെട്ടുകള്‍ കയറി വീട്ടിലെത്തുമ്പോള്‍ ഒരു നേരമാവും. "ഒന്നുകില്‍ വെളുപ്പിന് അല്ലെങ്കില്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് രണ്ട് കലമെങ്കിലും വെള്ളം കിട്ടിയിട്ട് വേണം കഞ്ഞിയും കറികളും ഒക്കെ ഒരുക്കാന്‍. എനിക്ക് വയ്യാതായി. അഞ്ച് മണി വരെയുള്ള ജോലികളും കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ തന്നെ ശരീരമൊക്കെ ക്ഷീണമായിരിക്കും. പക്ഷെ വെള്ളം എടുത്തുകൊണ്ട് വന്നില്ലെങ്കില്‍ കുടക്കാന്‍ പോലും ഒരു തുള്ളി കാണില്ല".

ഇടവഴിയോരങ്ങളും വയലോരങ്ങളും താണ്ടി 'വെള്ളമുള്ള വീട്ടില്‍' എത്തിയാല്‍ അവര്‍ രണ്ട് കലം വെള്ളം എടുക്കാന്‍ അനുവദിക്കും. അതുമായി തിരികെ നടത്തം. "എത്ര ദൂരം നടക്കണം എന്ന് പറയാനുള്ള അറിവ് എനിക്കില്ല. നോക്കെത്താത്ത ദൂരത്തോളം പോണം. അര മണിക്കൂറിലേറെയുണ്ട് നടത്തം", ഇരുപത് വര്‍ഷത്തിനിടയില്‍ തോപ്പില്‍ കോളനിക്കാര്‍ക്കായി അഞ്ച് കുടിവെള്ള പദ്ധതികളാണ് വന്നത്. എന്നാല്‍ അത് ഒന്നില്‍ നിന്നും ഇവര്‍ക്ക് പ്രയോജനം ലഭിച്ചിട്ടില്ല. "ഇരുപത്തിനാല് വീട്ടുകാര്‍ക്ക് വെള്ളം കിട്ടുന്നുണ്ട്. ഇരുന്നൂറോളം കുടുംബങ്ങളാണ് തോപ്പില്‍ കോളനിയില്‍ കഴിയുന്നത്. ബാക്കിയുള്ളവര്‍ക്ക് ഇവര്‍ വെള്ളം തരാത്തതെന്ത്?".

മോളിയുള്‍പ്പെടെ കോളനിയിലെ സ്ത്രീകളും പുരുഷന്‍മാരും കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നവരാണ്. കോളനി അംഗീകരിക്കപ്പെട്ടത് മുതലുള്ള ഇവരുടെ ആവശ്യമാണ് കുടിവെള്ളം. എന്നാല്‍ അത് ഇന്നും ഇവര്‍ക്ക് കിട്ടാക്കനിയായി തുടരുന്നു. "അരിയും കിഴങ്ങും കഴുകണ വെള്ളം പിടിച്ച് വച്ച് കക്കൂസില്‍ പോണത് നിങ്ങക്ക് ആലോചിക്കാനൊക്കുമോ? ഞങ്ങള്‍ ആ വെള്ളമാണ് കക്കൂസിലെ കുഴിയിലേക്ക് ഒഴിക്കണത്. കുളിക്കണ വെള്ളം ഏറ്റിവച്ചിട്ട് ആരെങ്കിലും തുണി കഴുകുമോ? ഞങ്ങള് കഴുകും. പാത്രങ്ങള്‍ നേരാംവണ്ണം ഇന്നേവരെ കഴുകിയിട്ടില്ല. കൊച്ചുങ്ങള് വന്ന് 'ഇച്ചിരി വെള്ളം താ അമ്മൂമ്മാ..' ന്ന് പറഞ്ഞാല്‍ 'എടാ കൊറേശേ കോരടാ' എന്ന് പറയും നമ്മള്. അതുങ്ങക്ക് ദാഹം തീര്‍ത്ത് കോരിക്കൊടുക്കുന്നില്ല".

