ബാഴ്സലോണയില്‍ ലയണല്‍ മെസിയെ പിടിച്ച് നിര്‍ത്താന്‍ ക്ലബ് വമ്പന്‍ ഓഫറുകള്‍ നിരത്തുന്നതായി റിപോര്‍ട്ടുകള്‍. ക്ലബ്ബ് മാനേജ്മെന്റും മെസിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്തു വന്ന ശേഷം താരം ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സൂപ്പര്‍ താരത്തെ എന്ത് വില കൊടുത്തും നിലനിര്‍ത്താന്‍ പുത്തര് പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. നേരത്തെ ബാഴ്സലോണ സ്പോര്‍ട്ടിങ് ഡയറക്ടറും മുന്‍ താരവുമായിരുന്ന എറിക് അബിദാലിനെതിരായ പരസ്യമായി വിമര്‍ശനങ്ങളും ചില പരാമര്‍ശങ്ങളും ഉന്നയിച്ചാണ് മെസി രംഗത്തെത്തിയത്. താരങ്ങള്‍ക്കെതിരെ അബിദാല്‍ നടത്തിയ ഒരു പ്രസ്താവനയാണ് മെസിയുടെ വിമര്‍ശനങ്ങള്‍ക്ക് ആധാരമായത്. പരസ്യമായി പൊട്ടിത്തെറിച്ചാണ് മെസി രംഗത്തെത്തിയത്. പിന്നാലെയാണ് ക്ലബ്ബിലെ മെസിയുടെ ഭാവി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ നിലവില്‍ പ്രശ്നങ്ങളെല്ലാം കെട്ടടങ്ങിയെന്നും റിപോര്‍ട്ടുകളുണ്ട്.
പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത് മുതല്‍ ലയണല്‍ മെസി ബാഴ്സലോണയ്ക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്. മറ്റൊരു ടീമിലേക്ക് മാറുന്നതിനെ കുറിച്ച് താരം ചിന്തിച്ചിട്ടുമില്ല. എന്നാല്‍ ഇയിടെയായി ഉണ്ടായ പ്രശ്നങ്ങള്‍ ടീമിന് വലിയ ദോഷം ചെയ്തിട്ടുണ്ട്. എന്തു സാഹചര്യം ഉണ്ടായാലും മെസിയെ കൈവിട്ട് കൊണ്ടുള്ള ഒരു നീക്കം നടത്താന്‍ ബാഴ്സയ്ക്ക് സാധിക്കില്ല. മെസിയുടെ സാന്നിദ്ധ്യം മാത്രമാണ് ബാഴ്സലോണയെ സാമ്പത്തികമായി ഇപ്പോഴും താങ്ങി നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ താരത്തെ നഷ്ടപ്പെടുത്തിയാല്‍ ബാഴ്സലോണയ്ക്ക് തിരിച്ചടിയുണ്ടാക്കും. അതുകൊണ്ട് ഒരു വമ്പന്‍ ഓഫര്‍ തന്നെയാണ് ബാഴ്സലോണ മെസിക്ക് വേണ്ടി മുന്നോട്ട് വെക്കുന്നത്. വര്‍ഷം 50 മില്യണ്‍ യൂറോ വേതനമായി ലഭിക്കുന്ന തരത്തിലുള്ള പുതിയ കരാറാകും മെസിക്കായി ക്ലബ് നല്‍കുക. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 400 കോടിയില്‍ അധികം വരും ഈ തുക. ഇതോടൊപ്പം 2023വരെ നീണ്ടു നില്‍ക്കുന്നതാകും ഈ കരാര്‍. പുതിയ കരാര്‍ മെസി അംഗീകരിക്കും എന്നാണ് ക്ലബിന്റെ പ്രതീക്ഷ.