വയനാട് തുരങ്ക പാത പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചത് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പോലും തേടാതെ. നിര്‍ദ്ദിഷ്ട വയനാട് മേപ്പാടി-കള്ളാടി തുരങ്ക പാതയ്ക്ക് ഇതേവരെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. തുരങ്ക പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാവാതെ പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കാനാവില്ലെന്ന് എംഎല്‍എ. എന്നാല്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖ പോലും തയ്യാറാവാതെ തുരങ്ക പാത പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രമെന്ന് പ്രതിപക്ഷം.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും സര്‍ക്കാര്‍ മുഖാന്തരം വനംവകുപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. യാത്രാ ദുരിതത്തിന് അന്ത്യമെന്ന വയനാടിന്റെ ദീര്‍ഘ കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ചുരത്തിന് ബദലായി മല തുരന്ന് തുരങ്കം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുരങ്കപാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് നടന്നു. വന്‍കിട പദ്ധതി നടപ്പാക്കുമ്പോള്‍ ലഭിച്ചിരിക്കേണ്ട അനുമതികളൊന്നും തന്നെ ലഭിക്കാതെ പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനെതിരെ ഉദ്ഘാടന സമയത്ത് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് നൂറ് ദിന കര്‍മ്മ പരിപാടിയില്‍ പെടുത്തി നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരാവകാശ രേഖ.
"നടന്നത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രോഡക്ട് ലോഞ്ചിങ് മാത്രമാണ്. തുരങ്ക പാത എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഗിമ്മിക്കാണ്", ഐന്‍എന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവുമായ പി.കെ അനില്‍ കുമാര്‍ ആരോപിക്കുന്നു. "പാരിസ്ഥിതികമായി വലിയ ഉരുള്‍ പൊട്ടലുകളും പ്രളയ ദുരന്തങ്ങളും ഉണ്ടായ പ്രദേശത്ത് എങ്ങനെ സാധ്യമാവും തുരങ്ക പാതയെന്ന് കല്‍പ്പറ്റയുടെ ജനകീയ എംഎല്‍എ സി.കെ. ശശീന്ദ്രനും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദും വ്യക്തമാക്കണം. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത പദ്ധതിയുടെ പേരില്‍ എല്‍ഡിഎഫ് ജനങ്ങളെ പച്ചയ്ക്ക് പറ്റിക്കുകയായിരുന്നു എന്നാണ് വ്യക്തമാവുന്നത്. പേരാമ്പ്ര സ്വദേശിയായ വി.ടി. പ്രദീപ് കുമാര്‍ നല്കിയ വിവരാവകാശത്തിലാണ് തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തു നിന്നും കേന്ദ്ര വനംപരിസ്ഥിതി വകുപ്പില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷിച്ചില്ലെന്ന് മറുപടി ലഭിച്ചത്. വയനാട്, കോഴിക്കോട് ജില്ലകളുടെ അഭിമാന പദ്ധതിയായാണ് പിണറായി വിജയന് സര്‍ക്കാര്‍ തുരങ്ക പാത പദ്ധതിയെ അവതരിപ്പിച്ചത് അതുകൊണ്ട് തന്നെ അപേക്ഷ പോലും നല്‍കാത്ത പദ്ധതി ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്. ഇത് ജനം തിരിച്ചറിയും", അനില്‍കുമാര്‍ ആരോപിച്ചു.
എന്നാല്‍ തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനമല്ല, പദ്ധതി പ്രഖ്യാപനം മാത്രമാണ് നടന്നതെന്ന് സി.കെ ശശീന്ദ്രന് എംഎല്‍എ ആരോപണങ്ങളോട് പ്രതികരിച്ചു. "പാരിസ്ഥിതിക അനുമതിക്ക് അപേക്ഷിച്ചിട്ടില്ല. പ്രോജക്ട് തയ്യാറാവാതെ എങ്ങനെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് അപേക്ഷിക്കുക? കൊങ്കണ്‍ റയില്‍വേ ആണ് പദ്ധതി തയ്യാറാക്കുന്നതും നടപ്പാക്കുന്നതും. അവര്‍ പ്രോജക്ട് റിപ്പോര്‍ട്ട് നല്കുമ്പോള് കേന്ദ്രത്തില്‍ അപേക്ഷ നല്‍കും", എംഎല്‍എ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ അനുമതികള്‍ ലഭിക്കാതെ നിര്‍മ്മാണോദ്ഘാടനം നടത്തി എന്നുള്ള ആരോപണത്തോട്, "നടന്നത് പദ്ധതിയുടെ ലോഞ്ചിങ് ആണ്. അത് നിര്‍മ്മാണ ഉദ്ഘാടനമല്ല. പദ്ധതി പ്രഖ്യാപിക്കല്‍ മാത്രമാണ്" എന്നായിരുന്നു സി കെ ശശീന്ദ്രന് എംഎല്‍എയുടെ മറുപടി. എന്നാല്‍ പദ്ധതി ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പോലും തുരങ്ക പാതയുടെ നിര്‍മ്മാണ ഉദ്ഘാടനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. "വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം നാളെ (ഒക്ടോബര്‍ അഞ്ചിന്) നടക്കും" എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇതാണ് എതിര്‍പക്ഷത്തുള്ളവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാത നിര്‍മ്മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ പ്രവര്‍ത്തികളും കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് നിര്‍വ്വഹിക്കും. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കം അവസാനിക്കും.
