TopTop
Begin typing your search above and press return to search.

'ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ, എന്നിട്ടാകാം ഐപിഎല്‍'; രോഹിത് ശര്‍മ

ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ, എന്നിട്ടാകാം ഐപിഎല്‍; രോഹിത് ശര്‍മ

കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ രാജ്യം മറികടക്കുന്നതുവരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രാജ്യവും ജനങ്ങളുടെ ജീവിതവുമാണ് പ്രധാനം. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയതിന് ശേഷം മാത്രം ഐപിഎല്ലിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും രോഹിത് പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 15 വരെ മാറ്റിവച്ചിരുന്നു. എന്നാല്‍ 21 ദിവസം രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടി20 ലീഗിന്റെ പതിമൂന്നാം പതിപ്പ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സീസണില്‍ ഐപിഎല്‍ മുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് താന്‍ ഐപിഎലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന ഹിറ്റ്മാന്റെ പ്രതികരണം.

ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. സഹതാരം യുസ്വേന്ദ്ര ചഹാലുമായുള്ള ഇന്‍സ്റ്റാഗ്രാം ചാറ്റിനിടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍. 16 മരണങ്ങള്‍ കൂടാതെ 700 ഓളം കൊറോണ വൈറസ് കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതിനിടെ മരണസംഖ്യ 22,000 കവിഞ്ഞു. ലോക്ക്ഡൗണിന് നന്ദി, എല്ലാ ഇന്ത്യന്‍ മഹാനഗരങ്ങളും വിജനമായ രൂപമാണ് ധരിക്കുന്നത്. ''ഞാന്‍ മുമ്പ് ബോംബെ ഇതുപോലെ കണ്ടിട്ടില്ല. ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കുടുംബത്തോടൊപ്പം സമയം ലഭിക്കുന്നില്ല. വിദേശത്തും നാട്ടിലുമായി ഒത്തിരി മത്സര തിരക്കിലാകും. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ട സമയമാണിത്, ''രോഹിത് പറഞ്ഞു.

ഐപിഎല്ലില്‍ റിക്കി പോണ്ടിംഗിന് കീഴില്‍ കളിച്ചതിനെ മായാജാലം എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് പോണ്ടിംഗാണ് ടീമിനെ നയിച്ചിരുന്നത്. ഇക്കാര്യം ഓര്‍ത്തെടുക്കുകയായിരുന്നു രോഹിത്. 2011 ഏകദിന ലോകകപ്പിന്റെ ടീമില്‍ ഉള്‍പ്പെടാതെ പോയതാണ് ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിഷമകരമായ സംഭവമെന്നന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അന്ന് ഫൈനല്‍ എന്റെ വീട്ടുമുറ്റത്ത് നടക്കുന്നത് പോലെയായിരുന്നുവെന്നും താരം പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഹോം സീരീസും റദ്ദാക്കിയിരുന്നു.


Next Story

Related Stories