TopTop
Begin typing your search above and press return to search.

ടി.കെ പൂക്കോയ തങ്ങള്‍; മുട്ട മന്ത്രിച്ചൂതുന്ന മന്ത്രവാദി, ആത്മീയ നേതാവ്, രാഷ്ട്രീയക്കാരന്‍; ഇപ്പോള്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി

ടി.കെ പൂക്കോയ തങ്ങള്‍; മുട്ട മന്ത്രിച്ചൂതുന്ന മന്ത്രവാദി, ആത്മീയ നേതാവ്, രാഷ്ട്രീയക്കാരന്‍; ഇപ്പോള്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി

150 കോടി രൂപയുടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ടി.കെ പൂക്കോയ തങ്ങളെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് സംഘം. എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്കൊപ്പം പൂക്കോയയോടും എസ് പി ഓഫീസില്‍ ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറസ്റ്റ് അപകടം മണത്ത പൂക്കോയ ഹാജരായില്ല. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം പറയുന്നുണ്ട്. കണ്ടെത്താനുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. 2004 ല്‍ സ്ഥാപിച്ച ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ് ടി കെ പൂക്കോയ. ജ്വല്ലറി മനേജറായിരുന്ന ഇദ്ദേഹത്തിന്റെ മകനും കേസില്‍ പ്രതിയാണ്. നിക്ഷേപകരുടെ പണം തിരിമറി നടത്തി വന്‍തോതില്‍ കര്‍ണാടകയില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് പൂക്കോയയ്‌ക്കെതിരേയുള്ള ആരോപണം.

ജ്വല്ലറി തട്ടിപ്പിനു പിന്നില്‍ പൂക്കോയ ആണെന്നാണ് അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയും പറയുന്നത്. എല്ലാ ഇടപാടുകള്‍ക്കും ഉത്തരവാദി പൂക്കോയ ആണെന്നാണ് കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തെറ്റിദ്ധരിപ്പിച്ചുവെന്നും രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജ്വല്ലറി കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് കമറുദ്ദീന്‍ പറയുന്നത്.

അതേസമയം കമറുദ്ദീനും പൂക്കോയും ചേര്‍ന്ന് ബെംഗളൂരൂവിലും കര്‍ണാടകത്തിലെ മറ്റിടങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമിയാണ് വാങ്ങിക്കൂട്ടിയെന്നതിന് ക്രൈം ബ്രാഞ്ചിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കമ്പനിയുടെ ആസ്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ബെംഗളൂരുവിലെ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ കമറുദ്ദീനും പൂക്കോയും ചേര്‍ന്ന് ഒരേക്കര്‍ ഭൂമി പത്തു കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. പിന്നീട് ഇതില്‍ നിന്നും 60 സെന്റ് സ്ഥലം എട്ടുകോടിക്ക് വില്‍പ്പനയും നടത്തി. ഇത്തരത്തില്‍ പല ഭൂമിയിടപാടുകളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഇടപാടുകള്‍ക്കെല്ലാം ഉപയോഗിച്ചത് നിക്ഷേപകരുടെ പണമായിരുന്നു. കേരളത്തിലും വന്‍തോതില്‍ ഭൂമിയിടപാടുകള്‍ പൂക്കോയയുടെയും കമറുദ്ദീന്റെയും നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ ഭൂമി വാങ്ങുകയും പിന്നീടിത് മറിച്ചു വിറ്റ് സ്വകാര്യമായി ലാഭം നേടുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ പേരില്‍ ഉണ്ടായിരുന്ന ആസ്തി വകകള്‍ ബിനാമി പേരുകളിലേക്ക് മാറ്റിയതിനു പിന്നിലും പൂക്കോയയുടെ തന്ത്രമുണ്ടായിരുന്നുവെന്നു പറയുന്നു. സ്ഥാപനം നഷ്ടത്തിലാണെന്ന് ഇടപാടുകാരോട് പറയുകയും അതേസമയം സ്ഥാപനത്തിന്റെ പേരില്‍ ഭൂമിയും കെട്ടിടങ്ങളും ഉണ്ടെന്ന് അറിയുകയും ചെയ്താല്‍ പണം നിക്ഷേപിച്ചവര്‍ തങ്ങളെ ചോദ്യം ചെയ്യുമെന്നറിഞ്ഞാണ് എല്ലാം മറ്റു പേരുകളിലേക്ക് മാറ്റിയത് എന്നാണ് വിവരം.

