ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റോഡ്രിഗോയുടെ ഹാട്രിക്ക് കരുത്തില്‍ ഗലറ്റ്സരെക്കെതിരെ റയല്‍മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം. ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ പി.എസ്.ജിക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. റയല്‍ മാഡ്രിഡിന് വേണ്ടി റോഡ്രിഗോ ഹാട്രിക് നേടിയപ്പോള്‍ രണ്ട് ഗോള്‍ നേടികൊണ്ട് ബെന്‍സേമയും പെനാല്‍റ്റി ഗോളാക്കിയ റാമോസും റയലിനായി ലക്ഷ്യം കണ്ടു. മത്സരത്തില്‍ ഹാട്രിക് നേടിയ റോഡ്രിഗോ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി. റയല്‍ മാഡ്രിഡ് ഇതിഹാസമായ റൗള്‍ ആണ് ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.
മറ്റൊരു മത്സരത്തില്‍ അറ്റ്ലാന്റയ്ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങി. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. രണ്ടാം പകുതിയില്‍ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് സിറ്റി മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിയില്‍ പരിക്കേറ്റ ഗോള്‍കീപ്പര്‍ എഡേഴ്സണ് പകരം ബ്രാവോ സിറ്റിക്ക് വേണ്ടി ഇറങ്ങി. എന്നാല്‍ ബ്രാവോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന പത്ത് മിനിറ്റ് കെയ്ല്‍ വക്കറാണ് സിറ്റിയുടെ വല കാത്തത്.
ആദ്യ പകുതിയില്‍ സ്റ്റെര്‍ലിങ്ങിന്റെ ബാക് ഹീലില്‍ നിന്ന് കിട്ടിയ പന്ത് ഗോളാക്കി സ്റ്റെര്‍ലിങ്ങ് ആണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. പിന്നീട് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം സിറ്റിക്ക് ലഭിച്ചെങ്കിലും ജെസൂസ് പെനാല്‍റ്റി പുറത്തേക്കടിച്ചു കളഞ്ഞു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഹെഡറിലൂടെ പാസാലിച്ച് അറ്റ്ലാന്റയുടെ സമനില ഗോള്‍ നേടി.
അതേസമയം ബയര്‍ ലെവര്കൂസന് ഒന്നിനെതിരേ രണ്ട് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. 41-ാം മിനിറ്റില്‍ തോമസ് പാര്ട്ടേയുടെ സെല്‍ഫ് ഗോളിലൂടെ ബയര്‍ മുന്നിലെത്തി. 55-ാം മിനിറ്റില്‍ കെവിന് വൊല്ലാണ്ട് ബയറിന്റെ ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിലായിരുന്നു അത്ലറ്റിക്കോ ഒരു ഗോള്‍ തിരിച്ചടിച്ചത്. അല്‍വാരൊ മൊറാട്ടയകണ് ലക്ഷ്യം കണ്ടത്.