TopTop
Begin typing your search above and press return to search.

ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും പങ്കെടുക്കില്ലെന്ന് അറിയിച്ച് കാനഡ

ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും പങ്കെടുക്കില്ലെന്ന് അറിയിച്ച് കാനഡ

കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്യോ ഒളിമ്പിക്‌സിലേക്ക് താരങ്ങളെ അയക്കില്ലെന്ന് വ്യക്തമാക്കി കാനഡ. ഒളിമ്പിക്സ് മാറ്റിവെച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് ഒളിമ്പിക്സില്‍ പങ്കെടുക്കില്ലെന്ന് കാനഡ പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നും കാനഡ ആവശ്യപ്പെട്ടു. ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് കാനഡ.

കോവിഡ്-19 നെ തുടര്‍ന്ന് ഒളിമ്പിക്സിലും പാരാലിമ്പിക്സിലും കാനഡ ടീം പങ്കെടുക്കില്ലെന്ന് കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റിയും (സി.ഒ.സി) കനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും (സി.പി.സി) ഞായറാഴ്ചയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. അത്ലറ്റുകളുടെയും ലോകത്തിലെ ജനങ്ങളുടെയും സുരക്ഷയേക്കാളും ആരോഗ്യത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കായിക താരങ്ങളെ മാത്രം പരിഗണിച്ചല്ല ഈ തീരുമാനം. ലോക ജനതയെ കൂടി പരിഗണിച്ചാണ്. കായികമേഖലേക്കാള്‍ പ്രാധാന്യമുള്ളതാണ് ലോകം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ഒളിമ്പിക്സ് റദ്ദാക്കണമെന്ന ആവശ്യത്തോട് ഭരണസമിതി യോജിക്കുന്നില്ലെന്നും എന്നാല്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാച്ച് വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സിന് നാലു മാസങ്ങള്‍ മാത്രം ശേഷിക്കെ ഗെയിംസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദമാണ് വിവിധ അത്ലറ്റുകളില്‍ നിന്നും ഫെഡറേഷനുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഐ.ഒ.സി നേരിടുന്നത്. 2020 ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ ജപ്പാനിലെ ടോക്യോവിലാണ് ഒളിമ്പിക്‌സ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.


Next Story

Related Stories