സാമുദായിക നേതാവ് എന്ന സ്ഥാനമായിരുന്നു തായലക്കണ്ടി പൂക്കോയ തങ്ങള്‍ എന്ന ടി.കെ പൂക്കോയ തങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചത്. പേരിനൊപ്പമുള്ള 'തങ്ങള്‍' ഇക്കാര്യത്തില്‍ പൂക്കോയയ്ക്ക് പ്രയോജനം ചെയ്തു. യഥാര്‍ത്ഥ തങ്ങള്‍ കുടുംബത്തിലെ അംഗമല്ല ഇയാളെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. ലക്ഷദ്വീപ് സ്വദേശിയായ പൂക്കോയ കാസറഗോഡേക്ക് പിന്നീട് വന്നതാണെന്നും ഇയാളുടെ പൂര്‍വികരെല്ലാം ലക്ഷദ്വീപിലുളളവരാണെന്നും പറയുന്നു. നിലവില്‍ കാസറഗോഡ് ചന്തേരയിലാണ് പൂക്കോയ താമസിക്കുന്നത്. പേരിനൊപ്പം 'തങ്ങള്‍' എന്ന സ്ഥാനപ്പേര് പൂക്കോയ മനഃപൂര്‍വം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും പിന്നീട് ഈ സ്ഥാനപ്പേര് ഉപയോഗിച്ച് താനും പാണക്കാട് തങ്ങള്‍ കുടുംബത്തിലെ അംഗമാണെന്ന തരത്തില്‍ പ്രചാരണം നടത്തി ജനങ്ങളുടെ വിശ്വാസവും ബഹുമാനവും നേടിയെടുക്കുകയാണ് ചെയ്തതെന്നും നിക്ഷേപക ഇരകള്‍ പറയുന്നു. 'തങ്ങള്‍' കുടുംബത്തിലെ ഒരംഗം മാനേജിംഗ് ഡയറക്ടര്‍ ആയ സ്ഥാപനം എന്നത് തന്നെയായിരുന്നു ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താന്‍ ജനങ്ങളെ, പ്രത്യേകിച്ച് മുസ്ലീം ലീഗ് അനുഭാവികളെ പ്രേരിപ്പിച്ചതില്‍ പ്രധാനഘടകവും.

സാമുദായിക നേതാവ് എന്ന നിലയിലും പൂക്കോയയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടായിരുന്നു. സമുദായ നേതാവ് എന്ന വിശേഷണത്തിലൂടെ മുസ്ലീം ലീഗ് പാര്‍ട്ടിയിലും പൂക്കോയയ്ക്ക് സ്ഥാനം കിട്ടി. നിലവില്‍ മുസ്ലീം ലീഗ് കാസറഗോഡ് ജില്ല പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ. അതേപോലെ തൃക്കരിപ്പൂര്‍ സംയുക്ത ജമാ അത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും ചന്തേര ജമാ അത്തിന്റെ പ്രസിഡന്റ് പദത്തിലും പൂക്കോയ ഉണ്ടായിരുന്നു. കേസ് വന്നതോടെ സംയുക്ത ജമാ അത്ത് പദവിയില്‍ നിന്നും പൂക്കോയയെ നീക്കി. ചന്തേര ജമാ അത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സ്വയം രാജിവച്ചൊഴിയുകയും ചെയ്തു. പൂക്കോയ പ്രസിഡന്റ് ആയിരുന്ന ജാമിഅ സഅദിയ്യയുടെ അധീനതയിലുള്ള രണ്ടരയേക്കറോളം ഭൂമി എം.സി കമറുദ്ദീന്‍ ചെയര്‍മാനായ സ്വകാര്യ ട്രസ്റ്റിന് കുറഞ്ഞ തുകയ്ക്ക് വില്‍പ്പന നടത്തിയിരുന്നു. സ്വന്തം ഇഷ്ടത്തിന് പൂക്കോയ നടത്തിയ ഈ കച്ചവടം നിയമവിരുദ്ധമാണെന്ന് പിന്നീട് വഖഫ് ബോര്‍ഡ് കണ്ടെത്തുകയും ചെയ്തു.

മന്ത്രാവാദവും പൂക്കോയ തൊഴിലാക്കിയിരുന്നു. മുസ്ലീം വീടുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നിരവധി പേര്‍ ചന്തേരയിലുള്ള പൂക്കോയയുടെ വീട്ടില്‍ എത്തുമായിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നോണം മന്ത്രിച്ചൂതിയ കോഴിമുട്ടയായിരുന്നു പൂക്കോയ തന്നെ തേടിയെത്തുന്ന സ്ത്രീ-പുരുഷ ഭേദമന്യേയുള്ളവര്‍ക്ക് നല്‍കിയിരുന്നത്. പൂക്കോയയുടെ മന്ത്രാവാദം കേട്ടറിഞ്ഞ് നിരവധിയാളുകള്‍ എത്താന്‍ തുടങ്ങിയതോടെ തായലക്കണ്ടി പൂക്കോയ തങ്ങള്‍ക്ക് നാട്ടില്‍ 'മുട്ട തങ്ങള്‍' എന്ന വിശേഷണവും കിട്ടി. വൈകാതെ തന്നെ മന്ത്രവാദിയില്‍ നിന്നും ആത്മീയ നേതാവ് എന്ന പരിവേഷത്തിലേക്ക് പൂക്കോയ എത്തപ്പെട്ടു. ജമാ അത്തെകളുടെ നേതൃത്വ പദവികളും മുസ്സീം ലീഗ് പാര്‍ട്ടി ഭാരവാഹിത്വവും കൂടി കൈയില്‍ കിട്ടിയതോടെ തായിലക്കണ്ടി പൂക്കോയ, 'ടി.കെ പൂക്കോയ തങ്ങള്‍' ആയി കൂടുതല്‍ ഉയര്‍ന്നു. അതോടെ പൂക്കോയ യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്ള അന്വേഷണത്തിലേക്ക് ആരും പോകാതെയുമായി.സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര എന്ന പേര് ഇസ്ലാം മതബോധന ക്ലാസുകളിലും മത സന്ദേശ കാര്‍ഡുകളിലുമൊക്കെ സ്ഥിരമായി. ആത്മീയ പ്രഭാഷണങ്ങളിലും സജീവമായി മാറി സയിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര.

