TopTop
Begin typing your search above and press return to search.

ഓസീസ് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി; സിഡ്‌നിയില്‍ ഉറച്ച് നിന്ന് അശ്വിനും വിഹാരിയും, സമനില പിടിച്ച് ഇന്ത്യ

ഓസീസ് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി; സിഡ്‌നിയില്‍ ഉറച്ച് നിന്ന് അശ്വിനും വിഹാരിയും, സമനില പിടിച്ച് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനില പിടിച്ച് വാങ്ങി ഇന്ത്യ. അവസാന ദിനത്തില്‍ ഇന്ത്യയെ പുറത്താക്കി അനായാസം വിജയം നേടാമെന്ന് കരുതിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍. അശ്വിന്‍ എന്നിവരിലൂടെ ഇന്ത്യ പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഒരു ഓവര്‍ ബാക്കിയുള്ളപ്പോള്‍ ഇന്ത്യ അഞ്ചിന് 334 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിപ്പിക്കാന്‍ ഇരു ടീമും തീരുമാനിച്ചത്. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയില്‍ തുല്യരായിരിക്കുകയാണ്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 338 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 244ന് പുറത്തായിരുന്നു.

161 പന്തില്‍ 23 റണ്‍സുമായി ഹനുമ വിഹാരിയും 128 പന്തില്‍ 39 റണ്‍സുമായി അശ്വിനും പുറത്താകാതെ നിന്നു. ഇരുവരേയും പുറത്താക്കാന്‍ ഓസീസ് ബൗളിങ് നിര കിണഞ്ഞ് ശ്രമിച്ചെങ്കിലും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും പിടിച്ചു നിന്നതോടെയാണ് ഇന്ത്യ സമനില പിടിച്ചത്. നേരത്തെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ക്യാപ്റ്റന്‍ രഹാനെയെ (4) നഷ്ടമായതാണ്. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര - ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ത്യന്‍ സ്‌കോര്‍ 250-ല്‍ നില്‍ക്കെ പന്തിനെ മടക്കി നഥാന്‍ ലിയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 118 പന്തില്‍ നിന്ന് മൂന്നു സിക്സും 12 ഫോറുമടക്കം 97 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. നാലാം വിക്കറ്റില്‍ പൂജാര - പന്ത് സഖ്യം 148 റണ്‍സ് ചേര്‍ത്തു. 205 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത പൂജാരയെ ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ 89-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ഹനുമ വിഹാരി - അശ്വിന്‍ സഖ്യം ഓസീസ് ബൗളിങ് ആക്രമണത്തെ ശ്രദ്ധയോടെ നേരിട്ടതോടെ ഇന്ത്യ സമനില സ്വന്തമാക്കി.


Next Story

Related Stories