TopTop
Begin typing your search above and press return to search.

27 വര്‍ഷം മുമ്പുള്ള ഉടമ്പടി; ബ്രിട്ടന്‍ കൈമാറുന്ന ആദ്യ കുറ്റവാളിയാണ് വാതുവെപ്പ് കേസിലെ പ്രതി സഞ്ജീവ് ചൗള

27 വര്‍ഷം മുമ്പുള്ള ഉടമ്പടി; ബ്രിട്ടന്‍ കൈമാറുന്ന ആദ്യ കുറ്റവാളിയാണ് വാതുവെപ്പ് കേസിലെ പ്രതി സഞ്ജീവ് ചൗള

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ ഉള്‍പ്പെട്ട വാതുവെപ്പ് കേസിലെ പ്രതി സഞ്ജീവ് ചൗളയെ (50) ബ്രിട്ടന്‍ ഇന്ത്യയ്ക്കു കൈമാറി. ബ്രിട്ടന്‍ ആദ്യമായാണ് ഇത്തരമൊരു സുപ്രധാന കേസിലെ പ്രതിയെ കൈമാറുന്നത്. ഡല്‍ഹി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യംചെയ്യാനായി രണ്ടാഴ്ചയാണ് പോലീസ് ആവശ്യപ്പെട്ടത്. ലണ്ടനില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം ചൗളയുമായി വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വാതുവെപ്പെന്നാണ് ചൗളയുള്‍പ്പെട്ട കേസ് അറിയപ്പെടുന്നത്. 2000 ല്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം നടത്തിയ ഒത്തുകളിയില്‍ സുപ്രധാന കണ്ണിയാണ് ചൗളയെന്നാണ് നിഗമനം. 2016 ല്‍ ജൂണില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലാണ്. 1992 ല്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പിട്ടതിനു ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ കേസാണ് ചൗളയുടേത്. ഉടമ്പടി ഒപ്പുവെച്ചതിനുശേഷം ആദ്യമായാണ് ഇത്രയേറെ പ്രധാന്യമുള്ള കേസിലെ പ്രതിയുടെ കൈമാറ്റം ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നത്. കൈമാറ്റം തടയാന്‍ ചൗള യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞയാഴ്ച ഈ അപേക്ഷ തള്ളി. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഇയാള്‍ 1996-ലാണ് ഇംഗ്ലണ്ടില്‍ ബിസിനസ് വിസയിലെത്തിയത്. കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് 2000 ല്‍ ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കി. 2005 ല്‍ ഇയാള്‍ ബ്രിട്ടിഷ് പൗരത്വം നേടി.

കേസില്‍ ദില്ലി പോലീസ് 2013ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സിക്രോണ്യേയുടെ പേര് കുറ്റപത്രത്തിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മരിച്ചതോടെ നടപടികള്‍ ഒഴിവാക്കുകയായിരുന്നു. ഹെര്‍ഷല്‍ ഗിബ്‌സ്, നിക്കി ബോജെ എന്നിവരുടെ പേരുകളും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2002ലെ വിമാനാപകടത്തില്‍ മരണമടഞ്ഞ ക്രോണ്യേക്കെതിരായ നടപടികള്‍ റദ്ദാക്കിയതായി 93 പേജുള്ള കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി. സഞ്ജീവ് ചൗള, രാജേഷ് കല്‍റ, മന്‍മോഹന്‍ ഖട്ടാര്‍, സുനില്‍ ദാര എന്ന ബിട്ടു, ടി-സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരന്‍ കിഷന്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഐപിസി സെക്ഷന് കീഴില്‍ ക്രിമിനല്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്.

Next Story

Related Stories