TopTop
Begin typing your search above and press return to search.

എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി; നിരാഹാര സമരം ആരംഭിച്ച് ഉദ്യോഗാര്‍ഥികള്‍

എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി; നിരാഹാര സമരം ആരംഭിച്ച് ഉദ്യോഗാര്‍ഥികള്‍

നിയമന വിവാദത്തില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെ എസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സമര പന്തലില്‍ എത്തി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു എംഎല്‍എമാര്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറിയത്. അതേസമയം ഇവര്‍ക്ക് പകരം യൂത്ത് കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരാഹാര സമരം തുടങ്ങും. റിജില്‍ മാക്കുറ്റി, നുസൂര്‍, റിയാസ് എന്നിവരാണ് നിരാഹാര സമരം നടത്തുക.

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം ആരംഭിച്ചത്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ 9 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഷാഫി പറമ്പിലും ശബരീനാഥനും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. എംഎല്‍എമാരുടെ ജീവന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കിയില്ല. സ്പീക്കറും തിരിഞ്ഞുനോക്കിയില്ല. മന്ത്രിമാരെ വിട്ട് ചര്‍ച്ച നടത്തേണ്ടതായിരുന്നു. മെഡിക്കല്‍ സംഘത്തെ പോലും അയച്ചില്ലെന്നും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രതിഷേധവും നടത്തി.

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി

നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം കടുപ്പിച്ച് പി എസ് സി ഉദ്യോഗാര്‍ഥികള്‍. ഇതിന്റെ ഭാഗമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. മനുസോമന്‍ ,ബിനീഷ്, ഒരു ഉദ്യോഗാര്‍ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്ചിതകാല നിരാഹാരം നടത്തുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇന്ന് ഉത്തരവായി ഇറങ്ങുമെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും, ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്ന് സമരക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.


Next Story

Related Stories