2004 ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറി എന്ന സ്ഥാപനം ആരംഭിച്ചതോടെയാണ് പൂക്കോയയും കമറുദ്ദീനും ഒന്നിക്കുന്നത്. ആത്മീയനേതാവ് എന്ന നിലയില്‍ പൂക്കോയയും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ കമറുദ്ദീനും ഒത്തു ചേര്‍ന്നപ്പോഴാണ് ജനങ്ങളില്‍ നിന്നും കോടികള്‍ കൈക്കലാക്കാനുള്ള വഴികള്‍ എളുപ്പമായത്. രണ്ട് വിശേഷണങ്ങളും മുസ്ലീം സമുദായത്തിനിടയില്‍ ഇവര്‍ക്ക് വലിയ സ്വാധീനം ഉണ്ടാക്കി കൊടുത്തിരുന്നു. എംഎല്‍എയും തങ്ങളും വഞ്ചിക്കുമോ എന്നായിരുന്നു ഫാഷന്‍ ഗോള്‍ഡിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ച പരസ്യവാചകം. അതില്‍ വീണവരാണ് ഇപ്പോഴത്തെ ഇരകളില്‍ ഏറെയും.

നിക്ഷേപിച്ച പണത്തിന്റെ ലാഭ വിഹിതം നിലച്ചപ്പോഴും പൂക്കോയയോടും കമറുദ്ദീനോടുമുള്ള ബഹുമാനവും വിശ്വാസവും കൊണ്ട് ആദ്യമൊന്നും നിക്ഷേപകര്‍ രംഗത്തു വന്നിരുന്നില്ല. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കൊടുത്ത പണവും, അതിന്റെ വിഹിതവുമില്ലാതായതോടെയാണ് ആളുകള്‍ സംശയങ്ങള്‍ ഉയര്‍ത്തിയത്. പണം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ് നിക്ഷേപകര്‍ ചോദിക്കാനിറങ്ങിയതോടെയാണ് ടി കെ പൂക്കോയ തങ്ങള്‍ എന്ന ആത്മീയ-രാഷ്ട്രീയ നേതാവിന്റെ യഥാര്‍ത്ഥ സ്വഭാവം പലരും തിരിച്ചറിഞ്ഞത്. നിക്ഷേപകരെ കാണാനോ അവരോട് ഫോണില്‍ വിളിക്കാനോ പോലും പൂക്കോയ തയ്യാറായിട്ടില്ല. പണം തരാമെന്ന് പറഞ്ഞ് പല തവണയായി പറ്റിക്കപ്പെട്ടവര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ പൂക്കോയ മുങ്ങി. പണം ചോദിച്ച് ചെല്ലുന്നവരൊക്കെ അടഞ്ഞു കിടക്കുന്ന പൂക്കോയയുടെ വാതില്‍ കണ്ട് മടങ്ങി. കമറുദ്ദിനെ കാണാന്‍ ചെല്ലുമ്പോള്‍ പൂക്കോയയെ കാണാന്‍ പറഞ്ഞു വിടുകയും പൂക്കോയെ കാണാന്‍ ചെല്ലുമ്പോള്‍ പൂട്ടി കിടക്കുന്ന വീട് മാത്രം കാണുകയും തിരിച്ച് കമറുദ്ദീനെ തേടി ചെല്ലുമ്പോള്‍ അവിടെയും ആരെയും കാണാത്ത അവസ്ഥയില്‍ ഒരു വര്‍ഷത്തോളം നിക്ഷേപകര്‍ കബളിക്കപ്പെട്ടിരുന്നു. നിരവധി തവണ പൂക്കോയയുടെ വീടിനു മുന്നില്‍ നിന്നും കണ്ണീരോടെ മടങ്ങിയവരാണ് ഇരകളിലേറെയും. പിന്നീട് ഇരകള്‍ സംഘടിച്ച് എത്താനും തുടങ്ങി. ചന്തേര വലിയ പള്ളിക്കടത്തുള്ള പൂക്കോയയുടെ വീട്ടില്‍ അമ്പതോളം നിക്ഷേപകര്‍ സംഘടിച്ചിരുന്നു. പക്ഷേ, പൂക്കോയ അതിനൊക്കെ മുന്നേ സ്ഥലം വിട്ടിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തോളമായി പൂക്കോയ ഒളിവില്‍ ആണെന്നാണ് പറയുന്നത്.


Next Story

Related Stories