Top

ജന്‍മദിനത്തില്‍ സഹീറിനെ കളിയാക്കി ഹാര്‍ദിക് പാണ്ഡ്യ; ചുട്ടമറുപടി നല്‍കി ആരാധകര്‍

ജന്‍മദിനത്തില്‍ സഹീറിനെ കളിയാക്കി ഹാര്‍ദിക് പാണ്ഡ്യ; ചുട്ടമറുപടി നല്‍കി ആരാധകര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറം വേദനയെത്തുടര്‍ന്ന് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായ സംഭവം ഏറെ ശ്രദ്ധനേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ശസ്ത്രക്രിയക്ക് വിധേയനായ വിവരം പുറത്തുവിട്ടത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഹാര്‍ദിക് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന പാണ്ഡ്യ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന് ജന്മദിനാശംസ നേര്‍ന്നതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

പാണ്ഡ്യയുടെ ട്വീറ്റ് സഹീറിന്റെ വീരഗാഥകളെ ചിത്രീകരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒരു ആഭ്യന്തര മത്സരത്തില്‍ സഹീറിന്റെ പന്ത് ബൗണ്ടറി കടത്തുന്ന പാണ്ഡ്യയുടെ വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. ഹര്‍ദിക് ആശംസ നേരാനായി ഉപയോഗിച്ച വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. 'ഞാന്‍ അടിച്ചു പറത്തിയത് പോലെ നിങ്ങളും അടിക്കുമെന്ന് കരുതുന്നു'എന്നാണ് വീഡിയോയ്ക്കൊപ്പം ഹര്‍ദിക് കുറിച്ചത്.

സഹീറിനെ വിലകുറച്ച് കാണിച്ചതിനാണ് ഹര്‍ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ എത്തുന്നത്. നിങ്ങള്‍ ബാറ്റുമായി സഹീറിന്റെ മുന്‍പില്‍ വന്ന് നിന്ന് നോക്കൂ, ഇന്‍സ്വിങ് യോര്‍ക്കറിലൂടെ നിന്റെ കാല്‍വിരലുകള്‍ ഒടിച്ചെടുക്കും എന്നാണ് ആരാധകരുടെ കമന്റ്. ബ്രറ്റ് ലീയുടെ അതിവേഗ ഡെലിവറിയില്‍ ഒന്ന് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തുന്ന സഹീറിന്റെ വീഡിയോയും ആരാധകര്‍ പങ്കുവെച്ചു.






Next Story

Related Stories