TopTop
Begin typing your search above and press return to search.

കൊറോണ; ആളനക്കമില്ലാതെ ഗാലറികള്‍, ലോകകായിക മത്സരങ്ങള്‍ ഉപേക്ഷിച്ചു, ഐപിഎലിനും തിരിച്ചടി

കൊറോണ; ആളനക്കമില്ലാതെ ഗാലറികള്‍, ലോകകായിക മത്സരങ്ങള്‍ ഉപേക്ഷിച്ചു, ഐപിഎലിനും തിരിച്ചടി

നൂറോളം രാജ്യങ്ങളിലായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ലോകകായിക മത്സരങ്ങളെ ബാധിച്ചിരിക്കുകയാണ്. ഒളിമ്പിക്‌സും യൂറോ കപ്പും ഇറ്റാലിയന്‍ ലീഗ്, പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ഇന്ത്യയില്‍ ഐപിഎല്‍, ഇന്ത്യ -സൗത്താഫ്രിക്ക ക്രിക്കറ്റ് മത്സരം, ഐഎസ്എല്‍, രഞ്ജി ട്രോഫി എന്ന് വേണ്ട ചെറുതും വലുതുമായ എല്ലാ മത്സരങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ വര്‍ഷം നടക്കേണ്ട വലിയ കായിക മാമാങ്കങ്ങളുടെയെല്ലാം നടത്തിപ്പു തന്നെ ആശങ്കയിലാഴ്ത്തിയാണ് കൊറോണ പടരുന്നത്. ഷൂട്ടിംഗ് ലോകകപ്പുള്‍പ്പെടെ പല ടൂര്‍ണമെന്റുകളും ഇതിനകം റദ്ദാക്കി കഴിഞ്ഞു. പല ഫുട്ബാള്‍ ലീഗുകളും അടച്ച സ്‌റ്റേഡിയത്തിലാണ് നടത്തുന്നത്.

കൊറോണ കാര്യമായി ബാധിച്ച ഇറ്റലിയില്‍ മുഴുവന്‍ കായികമത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ റദ്ദാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. സീരി എ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള പ്രധാന ചാംപ്യന്‍ഷിപ്പുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തി. കൊറോണ വൈറസ് കാരണം രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കേണ്ട റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരവും ലിയോണും യുവന്റസും തമ്മിലുള്ള മത്സരവുമാണ് ഉപേക്ഷിച്ചത്. യുവന്റസ് ക്ലബും റയല്‍ മാഡ്രിഡ് ക്ലബും ഇപ്പോള്‍ കൊറോണ കാരണം നിരീക്ഷണത്തിലാണ്. യുവന്റസില്‍ പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ഇതിനൊപ്പം ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തിലാണ്. റയല്‍ മാഡ്രിഡ് ക്ലബില്‍ അവരുടെ ബാസ്‌കറ്റ്‌ബോള്‍ താരത്തിനാണ് വൈറസ് സ്ഥിതീകരിച്ചത്. ഇത് കാരണം റയല്‍ മാഡ്രിഡ് പരിശീലനം ഉള്‍പ്പെടെ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ മത്സരങ്ങള്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗുമെല്ലാം ഒരു മാസത്തേക്ക് നിര്‍ത്തിവെക്കുന്നത് യുവേഫ ആലോചിക്കുകയാണ്. നാളെ ഇതു സംബന്ധിച്ച് തീരുമാനം വന്നേക്കും.

