TopTop
Begin typing your search above and press return to search.

ആറുമാസത്തിനിടെ മൂന്നു പ്രധാന കിരീടങ്ങള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലീഷ് ടീം

ആറുമാസത്തിനിടെ മൂന്നു പ്രധാന കിരീടങ്ങള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലീഷ് ടീം

ഫിഫ ക്ലബ് ലോകകപ്പില്‍ കിരീടം ചൂടിയതോടെ ഫുട്‌ബോള്‍ ലോകത്ത് ലിവര്‍പൂളിന് കൈയ്യടിക്കുകയാണ് ആരാധകര്‍. 2019 വര്‍ഷം ക്ലബിന്റെ ചരിത്രത്തിലെ മികച്ച വര്‍ഷമായിരുന്നു. രാജ്യാന്തര ക്ലബ് ഫുട്ബോളില്‍ ഇക്കുറി ഹാട്രിക് കിരീടം സ്വന്തമാക്കിയ ടീം ആറുമാസത്തിനിടെയാണ് മൂന്നു പ്രധാന കിരീടങ്ങള്‍ എന്ന നേട്ടത്തിലെത്തിയത്. ജൂണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം. ആഗസ്തില്‍ യുവേഫ സൂപ്പര്‍ കപ്പ്, ഇപ്പോള്‍ ക്ലബ് ലോകകപ്പും. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമെല്ലാം തിരിച്ചടികളില്‍ നേരിട്ടപ്പോഴാണ് ലിവര്‍പൂള്‍ ആദ്യമായി ഫിഫ ക്ലബ് ലോകകപ്പ് കീരീടം ചൂടിയിരിക്കുന്നത്.

ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 10 പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനത്ത്. ഒരു മത്സരം കുറവുമാണ് ലിവര്‍പൂളിന്. 'ഇതൊരു മനോഹര രാത്രി' എന്നായിരുന്നു ക്ലബ് ലോകകപ്പ് കിരീടത്തിനുശേഷം ക്ലോപ്പിന്റെ പ്രതികരണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍മാരായ ഫ്ളെമംഗോയെ അധികസമയത്തായിരുന്നു ലിവര്‍പൂള്‍ കീഴടക്കിയത്. റോബര്‍ട്ടോ ഫിര്‍മിനോ ജയമൊരുക്കി.'മത്സരം കടുത്തതായിരുന്നു. തീവ്രത അത്രയുമുണ്ടായിരുന്നു. ഈ നിമിഷം എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഈ കുട്ടികള്‍ക്ക് ബഹുമാനം ഞാനിവിടെ രേഖപ്പെടുത്തുന്നു'-

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കടുത്ത പോരാട്ടം നടത്തിയാണ് ലിവര്‍പൂള്‍ പിന്‍വാങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബാഴ്സലോണയെ സെമിയില്‍ തുരത്തി. ഫൈനലില്‍ ടോട്ടനം ഹോട്സ്പറിനെയും കീഴടക്കി. സൂപ്പര്‍ കപ്പില്‍ ചെല്‍സിയെയാണ് വീഴ്ത്തിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ സംഘമുണ്ട് ക്ലോപ്പിന്. മുന്നേറ്റത്തില്‍ മുഹമ്മദ് സലായും മാനെയും ഫിര്‍മിനോയും. പ്രതിരോധത്തില്‍ വിര്‍ജില്‍ വാന്‍ ഡിക്ക്. കൂട്ടിന് ആന്‍ഡ്രൂ റോബര്‍ട്ണസും ട്രെന്റ് അലെക്സാണ്ടര്‍ ആര്‍ണോള്‍ഡും. ഗോള്‍ വലയ്ക്കുമുന്നില്‍ അലിസണ്‍ ബെക്കര്‍. ക്ലോപ്പിനുകീഴില്‍ കുതിപ്പ് ഇനിയും തുടരും ലിവര്‍പൂള്‍.

ദോഹയില്‍ എളുപ്പമായിരുന്നില്ല ലിവര്‍പൂളിന്. ഫൈനലില്‍ ബ്രസീല്‍ ക്ലബ് ഫ്‌ലെമെംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. ചാമ്പ്യന്‍സ് ലീഗ് കിരീടജേതാക്കളെ പേടിക്കാതെ പൊരുതിയ ഫ്‌ലെമംഗോ പലപ്പോഴും ചെമ്പയെ ഞെട്ടിച്ചു. എന്നാല്‍ ഒരു ബ്രസീലുകാരന്‍ ബ്രസീലില്‍ നിന്നെത്തിയ ഫ്‌ലെമെഗോയുടെ കഥ കഴിച്ചു. റോബര്‍ട്ടോ ഫിര്‍മിനോയുടെ ഈയൊരു ഗോള്‍ മാത്രമായിരുന്നു ഇരുടീമുകളും തമ്മിലുള്ള അകലം. ഗോള്‍പിറക്കാത്ത ഇരുപകുതിക്കും ശേഷം അധികസമയത്തിന്റെ 99-ാം മിനുട്ടിലായിരുന്നു ഫിര്‍മിനോയുടെ വിജയഗോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമാണ് ലിവര്‍പൂള്‍. സ്റ്റീവന്‍ ജെറാദുള്‍പ്പെടെയുള്ള വിഖ്യാത താരങ്ങള്‍ക്ക് സാധിക്കാത്തത് ക്ലോപ്പിന്റെ കുട്ടികള്‍ നേടി. ഇത്തവണ ചാമ്പ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും കയ്യിലെടുത്ത ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടപോരാട്ടത്തിലും മുന്നിലാണ്.

Next Story

Related Stories