ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് തെന്‍ഡുല്‍ക്കറെ മുംബൈയിലെത്തിച്ചത്. സച്ചിന് ഉപദേശക സ്ഥാനത്തുള്ള മുംബൈ തന്നെ അര്‍ജുനെ സ്വന്തമാക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ സ്വജനപക്ഷപാതമാണ് അര്‍ജുനെ മുംബൈയിലെത്തിച്ചതെന്നും മുഷ്താഖ് അലി ടി20 ടൂര്ണമെന്റിലുള്പ്പെടെ കഴിവ് തെളിയിച്ച ഒത്തിരി താരങ്ങള്‍ പുറത്തുണ്ടെന്നും വിമര്‍ശനങ്ങള്‍ എത്തുകയാണ്.
വിഷയത്തില്‍ പ്രതികരിച്ച് മുംബൈ ഇന്ത്യന്‍സ് പരിശീലകനും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേള ജയവര്‍ധന രംഗത്തെത്തി. അര്‍ജുന്റെ കഴിവും മികവും അടിസ്ഥാനമാക്കിയാണ് ടീമിലെത്തിച്ചതെന്നാണ് ജയവര്‍ധന പ്രതികരിച്ചത്. ഞങ്ങള്‍ പൂര്‍ണ്ണമായും മികവ് അടിസ്ഥാനമാക്കിയാണ് ചെയ്തത്, സച്ചിന്റെ മകന് എന്നതുകൊണ്ട് തന്നെ അര്ജുന് അറിയപ്പെടുന്ന താരമാണ്, പക്ഷേ, ഭാഗ്യവശാല്‍, അവന് ഒരു ബൗളറാണ്, ഒരു ബാറ്റ്സ്മാനല്ല. അതിനാല്‍ അര്‍ജുനനെപ്പോലെ പന്തെറിയാന്‍ കഴിഞ്ഞാല്‍ സച്ചിന് അഭിമാനമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, ''ജയവര്‍ധനയെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ റിപോര്‍ട്ട് ചെയ്തു.
ഇത് അര്‍ജുനനെ സംബന്ധിച്ചിടത്തോളം ഒരു പഠന പ്രക്രിയയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം മുംബൈക്കായി കളിക്കാന്‍ തുടങ്ങുന്നതേയുള്ളു, അവന് ഇപ്പോള്‍ ചെറുപ്പമാണ്. വളരെ ശ്രദ്ധകേന്ദ്രീകരിച്ച ഒരു ചെറുപ്പക്കാരന്,' അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ അദ്ദേഹത്തിന് സമയം നല്‍കണം, മാത്രമല്ല അദ്ദേഹത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യരുത്. എല്ലാം അദ്ദേഹത്തിന്റേതായ രിതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കുക, അതിന് അദ്ദേഹത്തെ സഹായിക്കാന്‍ ഒപ്പമുണ്ടെന്നും ജയവര്‍ധന കൂട്ടിച്ചേര്‍ത്തു. നേരത്തെ ഐപിഎല്‍ 2020 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍ കൂടിയായിരുന്നു അര്ജുന്.
അര്‍ജുനോടൊപ്പം ഒരുപാട് സമയം നെറ്റ്സില്‍ ചെലവഴിച്ചിട്ടുണ്ട്, ബൗളിങിന് സഹായകമാകുന്ന ടിപ്സുകളടക്കം പറയുന്ന കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും നന്നായി കഠിനാധ്വാനം ചെയ്യുന്നയാളാണ് അര്‍ജുനെന്നും അത് തന്നെ ആവേശകരമായ കാര്യമാണെന്നും മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന് ഡയറക്ടറായ സഹീര്ഖാന് പറഞ്ഞു. സച്ചിന്റെ മകന് എന്ന നിലയില്‍ വല്ലാതെ സമ്മര്‍ദം അര്ജുന് മേലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്, ഷെയിന്‍ ബോണ്ട്, മഹേള തുടങ്ങിയ പരിശീലകര്‍ ക്യാമ്പിലുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗപ്പെടുത്താനാവും, വളര്‍ന്നുവരുന്ന ഒരു യുവ ക്രിക്കറ്ററാണ് അര്‍ജുനെന്നും മികച്ച പ്രകടനം പുറത്തെടുത്ത് കഴിവ് തെളിയിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും സഹീര്ഖാന് വ്യക്തമാക്കി. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ് അര്ജുന് തെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ സീസണില്‍ മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ പ്രതിനിധീകരിച്ച് അര്ജുന് രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു. മുംബൈയുടെ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.