TopTop
Begin typing your search above and press return to search.

ആരാണ് സഖാവ് കൊച്ചനിയന്റെ യഥാര്‍ത്ഥ ഘാതകന്‍? 28 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പുതിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമോ?

ആരാണ് സഖാവ് കൊച്ചനിയന്റെ യഥാര്‍ത്ഥ ഘാതകന്‍? 28 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പുതിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമോ?

തൃശൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന അഡ്വ. എം കെ മുകുന്ദന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത് കഴിഞ്ഞാഴ്ച്ചയായിരുന്നു. ഇനി മുതല്‍ സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നാണ് മുകുന്ദന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്. ഒരു ജില്ലാതല നേതാവിന്റെ പാര്‍ട്ടി വിടല്‍ കേവലമൊരു വാര്‍ത്തയ്ക്കപ്പുറത്തേക്ക് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ വിവാദങ്ങള്‍ക്ക് കൂടിയാണ് വഴിയൊരുക്കിയത്. എസ്എഫ്ഐ നേതാവ് കൊച്ചനിയന്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു അഡ്വ. എം കെ മുകുന്ദന്‍. ഇക്കാര്യം പറഞ്ഞുകൊണ്ട് വടക്കാഞ്ചേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. മുകുന്ദനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഎമ്മിനെ പരിഹസിക്കുന്ന പോസ്റ്റില്‍ രക്തസാക്ഷികളും പ്രതികളും ഇനി പാര്‍ട്ടിക്ക് സ്വന്തം എന്നായിരുന്നു അനില്‍ അക്കര പറഞ്ഞത്. സഖാവ് കൊച്ചനിയന്റെ കൊലപാതക കേസ് പ്രതിയെ സ്വീകരിക്കുന്നതില്‍ തൃശൂരിലെ സിപിഎമ്മിനകത്തും അസ്വസ്ഥകളുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനൊപ്പമായിരുന്നു അനില്‍ അക്കരയുടെ പോസ്റ്റും.

1992 ഫെബ്രുവരി 29 ന് ആയിരുന്നു കൊച്ചനിയന്‍ കൊല്ലപ്പെടുന്നത്. കോഴിക്കോട് സര്‍വകലാശാല യൂണിയന്‍ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകരായ പ്രതികളാണ് കൊച്ചനിയനെ കുത്തിക്കൊലപ്പെടുത്തിയത്. യുവജനോത്സവ വേദിയിലെ ബാഡ്ജ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയും അവിടുത്തെ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കൊച്ചനിയന്‍, കൊല്ലപ്പെടുന്ന സമയത്ത് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റും തൃശൂര്‍ ജില്ല കമ്മിറ്റിയംഗവുമായിരുന്നു. മൂന്നു പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതിയായിരുന്ന എം എസ് അനില്‍ കുമാറിനെ കോടതി ശിക്ഷിച്ചെങ്കിലും രണ്ടാം പ്രതി അഡ്വ. മുകുന്ദനെ വെറുതെ വിടുകയാണ് ചെയ്തത്.

28 വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചനിയന്‍ കൊലപാതകം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകളാണ് കേരള രഷ്ട്രീയത്തെ ഉലയ്ക്കുന്നത്. അനില്‍ അക്കരയുടെ ആരോപണത്തിന് മറുപടിയായി അഡ്വ. മുകുന്ദന്‍ എഴുതിയ കത്ത് കൊച്ചനിയന്‍ കൊലപാതകത്തില്‍ പുനരന്വേഷണം എന്ന ആവശ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രതിയാക്കപ്പെട്ടവരല്ല കൊച്ചനിയന്റെ യഥാര്‍ത്ഥ ഘാതകരെന്നാണ് മുകുന്ദന്‍ പറയുന്നത്. ഇതേകാര്യം ആവര്‍ത്തിച്ച് മുന്‍ കെഎസ് യു നേതാവും ഈ കേസിലെ മൂന്നാം പ്രതിയായിരുന്ന മാര്‍ട്ടിന്‍ ജോസഫും രംഗത്തു വന്നതോടെ വിവാദം കൊഴുത്തിരിക്കുകയാണ്. കേസില്‍ പ്രതികളാകുന്ന സമയത്ത് തൃശൂരിലെ അറിയപ്പെടുന്ന കെ എസ് യു നേതാക്കളായിരുന്നു അനില്‍ കുമാറും മുകുന്ദനും മാര്‍ട്ടിന്‍ ജോസഫും. അനില്‍ കുമാര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ട്.