കൊറോണ ഭീതിയില്‍ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാ ലിഗ ഭരണസമിതിയുടെ തീരുമാനം. സ്പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളിലെ മത്സരം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം വന്നിരുന്നു.ഫ്രാന്‍സില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇംഗ്ലണ്ടിലും ജര്‍മനിയിലും ഫുട്ബോള്‍ ലീഗുകളുടെ കാര്യത്തില്‍ ഉടന്‍ അത്തരം തീരുമാനം ഉണ്ടായേക്കും. കൊറോണ ഭീതിയില്‍ യൂറോ കപ്പിന്റെ ഭാവിയെ കുറിച്ച് പരിശോധിക്കാന്‍ യു.ഫേ.ഫ എല്ലാ ഫുട്ബോള്‍ അസോസിയേഷനുകളുടെയും നിര്‍ണായക യോഗം വിളിച്ചു. യൂറോ കപ്പ് അടുത്ത വര്‍ഷം നടത്തുക എന്നത് അടക്കമുള്ള സകല സൂചനകളും ചര്‍ച്ചയില്‍ പരിശോധിക്കപ്പെടും. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നടക്കാനിരുന്ന യൂറോ കപ്പിന് വലിയ ഭീഷണി ആണ് നിലവിലെ യൂറോപ്പിലെ കൊറോണ വൈറസ് മൂലമുള്ള അപകടകരമായ സാഹചര്യം ഉയര്‍ത്തുന്നത്. കൊറൊണയെ ഇനിയും തടയാനായില്ലെങ്കില്‍ യൂറോപ്പില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്ന സാഹചര്യമുണ്ടാവാന്‍ സാധ്യതയേറെയാണ്.

ആഴ്സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്കും ചെല്‍സി താരം ക്വാലം ഹഡ്സണ്‍ ഒഡോയ്ക്കും കൊവിഡ് 19 എന്ന് സ്ഥിരീകരിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആഴ്സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസുലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു.ചെല്‍സി താരം ക്വാലം ഹഡ്സണ്‍ ഒഡോയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണ്. സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തീരുമാനം.

കൊറോണ ഇന്ത്യന്‍ കായിക മേഖലയെ ബാധിച്ചത് ഇങ്ങനെ

കൊറോയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ബാക്കിയുള്ള രണ്ട് ഏകദിന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലായലിരിക്കും നടക്കുക. കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ പടരുന്നതിന്റെ പാശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്മെന്റ് കായിക മത്സരങ്ങള്‍ നടത്തുമ്പോള്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ലക്നൗവിലും മുംബൈയിലും നടക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. മാര്‍ച്ച് 15നും 18നുമാണ് മത്സരങ്ങള്‍.

ഐപിഎല്ലിന്റെ കാര്യത്തിലും ഒരു തീരുമാനമായിരിക്കുകയാണ്. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം നിര്‍ദേശിച്ചത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയുമടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. കളിക്കാരും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പരമ്പര തല്‍ക്കാലം മാറ്റിവെക്കാനുള്ള തീരുമാനമെടുത്തതെന്ന് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ഐ എസ് എല്‍ ഫൈനലും കാണികള്‍ ഇല്ലാതെ നടത്തേണ്ടി വരും. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷ്യന്‍ ഇതില്‍ ഉടന്‍ അന്തിമ തീരുമാനം എടുക്കം. അടച്ചിട്ട സ്റ്റേഡിയത്തില്‍ മാത്രമെ കളി നടത്താവു എന്ന നിര്‍ദ്ദേശം ഇന്ത്യന്‍ കായിക മന്ത്രി രാജ്യത്താകെ നല്‍കിയിട്ടുണ്ട്. പ്രധാനമല്ലാത്ത മത്സരങ്ങളും കായിക പരുപാടികളും ഉപേക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. മാര്‍ച്ച് 14നാണ് ഐ എസ് എല്‍ ഫൈനല്‍ നടക്കേണ്ടത്.

ബംഗാളും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ അവസാന ദിവസം കാണികള്‍ക്ക് പ്രവേശനം ഇല്ല. ഇന്ത്യയില്‍ പലയിടത്തും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഏപ്രില്‍ 6 മുതല്‍ 8വരെ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെഡറേഷന്‍ കപ്പ് ദേശീയ ജൂനിയര്‍ ആത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്രിവച്ചതായി അത്ലറ്രിക്‌സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ അറിയിച്ചു. മേയ് 14 മുതല്‍ 17വരെ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടത്താന്‍ നിശിചയിച്ചിരുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നേരത്തേ മാറ്റിവച്ചിരുന്നു.


Next Story

Related Stories