പ്രീമിയര്‍ ലീഗില്‍ വിജയ കുതിപ്പ് തുടരുന്ന ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചടി. അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ പരാജയപ്പെടുകയായിരുന്നു. ഏകപക്ഷിയമായ ഒരു ഗോളിനായിരുന്നു മാഡ്രിഡിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് വീണ് കിട്ടിയ അവസരം മുതലെടുത്ത സോള്‍ നിഗ്വസ് ആണ് അത്ലറ്റികോയുടെ വിജയഗോള്‍ നേടിയത്.
ഗോള്‍ വഴങ്ങിയ ശേഷം ഗോള്‍ തിരിച്ച് അടിക്കാന്‍ ലിവര്‍പൂള്‍ ശ്രമിച്ചെങ്കിലും അത്ലറ്റികോയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. 2020 ലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ ആയി സോളിന്റെ ഗോള്‍, സോള്‍ ഗോള്‍ നേടിയ മത്സരങ്ങളില്‍ അത്ലറ്റികോ ഇതുവരെ തൊറ്റിട്ടില്ല. മത്സരത്തില്‍ 72 ശതമാനം സമയവും ബോള്‍ കൈവശം വച്ചിട്ടും ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പാഴിക്കാന് ലിവര്‍പൂളിന് ആയില്ല. അതിനിടയില്‍ ലഭിച്ച അര്‍ദ്ധ അവസരങ്ങള്‍ സലായും, ഹെന്റേഴ്സനും പാഴാക്കി. മറുവശത്ത് ആവട്ടെ ലീഡ് ഉയര്‍ത്താനുള്ള അവസരം മൊറാറ്റ കളഞ്ഞു കുളിച്ചു.
മത്സരത്തില്‍ അത്ലറ്റികോ താരങ്ങള്‍ പൊരുതിയപ്പോള്‍ ലിവര്‍പൂള്‍ നിസഹായരായി. ഇതിനിടയില്‍ സാദിയോ മാനെ രണ്ടാം മഞ്ഞ കാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ടത് അവര്‍ക്ക് ആശ്വാസിക്കാം. മാര്‍ച്ച് 12 നു ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാം പാദമത്സരത്തില്‍ തിരിച്ചു വരാനാകും ലിവര്‍പൂള്‍ ശ്രമം. സ്വന്തം മൈതാനത്ത് സീസണില്‍ തോല്‍വി വഴങ്ങാത്ത അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഇത് വരെ ക്ലോപ്പിന് കീഴില്‍ രണ്ട് പാദമത്സരങ്ങള്‍ തോറ്റിട്ടില്ല എന്ന വസ്തുതയും ആത്മവിശ്വാസം പകരും.