Top

അഫീലിന്റെ ഓര്‍മ്മകള്‍ മായും മുമ്പേ സ്‌കൂള്‍ കായികമേളയില്‍ വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

അഫീലിന്റെ ഓര്‍മ്മകള്‍ മായും മുമ്പേ സ്‌കൂള്‍ കായികമേളയില്‍ വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോഴിക്കോട് റവന്യൂ സ്‌കൂള്‍ കായിക മേളയ്ക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ത്ഥിയുടെ കാലിനും കൈക്കും പരിക്കേറ്റു. മീഞ്ചന്ത ആര്‍ കെ മിഷന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.

അഞ്ച് കിലോ വിഭാഗത്തിലാണ് നിഷാന്‍ മത്സരിച്ചത്. എന്നാല്‍ ഏഴര കിലോയുടെ ഹാമറാണ് അധികൃതര്‍ മത്സരത്തിനായി എത്തിച്ചത്. എറിയുന്നതിനിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ത്ഥി കാല് തെറ്റി വീഴുകയായിരുന്നു. നിഷാന്റെ കൈവിരലിനും കാലിനും പരിക്കേറ്റു. ഹാമറിന്റെ ഭാരം അധികമായി തെറിച്ചുവീഴുകയായിരുന്നെന്ന് നിഷാന്‍ പറയുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആദ്യ റൗണ്ടില്‍ ഏഴര കിലോ എറിഞ്ഞിരുന്നു. രണ്ടാം റൗണ്ടില്‍ എറിയുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ആറ് കിലോയുടെ ഹാമര്‍ മാറ്റി അഞ്ചു കിലോയുടേത് എത്തിച്ചാണ് മത്സരം തുടര്‍ന്നത്.

പാലായില്‍ നടന്ന അത്‌ലറ്റിക്‌സ് മീറ്റിനിടെ ഹാമര്‍ തലയ്ക്ക് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണ്‍ മരിച്ചതിന്റെ ഓര്‍മ്മ മറയുന്നതിന് മുന്നേയാണ് പുതിയ അപകടം. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. ജാവലിന്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. ജാവലിന്‍ മത്സരത്തിന്റെ വൊളന്റിയറായിരുന്നു അഫീല്‍. ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ മൂന്ന് കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വീഴുകയായിരുന്നു.


Next Story

Related Stories