TopTop
Begin typing your search above and press return to search.

VIDEO| ലോകത്തെ അമ്പരപ്പിച്ച റോബര്‍ട്ടോ കാര്‍ലോസിന്റെ ഇടംകാല്‍ ഗോളിന് 24 വയസ്

VIDEO| ലോകത്തെ അമ്പരപ്പിച്ച റോബര്‍ട്ടോ കാര്‍ലോസിന്റെ ഇടംകാല്‍ ഗോളിന് 24 വയസ്

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ഗോളുകളിലൊന്ന് പിറന്നിട്ട് ഇന്ന് 24 വര്‍ഷമാകുന്നു. 1997ല്‍ ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിനായി റോബര്‍ട്ടോ കാര്‍ലോസാണ് ശാസ്ത്രസമൂഹത്തെപ്പോലും അമ്പരപ്പിച്ച ആ ഗോള്‍ നേടിയത്. കളിയുടെ 82ാം മിനുറ്റില്‍ 35 മീറ്റര്‍ അകലെനിന്ന് കാര്‍ലോസ് തൊടുത്ത ഷോട്ട് ഫ്രാന്‍സിന്റെ പ്രതിരോധ മതിലിനെ തൊടാതെ വളഞ്ഞ് പാഞ്ഞ് പോസ്റ്റിനെ ചുംബിച്ച് വലയില്‍ കയറുകയായിരുന്നു.

അന്നൊരു ജൂണ്‍ മൂന്നിന്, സ്റ്റേഡ് ഡെ ജെര്‍ലാന്‍ഡ് സ്റ്റേഡിയമാണ് അത്ഭുതഗോളിന്റെ പിറവിക്ക് സാക്ഷിയായത്. ഒരു ഫൗളിനെത്തുടര്‍ന്ന് ബ്രസീലിന് അനുകൂലമായി ഫ്രീ കിക്ക്. കിക്കെടുക്കാന്‍ എത്തിയത് ആറാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ കാര്‍ലോസ്. സിനദിന്‍ സിദാനും ദിദിയര്‍ ദെഷാംപ്സും മാര്‍സല്‍ ദെസൈലിയും പാട്രിക് വിയേരയും ഫ്രാന്‍സിന്റെ പ്രതിരോധ മതില്‍ ശക്തിപ്പെടുത്തി. പോസ്റ്റിനു താഴെ എന്തിനും തയ്യാറായി ഫാബിയാന്‍ ബര്‍ത്തെസ്. കിക്കെടുക്കാന്‍ കാര്‍ലോസ് തയ്യാറായിനിന്നു. സാധാരണയിലും രണ്ട് ചുവടുകള്‍കൂടി പിറകിലേക്കു മാറിയായിരുന്നു കാര്‍ലോസ് നിന്നത്. വിസില്‍ മുഴങ്ങിയപ്പോള്‍ ഓടിയെത്തിയ കാര്‍ലോസിന്റെ ഇടംകാല്‍ ഷോട്ട്. ഫ്രഞ്ച് പ്രതിരോധ നിരയെ തൊടാതെ, പുറത്തേക്കെന്ന് തോന്നിപ്പിച്ച് പാഞ്ഞ പന്ത് 45 ഡിഗ്രിയോളം വളഞ്ഞ് പോസ്റ്റിനെ ചുംബിച്ച് വലയിലേക്ക്. ഫാബിയാന്‍ ബര്‍ത്തെസ് മാത്രമല്ല, സ്‌റ്റേഡിയം ഒന്നാകെ അമ്പരന്നു, ഇതെങ്ങനെ സംഭവിച്ചു. പുറത്തേക്കെന്നു തോന്നിച്ച ഷോട്ട് കൈക്കലാക്കാന്‍ ബോള്‍ ബോയി ഉള്‍പ്പെടെ തയ്യാറായി നിന്നപ്പോഴാണ്, പന്ത് വളഞ്ഞു പോസ്റ്റില്‍ കയറിയത്.

കാര്‍ലോസിന്റെ ഗോളിനെക്കുറിച്ച് പല പഠനങ്ങള്‍ നടന്നു. പന്തിന്റെ തൂക്കവും ഷോട്ടിന്റെ കരുത്തും കാറ്റിന്റെ ദിശയമൊക്കെ തിട്ടപ്പെടുത്തി പല ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയെങ്കിലും ഇപ്പോഴുമത് അത്ഭുത ഗോളായി നിലനില്‍ക്കുന്നു. എന്നാല്‍, ആ ഗോള്‍ അവിചാരിതമായി പിറന്നതാണെന്നാണ് നാല് വര്‍ഷംമുമ്പ് കാര്‍ലോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇടംകാലിനെടുത്ത കിക്ക് ഗോള്‍ പോസ്റ്റില്‍നിന്ന് വളരേയേറെ അകലെ പുറത്തേക്കാണ് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ പെട്ടന്ന് കാറ്റ് വീശി പന്തിന്റെ ഗതിമാറി അത് വലയിലെത്തുകയായിരുന്നു. അതൊരു അത്ഭുതമായിരുന്നു എന്നാണ് കാര്‍ലോസ് തന്റെ ഗോളിനെക്കുറിച്ച് പറഞ്ഞത്.

എന്നാല്‍, ഫ്രീകിക്കുകള്‍ വെടിയുണ്ട പോലുള്ള ഷോട്ടുകളിലൂടെ വലയിലെത്തിക്കുന്ന താരത്തിന്റെ വാക്കുകളെ ആരും വിശ്വാസത്തിലെടുത്തില്ല. അതിന് കാരണവുമുണ്ടായിരുന്നു. 2019ല്‍ സമാനമായൊരു ഷോട്ട് എടുക്കുന്നതിന്റെ വീഡിയോ കാര്‍ലോസ് പങ്കുവെച്ചിരുന്നു. 46ാം വയസിലെ കാര്‍ലോസിന്റെ ആ ഷോട്ട് 1997ലെ ഗോളിനു സമാനമായ രീതിയില്‍ വളഞ്ഞുപുളഞ്ഞാണ് പാഞ്ഞത്. എന്നാല്‍ പോസ്റ്റില്‍ തട്ടി അത് പുറത്തേക്കുപോയെന്നുമാത്രം. അതിനാലാണ്, 1997ലെ ആ ഗോള്‍ കാറ്റ് സൃഷ്ടിച്ചതല്ല, കാര്‍ലോസ് അത്ഭുതമാണെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ വിശ്വസിക്കുന്നത്.


Next Story

Related Stories