കൊവിഡ് 19 വ്യാപനം തടയാനാവാത്ത സാഹചര്യത്തില്‍ ജൂണ്‍ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളും ഉപേക്ഷിക്കാന്‍ യുവേഫ തീരുമാനം. ഇന്നലെ നടന്ന ചര്‍ച്ചയിലാണ് യുവേഫ അന്താരാഷ്ട്ര മത്സരങ്ങള്‍ വേണ്ട എന്ന് വെച്ചത്. നേരത്തെ യൂറോ കപ്പ് തന്നെ മാറ്റിവെക്കാന്‍ യുവേഫ തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കാന്‍ യുവേഫ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന യുവേഫ ഫുട്സാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലും മാറ്റി. പുരുഷ, വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളും യൂറോപ്പ ലീഗ് ഫൈനലും മെയ് മാസത്തില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ലോകത്ത് ഇതുവരെ ഒന്‍പത് ലക്ഷത്തോളം പേര്‍ക്കാണ് മഹാമാരിയായ കൊവിഡ് 19 പിടിപെട്ടത്. 44,000ത്തിലേറെ പേര്‍ക്ക് ജീവന് നഷ്ടമായി. കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഭൂഖണ്ഡമാണ് യൂറോപ്പ്. ഇറ്റലി- 13,155, സ്പെയിന്- 9,387, ഫ്രാന്‍സ്- 4,032, യു.കെ-2,352, നെതര്‍ലന്‍ഡ്- 1,173, ജര്‍മനി- 931, ബെല്‍ജിയം- 828, എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്.