TopTop
Begin typing your search above and press return to search.

പാമ്പുകളെ കൈയ്യിലെടുത്ത് കളിപ്പിച്ചിരുന്ന സൂരജ് അന്നു ബാഗില്‍ കൊണ്ടു വന്നത് കരിമൂര്‍ഖനെ ആയിരുന്നോ? ഉത്രയുടെ മരണത്തിലെ യാഥാര്‍ത്ഥ്യം തേടി ക്രൈംബ്രാഞ്ച്

പാമ്പുകളെ  കൈയ്യിലെടുത്ത് കളിപ്പിച്ചിരുന്ന സൂരജ് അന്നു ബാഗില്‍  കൊണ്ടു വന്നത് കരിമൂര്‍ഖനെ ആയിരുന്നോ? ഉത്രയുടെ മരണത്തിലെ യാഥാര്‍ത്ഥ്യം തേടി ക്രൈംബ്രാഞ്ച്

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്ര കിടപ്പു മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് സംശയ നിഴലില്‍. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച നിര്‍ണായക വിവരങ്ങള്‍ സൂരജിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. അടൂര്‍ പാറക്കോട് സ്വദേശിയായ സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യൂട്യൂബില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും ഇയാള്‍ക്ക് പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൂരജിന് പാമ്പു പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സൂരജിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും അതുവരെ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് സംഘം മാധ്യമങ്ങളെ അറിയിച്ചു. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്.

ഉത്രയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പരാതിയിലാണ് സൂരജിന് വിഷപ്പാമ്പുകളുമായി ബന്ധമുണ്ടോയെന്നതിലേക്ക് അന്വേഷണം തിരിഞ്ഞത്. സൂരജ് പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്നായിരുന്നു യുവതിയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. സൂരജിന്റെ വീട്ടില്‍ വച്ച് ഉത്ര ഒരു തവണ വിഷപ്പാമ്പിനെ കണ്ടിരുന്നു. അന്ന് സൂരജാണ് പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയതെന്ന് ഉത്ര തങ്ങളോട് പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

മാര്‍ച്ച് രണ്ടാം തീയതി ഭര്‍തൃവീട്ടില്‍ വച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടില്‍ വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു ഈ മാസം ഏഴാം തീയതി ഉത്രയെ കിടപ്പ് മുറിയില്‍ വച്ച് വീണ്ടും പാമ്പ് കടിക്കുന്നത്. സൂരജ് ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് ഉത്രയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അബോധാവസ്ഥയില്‍ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മുറിക്കുള്ളില്‍ നടത്തിയ തെരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഇതിനെ തല്ലിക്കൊല്ലുകയും ചെയ്തു.

എ സി ഘടിപ്പിച്ചിട്ടുള്ളതാണ് ഉത്രയുടെയും സൂരജിന്റെയും കിടപ്പ് മുറി. പൂര്‍ണമായും അടച്ചു പൂട്ടിയ മുറിയില്‍ എങ്ങനെ പാമ്പ് കയറിയന്ന സംശയമാണ് ഉത്രയുടെ മാതാപിതാക്കള്‍ക്ക് സൂരജിനുമേല്‍ സംശയം വീഴ്ത്തിയത്. സൂരജിന്റെ പെരുമാറ്റത്തില്‍ നേരത്തെ തന്നെ അസ്വഭാവികതയുണ്ടായിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ സൂരജ് പറയുന്നത് മുറിയുടെ ജനല്‍ തുറന്നിട്ടിരുന്നുവെന്നും അതുവഴിയാണ് പാമ്പ് കയറിയതെന്നുമാണ്. എന്നാല്‍, പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ഇതിനിടയിലാണ് മാതാപിതാക്കള്‍ പറയുന്നത്, ഉത്ര മരിക്കുന്നതിന് തലേദിവസം സൂരജ് ഒരു വലിയ ബാഗുമായാണ് വീട്ടിലെത്തിയതെന്ന്. ഈ ബാഗില്‍ പാമ്പ് ഉണ്ടായിരുന്നുവെന്നാണ് മാതാപിതാകളുടെ സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സൂരജിന് പാമ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചത്.

2018 ല്‍ ആയിരുന്നു സൂരജിന്റെയും ഉത്രയുടെയും വിവാഹം.ഒന്നര വയസുള്ള ഒരു മകനും ഇവര്‍ക്കുണ്ട്. സ്ത്രീധനമായി കൊടുത്ത ഉത്രയുടെ സ്വര്‍ണാഭരണങ്ങളില്‍ പലതും കാണാനില്ലെന്ന പരാതിയും യുവതിയുടെ മാതാപിതാക്കള്‍ക്കുണ്ട്. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കാണിച്ചാണ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റൂറല്‍ എസ് പി ഹരിശങ്കര്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.

അതേസമയം, സൂരജ് ഉത്രയുടെ ബന്ധുക്കള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ഉത്രയുടെ സഹോദരനാണ് തന്റെ ഭാര്യയെ അപായപ്പെടുത്തിയതെന്നാണ് റൂറല്‍ എസ് പി ക്ക് നല്‍കിയ പരാതിയില്‍ സൂരജ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി വന്ന് ഒന്നര വയസുകാരന്‍ മകനെ ഉത്രയുടെ വീട്ടില്‍ നിന്നും സൂരജ് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.


Next Story

Related Stories