അന്നന്നത്തെ തൊഴില് ചെയ്തുള്ള വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് തോപ്പില്‍ കോളനി നിവാസികളില്‍ ഭൂരിഭാഗവും. മഴക്കാലത്ത് താഴെ പ്രദേശങ്ങളിലെ കിണറുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇവര്‍ക്ക് അല്‍പം ആശ്വാസമാണ്. എന്നാല്‍ വേനല്‍ തുടങ്ങിയാല്‍ കിണറുകള്‍ വറ്റി തുടങ്ങുന്നതോടെ പലരും വെള്ളം നല്‍കാന്‍ വിമുഖത കാണിക്കും. "വെള്ളമെടുക്കാന്‍ ചെല്ലാതിരിക്കാന്‍ മുള്ളുവേലി കെട്ടിയിട്ട്, ഇനി ഇതിനകത്ത് വെള്ളമെടുക്കാന്‍ കേറിയാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞയാളുകള്‍ കൂടിയുണ്ട്. പണക്കാരുടെ വീട്ടിലെ കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ഓട്ടമാണ്. നാലും അഞ്ചും വീട്ടുകാര്‍ ചേര്‍ന്നാണ് പോക്ക്. വേനല്‍ക്കാലത്ത് ഒരാള്‍ തൊട്ടിയിടുമ്പോള്‍ തന്നെ പിന്നീട് വെള്ളമെടുക്കുന്നവര്‍ക്ക് കലക്കവെള്ളമായിരിക്കും കിട്ടുന്നത്. അത് വീട്ടിലെത്തി തെളിച്ചെടുത്തിട്ട് വേണം ചോറ് വേവിക്കാന്‍", മോളി തുടര്‍ന്നു. ആദ്യ കാലങ്ങളില്‍ ടാങ്കറുകളില്‍ വല്ലപ്പോഴുമെങ്കിലും തോപ്പില്‍ കോളനിയിലേക്ക് വെള്ളമെത്തുമായിരുന്നു. എന്നാല്‍ കുടിവെള്ള പദ്ധതികള്‍ പലത് തുടങ്ങിയതോടെ അതും നിലച്ചു. എല്ലാ പദ്ധതികളും പരാജയപ്പെട്ടെങ്കിലും അത് മറച്ച് വയ്ക്കാനാണ് ടാങ്കറില്‍ വെള്ളം നല്‍കുന്നത് നിര്‍ത്തിയതെന്ന് കോളനി നിവാസികള്‍ പറയുന്നു.

കോളനിയില്‍ വലിയ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവരുടേയും വീട്ടുമുറ്റത്തു കൂടി പൈപ്പ് ലൈനുകളും ഇട്ടിട്ടുണ്ട്. പക്ഷെ ഇതിലൂടെ വെള്ളം മാത്രം എത്തുന്നില്ല. "തീരെ എത്തിയില്ലെന്ന് പറയാനൊക്കില്ല. രണ്ടാഴ്ച ഒന്നരാടം ദിവസങ്ങളില്‍ അവര് വെള്ളം അടിച്ച് തന്നു. അയ്യോ..എന്തൊരു സന്തോഷമായിരുന്നു ഞങ്ങക്കെന്ന് പറഞ്ഞ് തരാനൊക്കൂല്ല. വീട്ടുമുറ്റത്ത് ഇച്ചിരി വെള്ളം കിട്ടുമ്പോ ഉള്ള സന്തോഷം അതില്ലാത്തവര്‍ക്ക് മാത്രേ മനസ്സിലാവൂ. പക്ഷെ അത് കഴിഞ്ഞ് പിന്നെ വെള്ളം അടിച്ചിട്ടില്ല. കാരണവും കാര്യവും ഒന്നും ആരും പറയുന്നില്ല".

2013-14 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഒരു കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി കോളനിയില്‍ മൂന്ന് കുഴല്‍ കിണറുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തന സജ്ജം. അതില്‍ നിന്ന് 24 വീട്ടുകാര്‍ക്ക് വെള്ളം ലഭിക്കുന്നുണ്ട്. മറ്റ് രണ്ട് കുഴല്‍ കിണറുകളില്‍ പമ്പ് സ്ഥാപിച്ചിട്ടില്ല. ഈ പ്രശ്‌നം ഉന്നയിച്ച് കോളനി നിവാസികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു. നാല് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിലെ അലംഭാവത്തിനെതിരെ തോപ്പില്‍ കോളനി നിവാസികള്‍ നടത്തിയ 64 ദിന സമരം കേരളത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുടിവെള്ളം കിട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ സ്ത്രീകളടക്കമുള്ള കോളനി നിവാസികള്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഒടുവില്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും എന്ന രേഖാമൂലമുള്ള ഉറപ്പില്‍ കോളനി നിവാസികള്‍ സമരം പിന്‍വലിച്ചു.

