ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ തച്ചുടച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഏറെ നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബ് മുന്നോട്ടുവെച്ച 154 റണ്‍സെന്ന ചെറിയ ലക്ഷ്യം 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഇതോടെ, പ്ലേ ഓഫില്‍നിന്ന് ആദ്യം പുറത്തായ ചെന്നൈ മടക്കയാത്രയില്‍ പഞ്ചാബിനും സീറ്റ് തരപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക് വാദാണ് ആശ്വാസജയത്തിലേക്ക് ചെന്നൈയ്ക്ക് കരുത്തായത്.
ചെറിയ ലക്ഷ്യത്തിലേക്കുള്ള തുടക്കം ചെന്നൈ ഗംഭീരമാക്കി. ഋതുരാജിനൊപ്പം ഫാഫ് ഡുപ്ലെസിസും അടിച്ചുകസറി. പത്താം ഓവറില്‍ 82 റണ്‍സിലാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. 34 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 48 റണ്‍സ് അടിച്ചുകൂട്ടിയ ഡുപ്ലെസിസിനെ ക്രിസ് ജോര്‍ദാന്‍ കീപ്പര്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ അമ്പാട്ട് റായിഡുവുമായി ചേര്‍ന്ന് ഋതുരാജ് ചെന്നൈയെ വിജയതീരമണച്ചു. 38 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട ഋതുരാജ് 49 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെയാണ് 62 റണ്‍സെടുത്തത്. റായിഡു 30 പന്തില്‍ നിന്ന് 30 റണ്‍സും നേടി.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ലുംഗി എന്‍ഗിഡിയുടെ ബൗളിംഗ് ആക്രമണത്തില്‍ വീണുപോയെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ ദീപക് ഹൂഡയാണ് (62*) ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കെ.എല്‍ രാഹുലും മയാങ്ക് അഗര്‍വാളും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇരുവരും കളിവേഗം കണ്ടെത്തിയെങ്കിലും ടീം ടോട്ടല്‍ 48ല്‍ എത്തിനില്‍ക്കെ ആറാം ഓവറില്‍ ലുംഗി എന്‍ഗിഡി മയാങ്കിന്റെ കുറ്റി തെറിപ്പിച്ചു. 15 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 26 റണ്‍സാണ് മയാങ്ക് നേടിയത്. പിന്നാലെ ക്രിസ് ഗെയില്‍ എത്തിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ ഗെയിലിന്റെ നിഴല്‍ മാത്രമായിരുന്നു കളിക്കളത്തില്‍ കണ്ടത്. ഒമ്പതാം ഓവറില്‍ 27 പന്തില്‍ 29 റണ്‍സെടത്ത രാഹുലിനെയും എന്‍ഗിഡി മടക്കി. മധ്യനിരയുടെ പ്രതീക്ഷയായ നിക്കോളാസ് പൂരാനും അധികം വൈകാതെ കൂടാരം കയറി. ആറ് പന്തില്‍ രണ്ട് റണ്‍സെടുത്ത പൂരാനെ താക്കൂര്‍ ധോനിയുടെ കൈകളിലെത്തിച്ചു. താളം കണ്ടെത്താനാവാതെ വലഞ്ഞ ഗെയിലിനൊപ്പം മന്ദീപ് സിംഗ് ക്രീസിലെത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. 19 പന്തില്‍ 12 റണ്‍സെടുത്ത ഗെയില്‍ താഹിറിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ഏറെ കരുതലോടെ ആക്രമിച്ചു കളിച്ചു. എന്നാല്‍ നല്ലൊരു കൂട്ടുകെട്ട് നല്കാന് മന്ദീപിന് സാധിച്ചില്ല. 15 പന്തില്‍ 14 റണ്‍സെടുത്ത് മന്ദീപ് രവീന്ദ്ര ജഡേജക്ക് വിക്കറ്റുകൊടുത്ത് മടങ്ങി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് ജയിംസ് നീഷാമും മടങ്ങിയെങ്കിലും ഒരറ്റത്ത് സ്ട്രൈക്ക് ഏറ്റെടുത്ത് ദീപക് രക്ഷകനായി. 30 പന്തില്‍ 62 റണ്‍സെടുത്ത ദീപക് മൂന്ന് ബൗണ്ടറിയും നാല് സിക്സും നേടി പുറത്താകാതെ നിന്നു. അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത ക്രിസ് ജോര്‍ദാനായിരുന്നു അവസാന ഓവറുകളില്‍ ദീപക്കിന്റെ കൂട്ട്. ചെന്നൈ നിരയില്‍ എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി. താക്കൂര്‍, താഹിര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.