കൊച്ചനിയനെ കുത്തിയത് തൃശൂരിലെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാവിന്റെ സഹോദരിയുടെ മകന്‍ ആണെന്നാണ് മുകുന്ദന്‍ നടത്തുന്ന വെളിപ്പെടുത്തല്‍. ഇയാളെ രക്ഷിക്കാന്‍ വേണ്ടി അന്നത്തെ ആഭ്യന്തരമന്ത്രിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും, പോലീസിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന ജില്ല കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് ഗൂഢാലോചന നടത്തി തങ്ങളെ പ്രതികളാക്കുകയായിരുന്നുവെന്നാണ് അഡ്വ. മുകുന്ദന്‍ അവകാശപ്പെടുന്നത്. ബാങ്ക് ലോണെടുത്ത് കോഴിക്കോട് ലോ കോളേജില്‍ നിന്നും എല്‍എല്‍ബി ബിരുദം നേടി, സന്നത്തെടുത്ത് പ്രാക്ടീസ് തുടങ്ങിയ സമയത്തായിരുന്നു ചെയ്യാത്ത കൊലപാതകത്തിന് കോണ്‍ഗ്രസ് തന്നെ പ്രതിയാക്കിയതെന്നാണ് മുകുന്ദന്‍ എഴുതിയ കത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

അഡ്വ. എം കെ മുകുന്ദന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് മാര്‍ട്ടിന്‍ ജോസഫും രംഗത്തു വരുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും, അതിലെ മാടമ്പി നേതാക്കളും ചേര്‍ന്ന് നിരപരാധികളായ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കളെ കണ്ണില്‍ ചോരയില്ലാതെ കൊലയാളികളാക്കി മുദ്ര കുത്തി തുറങ്കിലടയ്ക്കാന്‍ കാട്ടിയ നെറികേടൊന്നും ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഞങ്ങളോട് ചെയ്തിട്ടില്ല എന്നായിരുന്നു അനില്‍ അക്കരയ്ക്കുള്ള മറുപടിയായി മാര്‍ട്ടിന്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചനിയന്‍ വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും മാര്‍ട്ടിന്‍ ജോസഫ് അറിയിച്ചിട്ടുണ്ട്.

അഡ്വ. എം കെ മുകന്ദന്റെയും മാര്‍ട്ടിന്‍ ജോസഫിന്റെയും വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇതേ വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങളുണ്ടെന്നു വ്യക്തമാക്കി മുന്‍ കെ എസ് യു നേതാവും നിലവില്‍ സിപിഎമ്മിന്റെ തൃശൂര്‍ പള്ളിക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ അഡ്വ. ഡെല്‍സന്‍ ഡേവിസ് പിയും രംഗത്തു വന്നു. ഇതോടെ കൊച്ചനയിന്‍ വധക്കേസ് കൂടുതല്‍ ചര്‍ച്ചയായി മാറി. അഡ്വ. മുകുന്ദന്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ക്കും കൊച്ചനിയന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഡ്വ. ഡെല്‍സന്‍ ഡേവിസ് പറയുന്നത്. കോണ്‍ഗ്രസിലെ 'എ', 'ഐ' ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നിരുന്ന കലഹമാണ് കൊച്ചനിയന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം ആരോപിച്ചു. "എ 'ഗ്രൂപ്പ്കാരനായ എം ആര്‍ രാംദാസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരിക്കെ നടന്ന യുവജനോത്സവത്തോടനുബന്ധിച്ച് ഉണ്ടായ ചെറിയ വാക്ക് തര്‍ക്കവും തുടര്‍ന്നുണ്ടായ കശപിശയുമാണ് സഖാവ് കൊച്ചനിയന്റെ ദാരുണ വധത്തിലേക്ക് നയിച്ചത്. 'എ, ഐ' ഗ്രൂപ്പ് തര്‍ക്കത്തിന്റെ വെളിച്ചത്തില്‍ ഒരു 'എ' ഗ്രൂപ്പുകാരന്‍ ചെയര്‍മാനായി നടത്തുന്ന യുവജനോത്സവ പരിപാടികളില്‍ 'ഐ' ഗ്രൂപ്പകാരെ അകറ്റി നിര്‍ത്തിയാല്‍ ഉണ്ടാകാനിടയുള്ള തര്‍ക്കത്തില്‍, ആവശ്യം വന്നാല്‍ 'എ' ഗ്രൂപ്പുകാരെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് 'ഐ' ഗ്രൂപ്പ് കാരനായ യഥാര്‍ത്ഥ പ്രതി മരകായുധം കയ്യില്‍ കരുതിയത് എന്നാണ് പിന്നീട് ഞങ്ങള്‍ മനസിലാക്കിയത്. നിഭാഗ്യവശാല്‍ ഈ മരകായുധം വഴി തെറ്റി കയറിയത് നമ്മുടെ പ്രിയങ്കരനായ സഖാവ് കൊച്ചനിയന്റെ ചങ്കിലായിപ്പോയി"; കൊച്ചനിയന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ അഡ്വ. ഡെല്‍സന്‍ പറയുന്ന കാര്യമാണിത്.

കൊച്ചനിയന്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതി ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത ബന്ധുവാണെന്ന ആരോപണമാണ് അഡ്വ. ഡെല്‍സന്‍ ഡേവിസും ഉയര്‍ത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ഈ പ്രമുഖ നേതാവും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും കൊച്ചനിയന്‍ കൊലക്കേസില്‍ അന്വേഷണം കാര്യക്ഷമമല്ല എന്ന് വരുത്തി തീര്‍ത്തുകൊണ്ട് തൃശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റിക്കുകയും തുടര്‍ന്ന് യഥാര്‍ത്ഥ പ്രതിയും കോണ്‍ഗ്രസ് നേതാവിന്റെ ഏറ്റവും അടുത്ത ബന്ധുവായ വ്യക്തിയെ വടക്കേ ഇന്ത്യയിലേക്ക് രക്ഷപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ഡെല്‍സന്‍ പറയുന്നു. ഇതിനു പിന്നാലെയാണ് കൊച്ചനിയന്‍ കൊല്ലപ്പെടുത്ത സമയത്ത് സംഭവസ്ഥലത്ത് ഇല്ലാതിരുന്ന അനില്‍കുമാര്‍, മുകുന്ദന്‍, മാര്‍ട്ടിന്‍ എന്നിവരുടെ പേരുകള്‍ പ്രതി പട്ടികയില്‍ നല്‍കി അറസ്റ്റ് ചെയ്യിക്കുന്നതെന്നും ഡെല്‍സന്‍ പറയുന്നു.

എന്നാല്‍ ഈ പ്രതികരണങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും കൊച്ചനിയന്‍ കേസിലെ യഥാര്‍ത്ഥ പ്രതി ആരാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരൊക്കെയാണെന്നും വെളിപ്പെടുത്താന്‍ അഡ്വ. മുകുന്ദനും മാര്‍ട്ടിന്‍ ജോസഫും തയ്യാറാകണമെന്ന ആവശ്യം എസ്എഫ് ഐ തൃശൂര്‍ മുന്‍ ജില്ല പ്രസിഡന്റ് കെ എന്‍ ബാലഗോപാലന്‍ ചേറ്റുപുഴ ഉന്നയിച്ചതോടെ ഈ വിഷയം സിപിഎമ്മിലും ചര്‍ച്ചയായിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതിയാരാണെന്ന് വെളിപ്പെടുത്താന്‍ മുകുന്ദന്‍ തയ്യാറാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ സിപിഎമ്മിനൊപ്പം സഹകരിപ്പിക്കാന്‍ തീരുമാനമെടുത്ത പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ മുകുന്ദനോട് അക്കാര്യം ആവശ്യപ്പെടണമെന്നാണ് ബാലഗോപാല്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൊച്ചനിയന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് അഡ്വ. മുകുന്ദനും മാര്‍ട്ടിന്‍ ജോസഫും പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയേക്കും. ഇതിനൊപ്പം തന്നെയാണ് കൊച്ചനിയന്‍ വധക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിരിക്കുന്നത്.


Next Story

Related Stories