"96 ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലും വെള്ളം വരുന്നില്ല. പൈപ്പുകളും ടാങ്കുകളും ഉദ്ഘാടന ഫലകങ്ങളുമല്ലാതെ ഞങ്ങള്‍ക്ക് മറ്റൊന്നുമില്ല ഇവിടെ. ഇപ്പോള്‍ കൊറോണയായിട്ട് എല്ലാവരോടും കൈ കഴുകാന്‍ പറയുന്നു. കുടിക്കാന്‍ വെള്ളമില്ലാത്ത ഞങ്ങള്‍ എങ്ങനെ കൈകഴുകും?", ജനകീയ സമര സമിതി നേതാവ് സേതു പറഞ്ഞു. കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എ കെ ആര്‍ എന്ന കരിങ്കല്‍ ക്വാറിയ്ക്കായാണ് തങ്ങളുടെ കുടിവെള്ളം മുടക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.

എന്നാല്‍ കോളനി നിവാസികള്‍ ഉന്നയിക്കുന്ന പരാതികളില്‍ കഴമ്പില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ പ്രതികരിച്ചത്. കോളനിയില്‍ കുടിവെള്ളത്തിന് ഒരു പ്രശ്‌നവുമില്ല. ഒരു സഥലത്ത് കുഴല്‍ കിണറില്‍ വെള്ളം കുറവാണ്. വാമനപുരം പദ്ധതി നടപ്പാവുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അവര്‍ പറഞ്ഞു. "ഒരു കോടി പദ്ധതിയുടെ ഭാഗമായി മൂന്ന് കുഴല്‍ കിണറുകളാണ് കുഴിച്ചത്. രണ്ടെണ്ണത്തില്‍ നല്ലവണ്ണം വെള്ളമുണ്ട്. ഒരെണ്ണത്തില്‍ മാത്രമാണ് കുറവ്. അതെല്ലാം കോളനി നിവാസികള്‍ക്ക് കിട്ടുന്നുമുണ്ട്. 18 ലക്ഷം രൂപയുടെ വാമനപുരം പദ്ധതി വരുന്നുണ്ട്. അത് വന്നാല്‍ എല്ലാ വീടുകളിലേക്കും വെള്ളം എത്തിച്ച് നല്‍കാനാവും. കുടിവെള്ളം ഒന്നും അല്ല, ഒരു ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രശ്‌നം അതാണ്. അതവര്‍ക്ക് നിര്‍ത്തിക്കണം. ക്വാറി കൊണ്ട് നാട്ടില്‍ ഒരു പ്രശ്‌നവുമില്ല. വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറിയാണ്. അവിടെയുള്ള പലര്‍ക്കും ജോലി കിട്ടുന്നു. പക്ഷെ അവര്‍ക്കത് പൂട്ടിക്കണം".

എന്നാല്‍ 'രണ്ട് കുഴല്‍ കിണറുകളില്‍ വെള്ളംമുണ്ടെങ്കില്‍ അത് കോളനിക്കാര്‍ക്ക് തന്നാലെന്ത്?' എന്നാണ് കോളനി നിവാസിയായ കെ സീന ചോദിക്കുന്നത്. "വെള്ളമുണ്ട്. അവര്‍ പറയുന്നത് സത്യമാണ്. എന്നാപ്പിന്നെ ഞങ്ങക്കത് തന്നൂടെ?". വെള്ളത്തിന്റെ കാര്യത്തില്‍ കോളനി നിവാസികളുടെ ആവശ്യം പരിഹരിക്കാത്തവര്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി തങ്ങളെ കാണാന്‍ എത്തുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇനി വെള്ളം കിട്ടാതെ ഒരാള്‍ക്കും വോട്ട് ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്. "കോളനിയില്‍ നിന്ന് ഞങ്ങളെ ഒഴിപ്പിച്ച് ആ സ്ഥലം കൂടി ക്വാറിക്കാര്‍ക്ക് കൊടുക്കാനായിരിക്കും അവരുടെ ഉദ്ദേശം. അതിന് ഞങ്ങള്‍ ഒക്കൂല്ല. വെള്ളമില്ലെങ്കിലും പാറക്കെട്ടാണെങ്കിലും 10 സെന്റ് ഭൂമിയുണ്ട്. ഇടിഞ്ഞ് വീഴാറായെങ്കിലും അതിലെല്ലാം ഓരോ മാടങ്ങളും ഉണ്ട്. ഇവിടന്ന് ഇറങ്ങിയാല്‍ ഞങ്ങളെങ്ങോട്ട് പോവും? ചാവുമ്പോള്‍ പോലും ഒരു തുള്ളി വെള്ളം കിട്ടാതെ പോയാല്‍ ഞങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോവും എന്നായിരിക്കും. അവരുടെ ആ ആഗ്രഹം നടക്കൂല്ല" മോളി പറഞ്ഞുനിര്‍ത്തി.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories