അടുത്തവര്‍ഷം ആദ്യം ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ രണ്ടു ഡേ/നൈറ്റ് ടെസ്റ്റുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാല്‍ ഇന്ത്യയുമായി പിങ്ക്-ബോള്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് അഭികാമ്യമല്ലെന്ന നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ഇയാന്‍ ചാപ്പല്‍. ജനുവരിയില്‍ ഇന്ത്യയുമായി ഡേ - നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച്് ക്രിക്കറ്റ് ഓസ്ട്രേലിയ ബിസിസിഐയെ സമീപിക്കാന്‍ ഇരിക്കെയാണ് മുന്‍ താരത്തിന്റെ നിര്‍ദ്ദേശം എത്തിയത്.
ഇന്ത്യയുമായി ഓസീസ് ഡേ - നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതിനെ കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിക്കണമെന്നാണ് മുന്‍ താരം ഇയാന്‍ ചാപ്പല്‍ ഓസീസിനു നല്കുന്ന നിര്‍ദ്ദേശം. ഇന്ത്യയുടെ നിലവിലെ ബൗളിംഗ് കരുത്തുറ്റതാണ് മാത്രവുമല്ല ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന കോഹ്ലിയുടെ നായകത്വവും ഇന്ത്യക്ക് മുന്‍ തൂക്കം നല്‍കുന്നുണ്ടെന്നാണ് ചാപ്പലിന്റെ പക്ഷം. ക്രിക് ഇന്‍ഫോയിലെഴുതിയ ലേഖനത്തിലാണ് ചാപ്പല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. 'കഴിഞ്ഞ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സമ്മര്‍ സീസണില്‍ കോഹ്ലിക്ക് ഓസ്ട്രേലിയയില്‍ മികച്ച വെല്ലുവിളി നേരിടേണ്ടി വന്നേക്കാം.പക്ഷെ ഇന്ത്യയുമായുള്ള ഈ മത്സരം ഓസ്ട്രേലിയയ്ക്ക് നേട്ടമാകുമെന്ന് കരുതുന്നില്ല. കാരണം ഇന്ത്യയ്ക്ക് ശക്തമായ ബൗളിംഗ് ആക്രമണ നിരയുണ്ട് ഓസിസിന് തിരിച്ചടി പ്രതീക്ഷിക്കാം.ലോകത്തെവിടെയും ക്യാപ്റ്റന്‍സിയില്‍ താന്‍ സമര്‍ത്ഥനാണെന്ന് കോഹ്ലി ഇതിനകം തെളിയിച്ചിട്ടുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ ഓസീസ്- ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റിനു സാധ്യതകളുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് ഗാംഗുലി പ്രതികരിച്ചത്.