TopTop
Begin typing your search above and press return to search.

നിര്‍ണായക മത്സരത്തില്‍ ദീപക് ഹൂഡ (62*) പഞ്ചാബിന്റെ രക്ഷകനായി; ചെന്നൈക്ക് 154 റണ്‍സ് വിജയലക്ഷ്യം

നിര്‍ണായക മത്സരത്തില്‍ ദീപക് ഹൂഡ (62*) പഞ്ചാബിന്റെ രക്ഷകനായി; ചെന്നൈക്ക് 154 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നല്ല തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ പഞ്ചാബിനെ അര്‍ധ സെഞ്ച്വറി നേടിയ ദീപക് ഹൂഡയാണ് (62*) ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കെ.എല്‍ രാഹുലും മയാങ്ക് അഗര്‍വാളും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇരുവരും കളിവേഗം കണ്ടെത്തിയെങ്കിലും ടീം ടോട്ടല്‍ 48ല്‍ എത്തിനില്‍ക്കെ ആറാം ഓവറില്‍ ലുംഗി എന്‍ഗിഡി മയാങ്കിന്റെ കുറ്റി തെറിപ്പിച്ചു. 15 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 26 റണ്‍സാണ് മയാങ്ക് നേടിയത്. പിന്നാലെ ക്രിസ് ഗെയില്‍ എത്തിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ ഗെയിലിന്റെ നിഴല്‍ മാത്രമായിരുന്നു കളിക്കളത്തില്‍ കണ്ടത്. ഒമ്പതാം ഓവറില്‍ 27 പന്തില്‍ 29 റണ്‍സെടത്ത രാഹുലിനെയും എന്‍ഗിഡി മടക്കി. മധ്യനിരയുടെ പ്രതീക്ഷയായ നിക്കോളാസ് പൂരാനും അധികം വൈകാതെ കൂടാരം കയറി. ആറ് പന്തില്‍ രണ്ട് റണ്‍സെടുത്ത പൂരാനെ താക്കൂര്‍ ധോനിയുടെ കൈകളിലെത്തിച്ചു. താളം കണ്ടെത്താനാവാതെ വലഞ്ഞ ഗെയിലിനൊപ്പം മന്‍ദീപ് സിംഗ് ക്രീസിലെത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. 19 പന്തില്‍ 12 റണ്‍സെടുത്ത ഗെയില്‍ താഹിറിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ഏറെ കരുതലോടെ ആക്രമിച്ചു കളിച്ചു. എന്നാല്‍ നല്ലൊരു കൂട്ടുകെട്ട് നല്‍കാന്‍ മന്‍ദീപിന് സാധിച്ചില്ല. 15 പന്തില്‍ 14 റണ്‍സെടുത്ത് മന്‍ദീപ് രവീന്ദ്ര ജഡേജക്ക് വിക്കറ്റുകൊടുത്ത് മടങ്ങി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് ജയിംസ് നീഷാമും മടങ്ങിയെങ്കിലും ഒരറ്റത്ത് സ്‌ട്രൈക്ക് ഏറ്റെടുത്ത് ദീപക് രക്ഷകനായി. 30 പന്തില്‍ 62 റണ്‍സെടുത്ത ദീപക് മൂന്ന് ബൗണ്ടറിയും നാല് സിക്‌സും നേടി പുറത്താകാതെ നിന്നു. അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത ക്രിസ് ജോര്‍ദാനായിരുന്നു അവസാന ഓവറുകളില്‍ ദീപക്കിന്റെ കൂട്ട്. ചെന്നൈ നിരയില്‍ എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി. താക്കൂര്‍, താഹിര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.


Next Story

Related Stories