16 കിലോ മീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പദ്ധതി നടപ്പിലായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്ക പാതയാവും ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി പാത. രാജ്യത്തെ തന്നെ ഏറ്റവും വലിയ തുരങ്ക പാതകളില്‍ ഒന്നായി മാറുകയും ചെയ്യും. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഇങ്ങനെയായിരുന്നു, "രാജ്യത്തെ തന്നെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്ക പാതയാണിത്. വൈദഗ്ദ്ധ്യം ഉള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് പദ്ധതി ഏല്‍പ്പിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ തുരങ്ക പാത പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ബംഗളൂരു, മൈസൂരു തുടങ്ങിയ വാണിജ്യ വ്യവസായ ടൂറിസ്റ്റ് മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. താമരശ്ശേരി ചുരത്തിലൂടെയായിരുന്നു ഇത്ര നാളെത്തെയും നമ്മുടെ യാത്ര. ഇത് വലിയ സമയ നഷ്ടമുണ്ടാക്കിയിരുന്നു. മണ്ണിടിച്ചില്‍, കാലവര്‍ഷക്കെടുതി എന്നിവ താമരശ്ശേരി ചുരത്തില്‍ പലപ്പോഴും ഗതാഗത സ്തംഭനത്തിനിടയാക്കി. വനമേഖയിലൂടെ റോഡ് പോകുന്നത് കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിമിതി ഉണ്ടായിരുന്നു. ബദലായ സംവിധാനം ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ ഭാഗമായാണ് തുരങ്ക പാത എന്ന ആശയം ഉടലെടുക്കുന്നത്. 900 കോടിയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍വെ, സാങ്കേതിക പഠനം എന്നിവ കഴിഞ്ഞാലേ കൃത്യമായ ചിലവ് മനസ്സിലാവൂ". വ്യാവസായിക, വിനോദ സഞ്ചാര മേഖലകളില്‍ വന്‍ ഉത്തേജനം ഈ തുരങ്കത്തിലൂടെ സാധ്യമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് ഗതാഗതവും സുഗമമാവും. പരിസ്ഥിതി ദുര്‍ബല പ്രദേശമായ താമരശ്ശേരി ചുരത്തിന്റെ വാഹന ബാഹുല്യവും തുരങ്കം മൂലം കുറയും. അത്തരത്തില്‍ താമരശ്ശേരി ചുരത്തിന്റെ സംരക്ഷണം തുരങ്കം യാഥാര്‍ഥ്യമാവുന്നതോടെ ഉറപ്പ് വരുത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. 6.8 കിലോ മീറ്ററാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. 750,200 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകളും ചേര്‍ത്ത് ഇത് 7.826 കിലോമീറ്റര്‍ വരും. ആനക്കാംപെയിലില് നിന്ന് മറിപ്പുഴ വരെ 6.6 കിലോ മീറ്റര്‍ റോഡും ഇതുകഴിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാതയുടെ സൗകര്യത്തോടെ പാലവും നിര്‍മ്മിക്കും. പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്വര്‍ഗം കുന്ന് വരെയും റോഡ് നിര്‍മ്മിക്കും. സ്വര്‍ഗം കുന്ന് മുതല്‍ മല തുരന്ന് കള്ളാടി വരെ രണ്ട് വരി പാതയുടെ വീതിയിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. കള്ളാടിയില്‍ നിന്ന് മേപ്പാടിയിലേക്ക് ഒമ്പത് കിലോമീറ്റര്‍ നീളത്തില്‍ റോഡും നിര്‍മ്മിക്കും. തുരങ്ക നിര്‍മ്മാണത്തിന് മാത്രം 100 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
പാത പ്രാവര്‍ത്തികമായാല്‍ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലധികം കുറയും എന്നാണ് അധികൃതരുടെ അവകാശ വാദം. നിലവില്‍ 85 കിലോമീറ്ററാണ് കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള ദൂരം. എന്നാല്‍ തുരങ്ക പാത വരുന്നതോടെ ഇത് 54 കിലോമീറ്റര്‍ ആയി ചുരുങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 34 മാസങ്ങള്‍ കൊണ്ട് പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും എന്നാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ പ്രതീക്ഷ. വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത് സര്‍ക്കാരിന് സമര്‍പ്പിക്കാനാകും എന്നാണ് കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. സെപ്തംബര്‍ മൂന്നാമത്തെ ആഴ്ചയില്‍ കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് സംഘവും പൊതുമരാമത്ത് അധികൃതരും മറിപ്പുഴയിലും കള്ളാടിയിലും എത്തി സാധ്യതകള്‍ വിലയിരുത്തിയിരുന്നു. സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവ നടത്തി ഡിപിആര്‍ തയ്യാറാക്കും. സര്‍വേ അടക്കമുള്ള ജോലികള്‍ക്കായി ക്യൂമാക്സ് എന്ന കണ്‍സള്‍ട്ടന്‍സിയെ കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി മല തുരന്ന് പാത നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി വിദഗ്ദ്ധരും രംഗത്ത് വന്നിരുന്നു.
#Representational Image